കൊച്ചി: ഇടപാടുകാർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് 'സോഫ്റ്റ് പിൻ' സൗകര്യം ഏർപ്പെടുത്തി. കാർഡ് എടുക്കുമ്പോൾ പിൻ നമ്പർ തപാൽ മാർഗവും മറ്റും അച്ചടിച്ച് എത്തിക്കുന്ന സമ്പ്രദായം ഇതോടെ ഇല്ലാതാകുകയാണ്. പുതിയ രീതി അനുസരിച്ച് ബാങ്കിന്റെ 1500ൽ പരം എടിഎമ്മുകൾ വഴി ഇടപാടുകാർക്ക് രഹസ്യ പിൻ നമ്പർ സജ്ജീകരിക്കാം. 

വളരെ എളുപ്പത്തിലും സൗകര്യപ്രദമായും സോഫ്റ്റ് പിൻ സജ്ജീകരിക്കാവുന്നതാണ്. ഡെബിറ്റ് കാർഡ് കൈപ്പറ്റുമ്പോൾ തന്നെ പുതിയ പിൻ നമ്പർ ലഭിക്കുന്നതിനായി ഇടപാടുകാർ ഒരു എസ്എംഎസ് അയക്കണം. അതിനു മറുപടിയായി അവർക്ക് ബാങ്ക് ഒരു വൺടൈം പാസ്‌വേഡ് (ഒടിപി) അയച്ചുകൊടുക്കും. ഇതിന് മൂന്നു മണിക്കൂർ കാലാവധി ഉണ്ടാകും. ഈ സമയത്തിനുള്ളിൽ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും എടിഎം സന്ദർശിച്ച് ഒടിപി ഉപയോഗിച്ച് രഹസ്യ പിൻ നമ്പർ സജ്ജീകരിക്കാം. തപാൽ വഴിയോ കൊറിയർ വഴിയോ പിൻ നമ്പർ എത്താൻ കാത്തിരിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, കൈമാറ്റത്തിനിടയിൽ നമ്പർ കൈമോശം വരുമെന്നും ഭയക്കേണ്ടതില്ല. കടലാസുരഹിത ബാങ്കിംഗിലൂടെ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പ്രോൽസാഹിപ്പിക്കാനുള്ള ബാങ്കിന്റെ ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഇത്. 

ഇതോടൊപ്പം ബാങ്കിന്റെ ഏത് എടിഎമ്മുകൾ വഴിയും ഡെബിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യവും സാധ്യമാക്കിത്തീർത്തിട്ടുണ്ട്. ഇതുകൂടാതെ എ.ടി.എം വഴി പിൻ സൃഷ്ടിക്കാനും റീസെറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിങ് (ഫെഡ്‌നെറ്റ്) മൊബൈൽ ബാങ്കിങ് (ഫെഡ്‌മൊബൈൽ) എന്നിവയിലൂടെയും ഡെബിറ്റ് കാർഡ് പിൻ റീസെറ്റ് ചെയ്യുന്നതിനും കാർഡുകൾ ആക്ടിവേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.  

രാജ്യത്ത് ഡിജിറ്റൽ ശാക്തീകൃത സമൂഹവും അറിവിന്റെ സമ്പദ് വ്യവസ്ഥയും ലക്ഷ്യമിട്ടുള്ള 'ഡിജിറ്റൽ ഇന്ത്യ' പദ്ധതി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിന് അനുസരിച്ചുള്ളതാണ് ബാങ്കിന്റെ പുതിയ പദ്ധതികളെന്ന് റീട്ടെയ്ൽ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു. ഡിജിറ്റൽ ഇടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കുതിച്ചുചാട്ടത്തിൽ ബാങ്കിന്റെ ഇടപാടപുകാർക്ക് സൗകര്യപ്രദവും ഉപകാരപ്രദവുമായ ഒട്ടേറെ ഡിജിറ്റൽ ഉൽപന്നങ്ങൾ ബാങ്ക് അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സോഫ്റ്റ് പിൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.