നെടുംബാശേരി :കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ സൗരോർജ ബോട്ട് മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം സിയാലും മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മിൽ ഒപ്പുവച്ചു.സൗരോർജ ഉത്പാദനത്തിലും വിനിയോഗത്തിലും പുതിയ മാതൃക സൃഷ്ടിച്ച സിയാൽ ഈ വർഷമാദ്യം 24 സീറ്റുള്ള സൗരോർജ ബോട്ട് സ്വന്തമാക്കിയിരുന്നു.

സിയാലിന്റെ ഉപകമ്പനിയായ കേരളവാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ് സംസ്ഥാന സർക്കാരിന് വേണ്ടി പശ്ചിമതീര കനാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കനാലിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സിയാലിന്റെ സൗരോർജ ബോട്ടിൽ യാത്ര ചെയ്തുകൊണ്ട് ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചിരുന്നു.

15 സോളാർ പാനലുകൾ ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. പകൽസമയം സൗരോർജത്തിൽ പ്രവർത്തിക്കാൻ കഴിയും. വെളിച്ചക്കുറവുണ്ടെങ്കിൽ വൈദ്യുതി ചാർജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 5 മണിക്കൂർ ബോട്ട് ഓടും. 45 സെന്റീ മീറ്റർ മാത്രം ആഴമുള്ള ജലാശയങ്ങളിൽപ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടിന്റെ രൂപകൽപ്പന. സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ഉണർവ് കണ്ടുതുടങ്ങിയ സാഹചര്യത്തിൽ, കനാലുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ, ഒരു വരുമാനമാർഗം എന്ന നിലയിലാണ് സിയാലിന്റെ ബോട്ട് മുസിരീസ് പൈതൃക യാത്രാ സർക്യൂട്ടിൽ ഉപയോഗിക്കാനായി നൽകുന്നത്.

സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസും മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം.നൗഷാദും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വരുമാന വിഹിതാടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്.