തിരുവനന്തപുരം: സോളാറിൽ മുൻ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ വെട്ടിലാകുന്നത് കേരളാ പൊലീസുമാണ്. അതിൽ ഏറ്റവും വലിയ നഷ്ടം ഡിജിപി ഹേമചന്ദ്രനും. ക്രൈംബ്രാഞ്ചിലെ തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആർടിസി സിഎംഡിയായാണ് മാറ്റുന്നത്. ഡിജിപി റാങ്കുകാർക്ക് ഒരിക്കലും നൽകാത്ത പദവി. പൊലീസിൽ ഐജി റാങ്കിലുള്ളവർ മാത്രമാണ് ഇതിന് മുമ്പ് കെഎസ് ആർടിസി എംഡിയായിട്ടുള്ളത്. നഷ്ടത്തിലോടുന്ന ആനവണ്ടിയെ മന്ത്രി തോമസ് ചാണ്ടിയുമായി ചേർന്ന് മുന്നോട്ട് നയിക്കുകയെന്നാൽ ഹേമചന്ദ്രന് വലിയ ജോലി ഭാരമാകും. ഫലത്തിൽ പൊലീസിൽ കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി അറിയുന്ന ഹേമചന്ദ്രന് വലിയ തിരിച്ചടിയാണ് സോളാർ റിപ്പോർട്ട്. എഡിജിപി പത്മകുമാർ പീഡനക്കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്. തന്റെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടത് പത്മകുമാറാണെന്നാണ് സരിതയുടെ ആരോപണം.

ഈ സാഹചര്യത്തിൽ കേരളാ പൊലീസിൽ വമ്പൻ അഴിച്ചു പണി വരും. നിലവിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് പൊലീസ് മേധാവി. വിജിലൻസിന്റെ അധിക ചുമതലയുമുണ്ട്. വിജിലൻസ് ഡയറക്ടറായി പുതിയ ആളെ പിണറായി ഉടൻ നിയമിക്കും. ഡിജിപി റാങ്കുള്ള ശ്രീലേഖയ്ക്കാണ് കൂടതൽ സാധ്യത. തിരുവനന്തപുരം റേഞ്ച് എഡിജിപി സ്ഥാനത്തു നിന്ന് ബി സന്ധ്യയേയും മാറ്റും. എല്ലാ ജില്ലകളിലും അതിവിശ്വസ്തരെ പൊലീസ് മേധാവിമാരുമാക്കും. ക്രൈംബ്രാഞ്ചിന്റെ ചുമതലയിൽ നിന്ന് ഹേമചന്ദ്രൻ മാറിയ സാഹചര്യത്തിൽ കൂടിയാകും അഴിച്ചു പണി. എഡിജിപിയായ പത്മകുമാർ നിലവിൽ കേരളാ പൊലീസ് അക്കാദമിയുടെ ചുമതലയിലാണ്. റേഞ്ച് ഐജിമാരേയും മറ്റും മാറ്റി സമഗ്ര അഴിച്ചു പണിയാകും പൊലീസിൽ നടക്കുക. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ ഇതിനുള്ള കൂടിയാലോചനകളിലാണ്. താമസിയാതെ തീരുമാനം വരും. ഇതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിൽ അതീവ ശക്തനായി മാറുകയും ചെയ്തു.

പൊലീസിൽ കോടിയേരി ബാലകൃഷ്ണന് അനകൂല നിലപാട് എടുത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രൻ. വിജിലൻസ് ഡയറക്ടറായോ പൊലീസ് മേധാവിയായോ ഹേമചന്ദ്രനെ മാറ്റണമെന്ന് കോടിയേരി പല അവസരത്തിലും സമ്മർദ്ദവുമായെത്തിയിരുന്നു. പത്മകുമാറും കോടിയേരിയുമായി അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പല നിർണ്ണായക പദവികളിലും പത്മകുമാറിനെ നിയോഗിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കി കൂടിയാണ് ഇവർക്കെതിരെ ശക്തമായ നടപടി പിണറായി സർക്കാർ എടുക്കുന്നത്. വിജിലൻസ് ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികളിലേക്ക് ആളെ നിയോഗിക്കുമ്പോൾ കോടിയേരിയുടെ ഇഷ്ടക്കാരെ ഇനി ഒഴിവാക്കാൻ പിണറായിക്കാകും. ഫലത്തിൽ പിണറായിയുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് പൊലീസെത്തുകയാണ്.

പൊലീസ് ആയാൽ പത്മകുമാറിനെ പോലെയിരിക്കും. സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകാനെത്തിയ എ ഡി ജി പി കെ പത്മകുമാറിന്റെ പരാമർശത്തിനെതിരെ സരിത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പത്മകുമാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഏറെ ദ്രോഹിച്ച ആളാണ് . അയാൾ സർവീസിൽനിന്നും റിട്ടയർ ചെയ്യുമ്പോഴെങ്കിലും ജനം അറിയും കേസിന്റെ സത്യം. സ്ത്രീ എപ്പോഴും അവഹേളിക്കപ്പെടേണ്ടവളാണെന്ന ചിന്തയാണ് അയാൾക്ക്. തെളിവുകൾ നശിപ്പിക്കാൻ അപാരമായ കഴിവാണ് അയാൾക്കുള്ളത്. തന്റെ കൈയിൽനിന്നും അയാളുടെ നിർദേശപ്രകാരം ഡിവൈ എസ് പി ഹരികൃഷ്ണൻ പിടിച്ചെടുത്ത മുഴുവൻ തെളിവുകളും പത്മകുമാറാണ് കൈവശപ്പെടുത്തിയത്. കമ്മീഷന് മുന്നിൽ അറിയില്ല, കേട്ടില്ല, ശ്രദ്ധയിൽപ്പെട്ടില്ല എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അയാൾ. എന്നിട്ട് പൊലീസ് അസോസിയേഷന് ഞാൻ കാശ് കൊടുത്തതറിഞ്ഞില്ലെന്നു പറയുന്നത് കള്ളമാണ്. തെളിവുകൾ തിരിച്ചു നൽകണമെങ്കിൽ കണ്ണൂരിലെ ഇയാൾ പറയുന്ന ഫ്‌ളാറ്റിലേക്ക് ഞാൻ ചെല്ലണമെന്നറിയിച്ചു. പക്ഷെ അയാളുടെ ഇംഗിതത്തിന് വഴങ്ങിയില്ല. ഇതൊക്കെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടെന്ന് അറിയാമെന്നും സരിത തന്നെ വെളിപ്പെടുത്തിയിരുന്നു. ഇടതു സർക്കാരിന്റെ കാലത്തെ പൊലീസ് അന്വേഷണത്തിൽ സരിത ഈ നിലപാട് തുടർന്നാൽ പത്മകുമാറിന് വിനയാകുമെന്ന് ഉറപ്പ്. മാർക്കറ്റ് ഫെഡ് എംഡിയായി മാറ്റിയ പത്മകുമാറിന് പിണറായി സർക്കാരിന്റെ കാലത്ത് ഇനി സുപ്രധാന പദവികൾ കിട്ടില്ലെന്നും ഉറപ്പാണ്.

സോളാറിൽ പൊലീസിലെ പ്രമുഖരെ വെട്ടിലാക്കിയത് ഐജി മനോജ് എബ്രഹാമിന്റെ മൊഴിയാണ്. സോളാർ കമ്മീഷനും അന്വേഷക സംഘവും തമ്മിൽ ഉടലെടുത്തിട്ടുള്ള അസ്വാരസ്യത്തിലൂടെ ഒരിക്കൽകൂടി സരിതയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളും പുറത്തുവന്നിരുന്നു. സരിതയെ അർത്ഥരാത്രിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് കോടതിയിൽ സമാധനം പറയേണ്ടിവന്നവരിൽ മനോജ് എബ്രഹാമുമുണ്ടായിരുന്നു.സരിതയുടെ അഭിഭാഷകൻ അഡ്വ .ബി എ ആളൂർ ഈ വിഷയത്തിൽ പ്രതിപ്പട്ടികയിൽപ്പെടുത്തി മനോജ് എബ്രാഹമിനെ കോടതിയിൽ നിർത്തി പൊരിച്ചു. വിസ്താരത്തിന്റെ ഒരുഘട്ടത്തിൽ ഇക്കാര്യത്തിൽ തനിക്ക് മനസ്സറിവില്ലന്ന് ഐ ജി കോടതിയോട് വ്യക്തമാക്കി.പ്രതിഭാഗത്തിന്റെ പലചോദ്യങ്ങൾക്കും ഇദ്ദേഹത്തിൽ നിന്നും കൃത്യമായി മറുപിടിയുമുണ്ടായില്ല. അറസ്റ്റ് വിവരം താൻ നേരത്തെ അറിഞ്ഞിരുന്നില്ല എന്ന തരത്തിലായിരുന്നു അന്ന് മനോജ് എബ്രാഹം കോടതിയിൽ പ്രതികരിച്ചത്.

മാറിയ സാഹചര്യത്തിൽ അന്ന് തന്നെ വെള്ളംകുടിപ്പിച്ചവരെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ മനോജ് എബ്രാഹമിൽ നിന്നും പുറത്തുവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സരിതയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ എതിർ ചേരിയിലെത്താതിരിക്കുന്നതിനായിട്ടാണ് രമേശ് ചെന്നിത്തല, നാട്ടുകാരനും വിശ്വസ്തനുമായ ഹരികൃഷ്ണനെ വിട്ട് സരിതയെ കസ്റ്റഡിയിൽ എടുത്തതും 'ഞെക്കിപ്പിഴിഞ്ഞ് 'കേസിന്റെ രൂപരേഖ തയ്യാറാക്കിയതെന്നുമാണ് ഈയവസരത്തിൽ പരക്കെ പ്രചരിച്ച വിവരം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്താലാണ് രമേശ് ചെന്നിത്തല കടുംവെട്ടിന് അടുത്ത ബന്ധമുണ്ടായിരുന്ന ഹരികൃഷ്ണനെ ചുമതലപ്പെടുത്തിയതെന്ന തരത്തിലും പ്രചാരണമുണ്ടായി. ഏതായാലും പൊലീസിലെ ചെന്നിത്തലയുടെ വിശ്വസ്തനാണ് ഹരികൃഷ്ണൻ. സോളാർ റിപ്പോർട്ടോടെ ഹരികൃഷ്ണനും രക്ഷയില്ലാതെയാകും.

ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു സോളാറിൽ പഴികേട്ട അസോസിയേഷൻ നേതാവായിരുന്ന അജിത്. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അച്ചടക്ക നടപടിക്ക് അജിത്ത് വിധേയനായിരുന്നു. സോളാർ റിപ്പോർട്ടോടെ വീണ്ടും അജിത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ പുതിയ ആയുധം പൊടിതട്ടിയെടുക്കുകയാണ്.