തിരുവനന്തപുരം: രാത്രി കാറിൽ തനിയെ സഞ്ചരിച്ച നടിയെ ഒരു സംഘം ആളുകൾ സംഘർഷം ചേർന്ന് തട്ടിക്കൊണ്ടു പോയതും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യ സൂത്രധാരനായ നടൻ ദിലീപ് എന്തെങ്കിലും കാരുണ്യം അർഹിക്കുന്നുണ്ടോ? പൾസർ സുനിയെന്ന കൊടും ക്രിമിനലിനെ വിലയ്‌ക്കെടുത്ത് നടത്തിയ കൃത്യത്തിൽ നടനെ അറസ്റ്റു ചെയ്യാൻ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ദിലീപിനെ അറസ്റ്റു ചെയ്തതും. എന്നാൽ, ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാൻ ശ്രമം ശക്തമായിരിക്കയാണ്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് ഇത്തരത്തിൽ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ മനസിലായത്.

നടി ആക്രമിക്കപ്പെട്ട സമയം മുതൽ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ച ഏജൻസി ഇപ്പോൾ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്താണ് സോഷ്യൽ മീഡിയ പ്രചരണം നടത്തുന്നത്. വൻതോതിൽ പണം കൈപ്പറ്റിയാണ് ഇവരുടെ പ്രചരണം. നൂറ് കണക്കിന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. നേരത്ത മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കാൻ വേണ്ടി വിവരങ്ങൾ ശേഖരിച്ചിരുന്നത് ഈ ഏജൻസിയാണ്.

ഇതിനായി ചില സോഷ്യൽ മീഡിയ ട്രോൾ പേജുകളെയും ഇവർ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങൾ എതിർത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ അവസാന അടവായി താരത്തെ കള്ളക്കേസിൽ കുടുക്കിയെന്ന വിധത്തിൽ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രചരണങ്ങൾക്ക് സാമ്പത്തിക സഹായം ഒരുക്കി രംഗത്തുള്ളത് സഹോദരൻ അനൂപും മറ്റു ചില സിനിമാക്കാരുമാണ്. എന്തുവിധേനയും താരത്തെ സംരക്ഷിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ദിലീപിനെ വിശ്വസിച്ച് റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയ പ്രമുഖരും താരത്തെ കേസിൽ നിന്നും രക്ഷിക്കാൻ വേണ്ടി സമ്മർദ്ദശക്തിയായി രംഗത്തുണ്ട്. ഇത്തരക്കാരു ദിലീപ് അനുകൂല പ്രചരണവുമായി രംഗത്തുണ്ട്.

ദിലീപിനെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അത് അതിരുകടന്നെന്നും പറഞ്ഞു കൊണ്ടാണ് ദിലീപ് അനുകൂലികളുടെ രംഗപ്രവേശം. ദിലീപിന് വേണ്ടി പണം മുടക്കിയ നിർമ്മാതാക്കളും താരത്തിന് അനുകൂലമായി പ്രതികരിച്ച് രംഗത്തുണ്ട്. നടനെ തള്ളിപ്പറയാനാകില്ലെന്ന വാദവുമായി നിർമ്മാതാവും വിതരണക്കാരനും സെൻസർ ബോർഡ് മുൻ അംഗവുമായ റാഫി മാതിര രംഗത്തെത്തിയിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് അടുത്ത വർഷം ചെയ്യാനിരുന്ന ദിലീപ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് റാഫി മാതിര. ഫേസ്‌ബുക്കിലാണ് നിർമ്മാതാവിന്റെ അഭിപ്രായ പ്രകടനം. റാഫി പറയുന്നത് ഇങ്ങനയാണ്:

നടിയെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്നവർ ഉൾപ്പടെ മലയാള സിനിമയിലെ എല്ലാ സംഘടനകളും ദിലീപിന്റെ അറസ്റ്റോടെ അയാളെ തള്ളിപ്പറയുകയും സംഘടനകളിൽ നിന്നും പുറത്താക്കുകയും ചെയ്തിരിക്കുന്നു. ഇനി അയാളുടെ ഭാഗം കേൾക്കാൻ കോടതി മാത്രമേ ഉണ്ടാവുകയുള്ളൂ. അയാൾ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്കാർക്കും ഇപ്പോൾ പറയാൻ കഴിയില്ല. അയാൾ തെറ്റ് ചെയ്തു എന്നു തെളിയിക്കപ്പെടും വരെ 'ആരോപണ വിധേയൻ' മാത്രമായ അയാളെ തള്ളിപ്പറയാൻ വ്യക്തിപരമായി എനിക്കാകില്ല.

സിനിമക്കുള്ളിൽ ദിലീപിനു എത്രത്തോളം ശത്രുക്കൾ ഉണ്ടായിരുന്നു എന്ന് അയാളുടെ അറസ്റ്റിനു ശേഷം തെളിഞ്ഞിരിക്കുന്നു. അയാൾക്കെതിരെ സംസാരിക്കാൻ ചാനലുകളിൽ ശത്രുക്കളുടെ തിക്കും തിരക്കും കൂടി വരുന്നു. കുറ്റം തെളിയും വരെയും അയാൾ 'ആരോപണ വിധേയൻ' മാത്രമാണ് എന്ന് നമ്മുടെ നിയമം അനുശാസിക്കുമ്പോഴും നല്ല സമയത്ത് ഒപ്പം നിന്നവർ ആരും അയാൾക്കനുകൂലമായി ഒന്നും പറഞ്ഞു കേൾക്കുന്നുമില്ല. സിനിമയുടെ സമസ്ത മേഖലകളിലും ശ്രദ്ധ പതിപ്പിച്ചപ്പോൾ തന്റെ ശത്രുക്കളുടെ എണ്ണം കൂടും എന്ന് മനസ്സിലാക്കാൻ അയാൾക്ക് കഴിയാതെ പോയി എന്ന് ഇപ്പോൾ വ്യക്തമാണ്. അതുകൊണ്ട് തന്നെ 'തന്നെ കുടുക്കാൻ ആരൊക്കെയോ ഗൂഢാലോചന നടത്തി ഈ കേസിൽ കുടുക്കിയതാണ്' എന്ന് ദിലീപ് പറയുന്നതു ഒരു പക്ഷെ സത്യവുമായിരിക്കാം. അത് തെളിയിക്കേണ്ടത് ദിലീപ് മാത്രമാണ്.
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചു കൊണ്ടും യഥാർത്ഥ ഗൂഡാലോചകർ ശിക്ഷിക്കപ്പെടണം എന്നു ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ടും റാഫി മതിര.

അതേസമയം ദിലീപ് ഫാൻസ് അസോസിയേഷൻകാരും താരത്തിന് അനുകൂലമായി ഇപ്പോൾ രംഗത്തുണ്ട്. നേരത്തെ ദിലീപ് വിരുദ്ധ വികാരം ശക്തമായി നിന്നപ്പോൾ പിന്തിരിച്ച ഫാൻസ് അസോസിയേഷൻകാരും അരയും തലയും മുറുക്കി രംഗത്തുണ്ട്. ദിലീപിനെ ശക്തമായി പിന്തുണക്കുന്നു എന്ന് കാണിച്ച് ഫാൻസുകാർ വാർത്താക്കുറിപ്പും പുറത്തിറക്കി. പെറ്റിക്കേസിലാണ് താരം അറസ്റ്റിലായതെന്ന മട്ടിലാണ് ഫാൻസുകാരുടെ പ്രചരണം. ദിലീപിന്റെ സിനിമാരംഗത്തെ സംഭാവനകൾ കൂട്ടിച്ചേർത്താണ് ഇവരുടെ വാർത്താക്കുറിപ്പ്. ഇങ്ങനെ ശക്തമായ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടന്നത്.

കോടതി ശിക്ഷിക്കാതെ ദിലീപിനെ കുറ്റവാളിയെന്ന് വിളിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ലെന്നാണ് ഫാൻസുകാരുടെ അവകാശവാദം. ഒരാൾ വീണുപോകുമ്പോൾ ആഞ്ഞു ചവിട്ടുന്നവരല്ല ചേർത്ത് പിടിക്കുന്നവരാണ് കൂട്ടുകാർ. ആര് തന്നെ തള്ളിപ്പറഞ്ഞാലും ദിലീപേട്ടനൊപ്പം എന്നും ഞങ്ങളുണ്ടാകും എന്നുമാണ് ദിലീപ് ഫാൻസ് ആൻഡ് വെൽഫയർ സംസ്ഥാന കമ്മിറ്റിയുടെ വാർത്താക്കുറിപ്പ്.

ഇത്തരത്തിൽ പലവിധത്തിൽ സോഷ്യൽ മീഡിയയിൽ ബലാത്സംഗ കേസിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ താരത്തിന് അനുകൂലമായി മാറ്റുന്നത്. താരത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റികളുടെ പേരിലും പ്രചരണം നടത്തി അനുകൂല തരംഗത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ചിലർ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയിയൽ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള ട്രോളുകളും ഈ വാർത്തക്കൊപ്പം കൊടുക്കുന്നുണ്ട്.