പൂണെ: യുവ സോഫ്റ്റ് വെയർ എഞ്ചിനിയറെ പൂണെയിലെ ഹോട്ടലിനു മുകളിൽ നിന്നു ചാടി മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുർഗാപ്രസാദിനെ(25)യാണ് ബുധനാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.

ദുർഗാ പ്രസാദ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള കുറിപ്പിൽ 'ഐ.ടിയിൽ യാതൊരു ജോലി സുരക്ഷയുമില്ല. എന്റെ കുടുംബത്തെ ഓർത്ത് ഞാൻ ദുഃഖിതനാണ്' എന്ന് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദുർഗ ഇതുവരെ ജോലിചെയ്തിരുന്നത് ഡൽഹിയിലായിരുന്നു. പൂണെയിലേക്ക് അടുത്തിടെയാണ് ജോലിക്കായി എത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിയതിനൊപ്പം തന്റെ ഇടങ്കയ്യിൽ കത്തികൊണ്ട് 25 മുറിവുകളും ദുർഗാ പ്രസാദ് തീർത്തിട്ടുണ്ട്. അതിൽ മരണം സംഭവിക്കാതായതോടെയാണ് നാലു നിലകളുള്ള ഹോട്ടലിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്.

ബുധനാഴ്ച പുലർച്ചെ നാലോടെയാണ് ഹോട്ടൽ മാനേജർ ഇക്കാര്യം വിളിച്ച് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ദുർഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.