- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയയിൽ സിബിഐയ്ക്ക് കേസ് ഡയറി കൈമാറാൻ വിസമ്മതിച്ചവർ വിമാനത്തിൽ സോളാർ ഫയലുമായി പറന്നു; എല്ലാം അറിഞ്ഞ് ഇരയും തൊട്ടു പിന്നാലെ ഡൽഹിയിൽ എത്തി; സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും കൊടുക്കാൻ കാട്ടിയ തിടുക്കത്തിന് പിന്നിലെ ജാഗ്രത പുറത്ത്! വാളയാറിലെ കണ്ണീർ കാണാത്തവരുടെ കരുതൽ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും സംസ്ഥാന സർക്കാർ ഡൽഹിയിൽ സിബിഐക്കു കൈമാറിയതു വിമാനത്തിൽ. സോളാർ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കാനായിരുന്നു നീക്കം. എന്നാൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റാണ് റിപ്പോർട്ടിലുള്ളതെന്ന് വ്യക്തമായത് സർക്കാരിനെ വെട്ടിലാക്കി. പെരിയാ കൊലക്കേസിൽ സിബിഐയ്ക്ക് കേസ് ഡയറി കൈമാറാൻ മടി കാണിച്ചവരാണ് വിമാനത്തിൽ പ്രത്യേക ദൂതൻ വഴി ഫയൽ എത്തിച്ചത്. അങ്ങനെ സിബിഐയിൽ പിണറായി സർക്കാരിന്റെ വിശ്വാസത്തിന് വലിയ തെളിവായി മാറുകയാണ് ഈ പ്രത്യേക ദൂതനെ അയയ്ക്കൽ.
വാളയാറിലെ പെൺകുട്ടികൾക്ക് നീതി തേടി അമ്മ സമരത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുകയും ചെയ്യുന്നു. ഈ കേസും സിബിഐക്ക് വിടണമെന്ന ആവശ്യം അതിശക്തമാണ്. എന്നാൽ സർക്കാരിന് എന്തോ താൽപ്പര്യക്കുറവ്. എന്നാൽ സോളാറിൽ വരുമ്പോൾ കഥ മാറുന്നു. കരുതലും ജാഗ്രതയുമാണുള്ളത്. എങ്ങനേയും ഈ കേസ് സിബിഐ കുത്തിപ്പൊക്കുമെന്ന പ്രതീക്ഷയിലാണ് വിമാന മാർഗ്ഗം അതിവേഗം ഫയലുകൾ ഡൽഹിയിൽ എത്തിച്ചതെന്നാണ് വ്യക്തമാകുന്നത്.
ജാമ്യമില്ലാ കേസിലെ പ്രതിയാണ് സോളാറിലെ ഇര. പരാതിക്കാരി തിരുവനന്തപുരത്തു നിന്നു നെടുമ്പാശേരിയിലേക്കു കാർ മാർഗം 23നു പോയപ്പോൾ രാത്രിയിൽ നേമത്തും ദേശീയപാതയിൽ മറ്റു ചില സ്ഥലങ്ങളിലും പൊലീസ് വാഹനം തടഞ്ഞു പരിശോധിച്ചിരുന്നു. ചില സാമ്പത്തിക തട്ടിപ്പു കേസിൽ പിടികിട്ടാപ്പുള്ളിയാണ് ഇവർ. ഇവരെ കാണാനില്ലെന്നാണു പൊലീസ് കോടതിയിൽ പറയുന്നതും. എന്നാൽ കാറിൽ ഇവരെ കണ്ട പൊലീസ് ഉടൻ വിട്ടയച്ചു. വിമാനത്താവളത്തിലും പൊലീസ് കണ്ണടച്ചു നിന്നു. അങ്ങനെ അവർ ഡൽഹിയിൽ എത്തി.
ഫയൽ കൈമാറിയതിന് പിന്നാലെ പരാതിക്കാരിക്കു സിബിഐ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയതു ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ ആറു മാസം മുൻപ് സർക്കാർ നിയോഗിച്ചതാണ്. ക്രൈംബ്രാഞ്ച് രേഖകൾ പൊലീസ് അതീവ രഹസ്യമായി ഡൽഹിയിൽ എത്തിച്ച കാര്യം പരാതിക്കാരി എങ്ങനെ ഉടൻ അറിഞ്ഞു എന്നതും ദുരൂഹമാണ്. സോളർ കേസുകളുടെ രേഖകൾ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ കൈവശം അടിയന്തരമായി കൊടുത്തു വിടണമെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് കഴിഞ്ഞ 20നു ഉത്തരവിട്ടത്. ഇത് അതു പോലെ അംഗീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ സോളാർ ചർച്ചയാക്കാനുള്ള നീക്കം.
മുഖ്യമന്ത്രിയുടെ ഓഫിസിലെ നിർദ്ദേശപ്രകാരമായിരുന്നു എല്ലാം നടന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ കേസിലെ സർക്കാരിന്റെ അമിത താൽപര്യം പുറത്തായി. പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത് പുറത്തുവന്നു വന്നതും സർക്കാരിന് ഞെട്ടലായി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2018ലും 2019ലുമായി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 6 കേസുകളാണു സിബിഐക്കു വിട്ടത്. കേസുകൾ ഇതുവരെ സിബിഐ ഏറ്റെടുത്തിട്ടില്ല. പ്രാഥമിക പരിശോധനായണ് ഇക്കാര്യത്തിൽ നടക്കുന്നത്.
ഇതിന്റെ പെർഫോമ റിപ്പോർട്ട്, തൽസ്ഥിതി റിപ്പോർട്ട് എന്നിവയും ഇംഗ്ലിഷ് പരിഭാഷയും ഡൽഹിയിൽ സിബിഐ കേസുകൾ കൈകാര്യം ചെയ്യുന്ന പഴ്‌സനൽ മന്ത്രാലയത്തിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. ഇവിടെയാണു സംസ്ഥാനങ്ങളിൽ നിന്നുള്ള സിബിഐ അന്വേഷണ ശുപാർശകൾ പരിശോധിക്കുന്നത്. 2 ദിവസം കഴിഞ്ഞപ്പോൾ പരാതിക്കാരിയും ഡൽഹിക്കു പോയി. കേരള കേഡറിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സിബിഐയിലുണ്ട്. അദ്ദേഹം വഴിയാണ് സിബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച ഒരുക്കിയത്. എത്രയും വേഗം അന്വേഷണം സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണു സർക്കാർ ശ്രമം. എന്നാൽ അതിന് സാധ്യതയില്ലെന്നാണ് സൂചന.
കേരള പൊലീസിലെ പല സംഘങ്ങളും പരാതിക്കാരിയുടെ ആരോപണം അന്വേഷിച്ചെങ്കിലും അതിൽ തെളിവില്ലെന്ന നിലപാടിൽ തുടർനടപടി സ്വീകരിച്ചില്ല. പിന്നീടു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി . അന്വേഷണത്തിനു 6 സംഘത്തെ ഏല്പിച്ചു. അവരും കേസുകൾ എഴുതി തള്ളുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു.. തുടർന്നാണു തിരഞ്ഞെടുപ്പിനു മുൻപായി പരാതിക്കാരി മുഖ്യമന്ത്രിക്കു പുതിയ പരാതി നൽകുന്നതും കേസ് സിബിഐക്കു വിടുന്നതും.
മറുനാടന് മലയാളി ബ്യൂറോ