- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും': പിണറായിയുടെ പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ് സോഷ്യൽ മീഡിയയിലെ കവിത എഴുത്ത് നിർത്തിയത് വിജയദശമി നാളിൽ; ആയിരത്തൊന്ന് അണുകവിതകൾ പുസ്തകമാകുന്നു; കരിനിയമത്തിന് എതിരെയുള്ള മറുനാടന്റെ പ്രതിഷേധം മാതൃകാപരമെന്നും സോഹൻ റോയ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ട് വന്ന പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലെ കവിതയെഴുത്ത് അവസാനിപ്പിച്ച സംവിധായകനും കവിയുമായ സോഹൻ റോയ് തന്റെ അണുകവിതകൾ പുസ്തകമാക്കുന്നു. ഈ കവിതാ സമാഹാരത്തിന്റെ ഡിജിറ്റൽ പതിപ്പ് ആണ് ഉടൻ പുറത്തിറങ്ങുക. താനിതുവരെ എഴുതിയതിൽവച്ച് ഏറ്റവും കൂടുതൽ അനുവാചക ശ്രദ്ധ ആകർഷിച്ച ആയിരത്തി ഒന്ന് കവിതകൾ തിരഞ്ഞെടുത്താണ് പുസ്തകം ആക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറങ്ങും.
പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം തുടങ്ങി പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഉള്ളടക്കം. മൂന്നു വർഷങ്ങൾ ആയി സോഷ്യൽ മീഡിയയിൽ തുടർന്നിരുന്ന കവിതയെഴുത്താണ് പൊലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് വിജയദശമി നാളിൽ അദ്ദേഹം അവസാനിപ്പിച്ചത്. സൈബർ ഇടങ്ങളിൽ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നതിന്നിടെയാണ് സോഹൻ റോയ് ഈ തീരുമാനം കൈക്കൊണ്ടത്. ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും എന്ന നാലുവരി കവിത മറുനാടന് അയച്ച് തന്നു സോഹൻ റോയ് പറഞ്ഞു 'പിണറായി സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം 'അഞ്ച് വർഷം എടുത്ത് അകത്തിടാൻ കഴിയുന്ന കവിതയാണിത്. അതുകൊണ്ട് തന്നെ കവിതയെഴുത്ത് നിർത്തുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കേരളം ഇളക്കിമറിക്കുന്ന ഇടത് സാഹിത്യ നായകന്മാർ നിശബ്ദരായി ഇരിക്കെ ഇവരുടെ കണ്ണടച്ച് ഇരുട്ടാക്കലിനെതിരെ 'നിയമക്കുരുതി; എന്ന് പേരിട്ട തന്റെ കവിതകൊണ്ട് പ്രതിഷേധിച്ചാണ് സോഹൻ റോയ് കവിതയെഴുത്ത് അവസാനിപ്പിച്ചത്. ആ കവിത ഇങ്ങനെ:
''കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും''
ഇങ്ങനെയുള്ള ആയിരത്തൊന്നു കവിതകൾ പുസ്തകമാക്കുകയാണ് സോഹൻ റോയ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ ചലനമുണ്ടാക്കിയ കവിതകൾ ആയിരുന്നു സോഹൻ റോയിയുടേത്. അതാത് ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി തുടർച്ചയായി കവിതകൾ എഴുതുന്നതായിരുന്നു ശീലം. ലളിതാംബിക അന്തർജ്ജനം അവാർഡ് ഈ സപര്യയ്ക്ക് സോഹൻ റോയിയെ തേടിയെത്തി. കേവലം വരികളെഴുതുക എന്നതിലുപരി, മലയാളം മറന്ന മലയാളികളെക്കൂടി കവിതയുടെ ലോകത്തെത്തിക്കാൻ ഈ രീതി ഉപകരിച്ചിരുന്നു. ആ രീതിയിലുള്ള പ്രതികരണങ്ങളാണ് കവിതകളുടെ ചുവടെ കമന്റുകൾ ആയി പ്രത്യക്ഷപ്പെട്ടത്. കവിതകൾക്ക് സംഗീതം നൽകി ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ, വീഡിയോ രൂപത്തിൽ ആണ് കവിതകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ആസ്വാദനത്തിന്റെ വേറിട്ട തലം തന്നെ ഈ കവിതകൾ തുറന്നു വെച്ചു.
ചലച്ചിത്ര ഗാനരചന, ആൽബങ്ങൾ തുടങ്ങിയവയിൽ സജീവമായിരുന്ന സോഹൻ റോയ്, ബിസിനസ് തിരക്കുകൾ മൂലം കലാരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2018 ജനുവരിയിലാണ് അദ്ദേഹം വീണ്ടും അണുകാവ്യം എന്ന് പേരിട്ട നാലുവരിയുള്ള കവിതകളിലൂടെ കാവ്യരചനാ ലോകത്തേയ്ക്ക് തിരിച്ചുവന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സമൂഹ മനസ്സിൽ ഭീതി വിതച്ചു കൊണ്ടിരുന്ന ആ കാലത്ത്, കുരുതിമോക്ഷം എന്ന പേരിൽ എഴുതിയ ഒരു കവിതയ്ക്ക് ലഭിച്ച വൻ സ്വീകരണമാണ് വീണ്ടും എഴുത്തിന്റെ ലോകത്തേയ്ക്ക് തിരിച്ചു പോകാൻ പ്രേരിപ്പിച്ചത്.
സമകാലീന സംഭവങ്ങളോടുള്ള തന്റെ ശക്തമായ പ്രതികരണം, വീര്യം ചോർന്നു പോകാതെ നാലു വരികളിൽ സന്നിവേശിപ്പിക്കുക എന്ന ആശയമാണ് അണുകാവ്യത്തിന്റെ അടിസ്ഥാനം. ഓരോ അണു കാവ്യവും ഒരു മികച്ച ദൃശ്യം, സംഗീതം, ആലാപനം എന്നിവയുടെ അകമ്പടിയോടെ മുപ്പത് സെക്കൻഡ് സമയം വരുന്ന വീഡിയോകൾ ആയി സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്സ് ആപ്പ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ഒരു ലക്ഷത്തിൽപ്പരം സ്ഥിരം പ്രേക്ഷകരിലേയ്ക്കാണ് നിമിഷങ്ങൾക്കകം അണുകവിതകൾ ദിവസവും എത്തിക്കൊണ്ടിരുന്നത്. ഏത് പ്രധാന സംഭവം ഉണ്ടായാലും, അതിനെ ആസ്പദമാക്കി പലപ്പോഴും ഒരു മണിക്കൂറിനുള്ളിൽത്തന്നെ അണു കാവ്യം തയ്യാറായി എത്തിച്ചിരുന്നു. ഇതാണ് ജനപ്രിയതയ്ക്ക് അടിസ്ഥാനമായത്.
അറുന്നൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത് ആ കവിതകളുടെ സമാഹാരം, സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും ഈ പുസ്തകത്തിന്റെ യു എ ഇ എഡിഷൻ പ്രകാശനം ചെയ്തിരുന്നു. നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്സ് 'അണുകാവ്യം' എന്ന പേരിലും പ്രസിദ്ധീകരിച്ചു. സലിം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തുടങ്ങിയ സിനിമകൾക്കുവേണ്ടി സംഗീത-പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ള ബി ആർ ബിജുറാം ആണ് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.
'പിണറായി സർക്കാരിനോടുള്ള പ്രതിഷേധം എന്ന നിലയിൽ പേന മടക്കുകയാണെന്ന് സോഹൻ റോയി മറുനാടനോട് പ്രതികരിച്ചത്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ മാത്രമാണ് ഈ കരിനിയമത്തിന്നെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. മറ്റാരും പ്രതിഷേധവുമായി രംഗത്തില്ല. മറുനാടൻ എഡിറ്ററുടെ പ്രതിഷേധം മാതൃകയാണ്. ഈ മാതൃക തന്നെയാണ് ഞാൻ പിൻപറ്റുന്നത്-സോഹൻ റോയ് പറയുന്നു. കവിതയെഴുത്ത് തടയാനുള്ള തീരുമാനം സ്വന്തം ഫെയ്സ് ബുക്ക് പേജിലും സോഹൻ റോയി പോസ്റ്റ് ചെയ്തിരുന്നു
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.