- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആദരണീയർ അപമാനിതരാവുമ്പോൾ..! പ്രിയപ്പെട്ട, ദയാഭായി, താങ്കൾ അപമാനിക്കപ്പെട്ടതിൽ കേരളം ഒന്നടങ്കം മാപ്പു ചോദിക്കുന്നു
ലോകപ്രശസ്ത മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകയായ 'ദയാഭായി' യെ പിറന്ന നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ നിന്നും നിഷ്‌കരുണം ഇറക്കിവിട്ടുവെന്ന വാർത്ത വളരെ വേദനയോടെയാണ് ശ്രവിച്ചത്. ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്തതായ ഒരു വാർത്തയായിരുന്നു അത്. 'ഭൂമിയോളം താഴ്ന്ന' എന്നാൽ 'ആകാശത്തോളം ഉയർന്നു നിൽക്കുന്ന' ആ മഹതിയെ തിരിച്ചറിയാൻ കഴിയാതിര
ലോകപ്രശസ്ത മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകയായ 'ദയാഭായി' യെ പിറന്ന നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ നിന്നും നിഷ്‌കരുണം ഇറക്കിവിട്ടുവെന്ന വാർത്ത വളരെ വേദനയോടെയാണ് ശ്രവിച്ചത്. ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്തതായ ഒരു വാർത്തയായിരുന്നു അത്. 'ഭൂമിയോളം താഴ്ന്ന' എന്നാൽ 'ആകാശത്തോളം ഉയർന്നു നിൽക്കുന്ന' ആ മഹതിയെ തിരിച്ചറിയാൻ കഴിയാതിരുന്ന നമ്മുടെ കെഎസ്ആർടിസി ബസ്സിലെ ജീവനക്കാർ എത്ര തരാംതാണ രീതിയിലാണ് ആ പാവം സ്ത്രീയോട് പെരുമാറിയത്. അഹങ്കാരത്തിന്റെ മൂർത്തീഭാവങ്ങളായ ഇത്തരം ജീവനക്കാർക്ക് കടുത്ത ശിക്ഷ നൽകേണ്ടത് അത്യാവശ്യമാണെന്ന് ആമുഖമായി പറയട്ടെ. കഴിഞ്ഞ 50 വർഷത്തിലേറെയായി മദ്ധ്യപ്രദേശിലെ ചിന്ത്വാഡ ജില്ലയിലെ ബറൂൾ എന്ന ആദിവാസി ഗ്രാമത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഗൗണ്ട ഗോത്രക്കാരായ ഗിരിവർഗ്ഗക്കാർക്കിടയിൽ അവരിൽ ഒരാളായി അവർക്കായി മാത്രം ജീവിക്കുന്ന അവരുടെ പ്രിയപ്പെട്ട ദയാഭായി.
തൃശ്ശൂരിൽ നിന്ന് ആലുവയിലേയ്ക്ക് വരികയായിരുന്നു ദയാഭായ്. ആലുവ ഗാരേജ് വരെ യാത്ര ചെയ്യാന് തീരുമാനിച്ചിരുന്ന ദയാഭായ് ഇടയ്ക്ക് ഡ്രൈവറോടും കണ്ടക്ടറോടും വഴി ചോദിച്ചു. 'പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും പറഞ്ഞാണ് കണ്ടക്ടർ ഭീഷണിപ്പെടുത്തിയത്. തന്റെ വസ്ത്രവിധാനം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോഴും കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ആലുവ ബൈപ്പാസിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്. ഇറങ്ങിയ ശേഷവും ബസ്സിന്റെ കതക് ശക്തിയായി അടച്ച്, ആക്ഷേപിക്കുകയും ചെയ്തു. പിറന്ന നാടായ കേരളത്തിലെ ബസ് ജീവനക്കാർ എന്റെ വേഷത്തിലേക്കു പുച്ഛത്തോടെ നോക്കി പിറുപിറുത്തു.
സ്വന്തം സുഖങ്ങൾക്കെല്ലാം അവധി നൽകി മദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തിൽ മേൽ്ജാതിക്കാരുടെ ചൂഷണങ്ങൾ്ക്കു വിധേയരായി അടിച്ചമർത്തപ്പെട്ട് കഴിയുന്ന ഒരു കൂട്ടം അബലരും ആലംബ ഹീനരുമായ ഗിരിവർഗ്ഗക്കാരുടെ വിമോചനത്തിനു വേണ്ടി ഭീഷണികളെ വകവെക്കാതെ സധൈര്യം ഒറ്റയാൾ പോരാട്ടം നടത്തുന്ന, ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും സമൂഹം ഭയത്താൽ തൊടാൻ അറച്ച 'വസൂരി' രോഗബാധിതർക്കു അത്താണിയും, ആശ്വാസവുമായി മാറി അമാനുഷമായ സ്ത്രീശക്തി പ്രകടിപ്പിച്ച, ഇന്ത്യൻ സ്ത്രീ സമൂഹത്തിന്റെ ഒറ്റയാൾ് സമര പ്രതീകം, ദുഃഖം കടിച്ചമർത്തി ഇത്രയും പറഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു പോയി! വിദ്യാസമ്പന്നരെന്നു സ്വയം വിളംബരം ചെയ്യുന്ന കേരളത്തിലെ വിദ്യാസമ്പന്നരുടെ സംസ്‌കാര ശൂന്യതയെ കുറിച്ചോർത്ത് എന്നെപ്പോലുള്ള ഏതൊരു ശരാശരി മലയാളിയും അപമാനഭാരത്താൽ തലകുനിച്ചുപോവും. ദയഭായിയുടെ ഗതി ഇതാണെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ട പ്രായംചെന്ന സാധാരണ അമ്മമാരുടെ ഗതി പറയേണ്ടതില്ലല്ലോ?
ആരാണീ ദയാഭായ്?
ദയ എന്നാൽ മേഴ്‌സി, ഭായ് എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര് ... നഴ്‌സിംഗിൽ ബിരുദം നേടിയ ശേഷം മുംബയിലെ നിർമല നികേതനിൽ നിന്നും സാമൂഹ്യ സേവനത്തിൽ (MSW) ബിരുദാനന്തര ബിരുദം കരസ്ഥമാക്കി, സാമൂഹ്യ സേവന പഠനത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ആദിവാസി ഊരുകളിലെത്തി.. അവിടെ 'ദയാഭായ്' എന്ന മനുഷ്യസ്‌നേഹി പിറവിയെടുത്തു.... 1941 ൽ കോട്ടയം ജില്ലയിലെ പാലാ പൂവരണിയിലെ ഒരു പുരാതന സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന് തന്റെ പതിനാറാം വയസ്സിൽ കന്യാസ്ത്രീയാകാൻ വടക്കേ ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ട മേഴ്‌സി മാത്യൂ 'ദയാഭായ്' യായി മാറിയത് ഒരു നിയോഗമായിരുന്നു. ഭായിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കന്യാസ്ത്രീ മഠത്തിലെ മടുപ്പിക്കുന്ന ആർഭാട ജീവിതം ഉപേക്ഷിച്ച്, പാവങ്ങൾക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് കർത്താവായ യേശുക്രിസ്തുവുള്ളത് എന്ന് തിരിച്ചറിയുകയും ജീവിത സുരക്ഷിതത്വങ്ങളെല്ലാം ഉപേക്ഷിച്ച് അവരുടെ വിമോചനത്തിനു വേണ്ടി പ്രവർത്തിക്കാനിറങ്ങുകയായിരുന്നു.
പിന്നീടുള്ള അവരുടെ ജീവിതം ചരിത്ര ബഹുലമായിരുന്നു. മുബൈ, ആന്ധ്ര, ബിഹാർ, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അബലരും, ആലംബഹീനരും അവഗണിക്കപ്പെട്ടവരുമായ ആദിവാസി ഗിരിവർഗ്ഗ ഗോത്ര വിഭാഗങ്ങളുടെയിടയിൽ അവരിലൊരാളായി അവരുടെ പരമ്പരാഗത വസ്ത്രങ്ങളും മാലയുമണിഞ്ഞ് അവരെ പോലെ തന്നെ ഒരു ദിവസ ക്കൂലിക്കാരിയായി ദീർ്ഘവർഷങ്ങൾ. 'അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ് ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികൾക്ക് ഭയമാണ്. അവരുടെ വിശ്വാസം നേടാന് ഞാൻ അവരുടെ വേഷംധരിച്ചു, അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മൺ വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളിൽ പണിയെടുത്തു. അവരുടെ രീതിയിൽ കൃഷി ചെയ്തു, അവരുടെ പരമ്പരാഗത ഭക്ഷണം കഴിച്ചു. ഒരു ഇന്റർവ്യുവിൽ ദയാഭായ് പറഞ്ഞത് ഇത്തരുണത്തിൽ ഓർത്തു പോവുന്നു. തീരുന്നില്ല ഭായിയുടെ പ്രവർത്തനങ്ങൾ നർമ്മദ,ഗുജറാത്ത്, മണിപ്പൂർ തുടങ്ങി ചെങ്ങറ ഭൂസമരം വരെ നീളുന്നു..
വിദേശ ഫണ്ട് സ്വീകരിക്കാത്ത, പ്രൊജക്റ്റ് ഓറിയന്റായിട്ടുള്ള എൻജിഒ കളിലും മതിപ്പില്ലാത്ത, ഒത്തുതീർപ്പുകളില്ലാത്ത സത്യബോധവും, സേവനവും കൈമുതലായുള്ള ഒരു പച്ച മനുഷ്യസ്ത്രീ.. മേധാപഠ്ക്കറെയും, ബാബാ ആംതെയും , നന്ദിതാദാസിനെയും പോലെയുള്ള ആദരണീയ വ്യക്തികളുടെ ഉറ്റചങ്ങാതി, ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന മഹത്തായ വ്യക്തിത്വം, ആ മഹതിയെയാണ് അവരുടെ ജന്മനാടിനു തിരിച്ചറിയാൻ കഴിയാതെയിരുന്നത് എന്നത് നടുക്കം ഉളവാക്കുന്നു. ഇത്രയും വലിയ മനുഷ്യ സ്‌നേഹിയെയാണ് അവരുടെ സ്വന്തം നാട്ടുകാർ അപമാനിച്ചത്, ആക്ഷേപിച്ചത്. ഇത്തരം അധമന്മാർക്ക് കാലം മാപ്പുനൽകില്ല. എന്നിട്ടും ആ വലിയമനസ്സ് ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെടാതെ പൊതുജനത്തോടു മര്യാദയോടെ പെരുമാറാൻ അവരെ പഠിപ്പിക്കാനാണ് അധികാരികളോട് ആവശ്യപ്പെട്ടത്. ആ നല്ല മനസ്സിനു മുന്നിൽ ക്ഷമാപണത്തോടെ ഒരായിരം കൂപ്പുകൈ!