തിരുവനന്തപുരം: മുഹമ്മദ് നബിയെ അപമാനിക്കുന്ന വിധത്തിലുള്ള ഫേസ്‌ബുക്ക് കുറിപ്പ് നഗരം പേജിൽ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ സൈബർ ലോകത്ത് കടുത്ത പ്രതിഷേധം. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമിയുടെ കോഴിക്കോട് നഗരം പേജിലെ ആപ്പ്‌സ് ടോക്കിൽ പ്രസിദ്ധീകരിച്ച പ്രതികരണത്തിന്റെ പേരിലാണ് പത്രത്തിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ശക്തമായത്. പ്രവാചകനെ അപമാനിച്ച മാതൃഭൂമി പത്രം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ കുറിപ്പുകളിൽ പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.

മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാതൃഭൂമി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കമാൽ പാഷയുടെ പരാമർശവുമായി ബന്ധപ്പെട്ട ആരോ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം.

'ദൈവ വിളികിട്ടിയ നേതാവ് പത്തിൽ കൂടുതൽ കെട്ടി' എന്ന തുടങ്ങുന്ന ലേഖനമുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സോഷ്യൽ മീഡിയകളിൽ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പത്രത്തിന്റെ കോഴിക്കോട് എഡീഷൻ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉൾപ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.

സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് നഗരം പേജിൽ ഒതുങ്ങിയ കാര്യം സോഷ്യൽ മീഡിയയിൽ ലോകം മുഴുവൻ അറിയുന്ന വിധത്തിലേക്ക് മാറ്റി. മാതൃഭൂമി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ടുകാർ പ്രകടനവുമായി എത്തി. തുടർന്ന് പത്രം കത്തിച്ചും ഇവർ പ്രതിഷേധിച്ച് മടങ്ങി.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. മാതൃഭൂമി പത്ര ഓഫീസിലേക്ക് വിളിച്ച് സംസാരിച്ച് അതിന്റെ ഓഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ചിലർ പ്രതിഷേധിച്ചത്. തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും അബന്ധം തിരുത്തുമെന്നും മാതൃഭൂമി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ചാനൽ വഴിയും സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി പത്രം അധികൃതർ അറിയിച്ചു. മാതൃഭൂമിയുടെ ഖേദപ്രകടനം ഇങ്ങനെയാണ്:

'മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയിൽ സോഷ്യൽ മീഡിയയിൽ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമി നിർവ്യാജം ഖേദിക്കുന്നു'. എന്നാൽ, ക്ഷമ പറഞ്ഞിട്ടും പ്രതിഷേധം ശമിച്ച മട്ടില്ല. ഇന്ന് മുതൽ പത്രം ബഹിഷ്‌ക്കരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടും ഉടൻ ബഹിഷ്‌ക്കരിക്കണെന്നും പറഞ്ഞു പ്രചരണം ശക്തമാണ്. പത്രത്തിനെതിരെ കൊലവിളി മുഴക്കി മറ്റൊരു കൂട്ടർ.

അതിനിടെ ഇങ്ങനെ പ്രതിഷേധം കനത്തതോടെ പത്രത്തിന്റെ ഇപേപ്പറിൽനിന്നും വിവാദ പരാമർശങ്ങൾ അടങ്ങുന്ന പേജ് നീക്കം ചെയ്തിട്ടുണ്ട്. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാർ കാളി ദേവിയെ അവഹേളിച്ചു എന്ന ആരോപണം ഉയർത്തി സംഘപരിവാറുകാർ നേരത്തെ രംഗത്തുവന്നിരുന്നു. ഈ വിഷയവുമായി താരതമ്യപ്പെടുത്തിയാണ് ചില ഹിന്ദുത്വവാദികൾ രംഗത്തുവന്നത്. അസഹിഷ്ണത പെരുകുന്ന കാലത്ത് എവിടെ പോയി ഇസ്ലാമിസ്റ്റുകളുടെ സഹിഷ്ണുത എന്ന് പറഞ്ഞും പ്രതിരോധം തീർത്തു കൊണ്ട് ഹിന്ദുത്വവാദികൾ രംഗത്തുവന്നു.

അതേസമയം വിഷയത്തിൽ മതവികാരം വ്രണപ്പെട്ടവരെ കളിയാക്കാനാണ് സോഷ്യൽ മീഡിയയിൽ എത്തിയിസ്റ്റുകളും ട്രോളന്മാരും ശ്രമിച്ചത്. വീരേന്ദ്രകുമാറിന് ഇപ്പോഴും കൈയുണ്ടോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിലരുടെ ട്രോളുകൾ. കാരണം പ്രതിഷേധിച്ച് ആദ്യം മുന്നിലെത്തിയത് പോപ്പുലർ ഫ്രണ്ടുകാർ ആയതു കൊണ്ട് തന്നെയായിരുന്നു. സംഘപരിവാറുകാരും ഇസ്ലാമിസ്റ്റുകളും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസമൊന്നുമില്ലെന്ന നിലപാടാണ് ട്രോളന്മാർ സ്വീകരിച്ചതും.

അതിനിടെ മതനിഷേധികളും കടുത്ത ഫാഷിസ്റ്റുകളും പോലും ചെയ്യാൻ മടിക്കുന്ന അറുവഷളൻ പ്രവർത്തിയാണ് പത്രം നടത്തിയിരിക്കുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് വ്യക്തമാക്കി. സ്ത്രീത്വ വാദിയായി നല്ല പിള്ളചമയാൻ കമാൽ പാഷ നടത്തിയ അബദ്ധ ജഡിലമായ പ്രസംഗത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആരൊ എഴുതിവിട്ട കുറിപ്പ് സനാതന പത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ വിലാസം പോലുമില്ലാതെ പ്രസിദ്ധീകരിച്ചത് ആരുടെ താൽപര്യസംരക്ഷണത്തിന് വേണ്ടിയാണ് എന്നറിയാൻ സമൂഹത്തിന് താൽപര്യമുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയകളിൽ വന്ന ഒരു വരിപോലും പ്രസിദ്ധീകരിക്കാൻ തയാറാവാതിരുന്നത് മാതൃഭൂമിയുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നതാണെന്നും കേരളാ മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

മാതൃഭൂമിപത്രം മെനഞ്ഞുണ്ടാക്കിയ പ്രവാചക നിന്ദ തീർത്തും അപകടകരമാണ്. മാന്യമായ ഭാഷപോലും മറന്നുള്ള പത്രത്തിന്റെ പരാമർശം മാതൃഭൂമിയുടെ നയത്തിന്റെ ഭാഗമാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം. ഫാസിസത്തിന്റെ ദാസ്യപ്പണി ഏറ്റെടുക്കുന്ന മാതൃഭൂമിയുടെ ഇത്തരം പരാമർശങ്ങൾക്ക് പ്രവാചകന്റെ ഔന്നിത്യത്തെയൊ ഇസ്‌ലാമിന്റെ ശോഭയേയോ കെടുത്താനാകില്ല. അടുത്തകാലത്തായി മാതൃഭൂമി പത്രത്തിൽ വന്നുകൊണ്ടിരിക്കുന്ന ഇത്തരം കുറിപ്പുകൾ ആരുടെ ഇംഗിതത്തിനനുസരിച്ചാണ് എന്ന് വ്യക്തമാവേണ്ടതുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു.