തിരുവനന്തപുരം: മക്കളുണ്ടോ സഖാവേ... ഒരു എംഡിയെടുക്കാൻ..? പി കെ ശ്രീമതി എംഡിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ എംഡിയാക്കിയ വാർത്ത പുറത്തുവന്നതോടെ കടുത്ത സിപിഐ(എം) അനുഭാവിയായ ഒരാൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്. സൈബർ ലോകത്ത് എതിരാളികളെ ട്രോളിക്കൊല്ലാൻ മിടുക്കന്മാരായ സൈബർ സഖാക്കൾക്ക് ലഭിച്ച കരണത്തടിയായി മാറി മന്ത്രിബന്ധുവിന്റെ നിയമനം. ഇതോടെ ഊർജ്ജം കിട്ടിയത് സ്വാശ്രയ സമരത്തിൽ നിരവധി ട്രോളുകൾക്ക് ഇരയാകേണ്ടി വന്ന ബിജെപി-കോൺഗ്രസ് അനുഭാവികളാണ്. കിട്ടിയ അവസരം ഉപയോഗിച്ച് ഇവർ സിപിഎമ്മിനെതിരെ ആക്രമണം ശക്തമാക്കിയപ്പോൾ സിപിഎമ്മിലെ ട്രോൾ വീരന്മാർ പലരും മാളത്തിലൊളിച്ചു. ചിലർ അമർഷം രേഖപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടു.

രാഷ്ട്രീയമായി സിപിഎമ്മിനെ സൈബർ ലോകത്ത് പ്രതിരോധിക്കാൻ എത്താറുള്ള ആരും തന്നെ ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തുവന്നില്ല. പലരെയും ഈ തീരുമാനം ശരിക്കും ഞെട്ടിക്കുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് അധികമാരും പ്രതികരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ചിലർ ഇ പി ജയരാജനെ കളിയാക്കികൊണ്ടുള്ള ട്രോൾ ഇറക്കുകയും ചെയ്തു. ബന്ധുവിനെ എംഡിയാക്കി നിയമിച്ച ശേഷം പാർട്ടിക്ക് വേണ്ടി പണിയെടുത്ത അഭ്യസ്തവിദ്യരായ സഖാക്കളെ നോക്കുന്ന വ്യവസായ മന്ത്രിയായ ചിറ്റപ്പൻ സഖാവാക്കിയാണ് ഇപിക്കെതിരായ വിമർശനം കൊഴുക്കുന്നത്.

ശ്രീമതിയുടെ മകനെ തൽസ്ഥാനത്ത് നിയമിച്ചത് വിവാദമായതോടെ പഴയ കാര്യം ഓർത്തെടുത്തും സോഷ്യൽ മീഡിയ പണി കൊടുത്തു. പണ്ട് മന്ത്രിയായിരുന്ന ശ്രീമതി മരുമകളെ അഡീഷണൽ പിഎ ആയി നിയമിച്ചതും പിന്നീട് വിവാദമായപ്പോൾ കുക്കായാണ് നിയമിച്ചതെന്ന് പറഞ്ഞതും ഓർർത്തെടുത്തായിരുന്നു സൈബർലോകം വിമർശനം ഉന്നയിച്ചത്. സുധീർ നമ്പ്യാരുടെ നിയമനത്തിന് പിന്നിലെ ജാതിസ്‌നേഹവും കുടുംബ സ്‌നേഹവും വിമർശന വിധേയമായി. നമ്പ്യാരായതു കൊണ്ടാണ് ശ്രീമതിയുടെ മകനെ ഉന്നത പദവിയിൽ നിയമിച്ചതെന്നാണ് ചിലർ വിമർശിച്ചത്.

അതേസമയം മലപ്പുറം സഖാക്കൾ എന്ന സിപിഐ(എം) അനുയായികളുടെ ഫേസ്‌ബുക്ക് പേജിൽ കടുത്ത വിമർശനമാണ് ഇ പി ജയരാജനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ തിട്ടൂരം കാണിക്കാനാണോ സഖാവേ നിങ്ങളെ തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഫേസ്‌ബുക്കിൽ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത് ഇങ്ങനെയാണ്:

ഭാര്യാ സഹോദരീ പുത്രനെ വാഴിക്കാനിറങ്ങിയ വ്യവസായ മന്ത്രി അറിയാൻ. സ്വജനപക്ഷപാതവും, അഴിമതിയും, വ്യഭിചാരവും ഉൾപ്പടെയുള്ള ജനവിരുദ്ധതകൾ കൊണ്ട് പൊറുതി മുട്ടിയ ഒരു ജനതയാണ് UDF നെ തോൽപ്പിക്കുകയും, ആ ഒരു സംവിധാനത്തെത്തന്നെ കേരളത്തിന്റെ മണ്ണിൽ ഇല്ലാതാക്കുകയും ചെയ്തത്. ഇന്ന് ഒരു നിരാഹാര സമരംപോലും, അപമാനകരമല്ലാതെ ചെയ്യുവാൻ കഴിയാത്ത ദുർബ്ബല രാഷ്ട്രീയ സംവിധാനമായി ജനങ്ങൾ അതിനെ മാറ്റിയത് നമ്മുടെ മുന്നിൽ വർത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയായി മുന്നിലുണ്ട്. ജനപക്ഷത്തുനിന്ന് ഭരിക്കുക മാത്രം ചെയ്താൽ പോരാ, അങ്ങിനെയാണ് ഭരിക്കുന്നത് എന്ന് ജനനങ്ങളെ ബോധ്യപ്പെടുത്തുവാൻ കൂടി കമ്യൂണിസ്റ്റ്കാർക്ക് ഉത്തരവാദിത്വമുണ്ട്. തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു..

തീരുമാനം പിൻവലിക്കില്ലെന്ന സൂചിപിച്ച് ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞ വാർത്തയുടെ ഭാഗം ചേർത്താണ് വിമർശനം കൊഴുത്തത്. വി എസ് സർക്കാരിന്റെ കാലത്ത് സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ എം നായരെ ആരോഗ്യമന്ത്രിയുടെ അഡീഷണൽ പി എ തസ്തികയിൽ നിയമിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രിമന്ദിരത്തിൽ അമ്മായിയമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയ മരുമകൾക്ക് ഒരു സ്ഥിരവരുമാനം കൂടി തരപ്പെടുത്തിക്കൊടുത്തു എന്നായിരുന്നു അന്ന് പി കെ ശ്രീമതിയ്‌ക്കെതിരെ ഉയർന്ന ആക്ഷേപം.

അതേസമയം ദേശാഭിമാനി ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് ഇപ്പോൾ ഫേസ് ബുക്കിൽ എന്തു പോസ്റ്റു ചെയ്താലും സുധീർ നമ്പ്യാരുടെ നിയമനക്കാര്യമാണ് കമന്റായി വരുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞയുടെ ചിത്രം നൽകി പോസ്റ്റു ചെയ്ത സ്റ്റാറ്റസിനു കീഴെയും സ്വാശ്രയ സമരം സംബന്ധിച്ച് പ്രതിപക്ഷത്തിനെതിരെ ചൊരിഞ്ഞ പരിഹാസത്തിനു കീഴെയും ഇക്കാര്യം പറഞ്ഞാണ് തിരിച്ചടി. പ്രതിരോധിക്കാൻ സിപിഐ(എം) പക്ഷത്തുനിന്ന് ആരും വരുന്നുമില്ല.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി നിയമനത്തിലുള്ള സുധീർ നമ്പ്യാരുടെ ഇടപെടലുകളെക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. നിയമനങ്ങളിൽ സ്വജനപക്ഷപാതം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ രീതികൊണ്ടുവരാൻ ശ്രമിച്ച സർക്കാരാണ് വ്യവസായ മന്ത്രിയുടെ അടുത്ത ബന്ധുവിനെ എംഡിയാക്കിയത്. സിപിഐ(എം) അണികളിൽ കടുത്ത നിരാശയുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്നാണ സോഷ്യൽ മീഡിയയുടെ പ്രതികരണവും വ്യക്തമാക്കുന്നത്.