തിരുവനന്തപുരം: സോളാർ കേസിലെ വിവാദ നായിക സരിത എസ്. നായർ വീണ്ടും രംഗത്ത്. ആയുധ ഇടപാടിൽ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി സരിത. സരിത ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന് സരിത നൽകിയ പരാതിയുടെ പകർപ്പ് മംഗളം ടെലിവിഷനാണ് പുറത്തുവിട്ടത്.

പുതിയ പട്ടികയിൽ അഞ്ച് പ്രമുഖർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതാവിന്റെ മകനും പട്ടികയിൽ. ആയുധ ഇടപാടിൽ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടതായും സരിത പരാതിയിൽ പറയുന്നു. സരിതയുടെ പരാതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മധു എസ്.ബി ഗവർണർക്ക് നിവേദനം നൽകി. എന്നാൽ സരിതയുടെ പരാതിയിലെ പേരുകാരുടെ വിവരങ്ങൾ മംഗളം പുറത്തുവിട്ടിട്ടില്ല.

കോൺഗ്രസിലെ പ്രധാന നേതാവിന്റെ മകനാണ് കേസിൽ ഉൾപ്പെട്ടുവെന്നാണ് ഉയരുന്ന സൂചന. ഈ വാർത്തയോട് സരിതയും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ സോളാർ വിവാദം വീണ്ടും സജീവമാവുകയാണ്. ഇതുവരെ സോളാർ വിവാദത്തിൽ ഉയർന്ന് കേൾ്ക്കാത്ത പേരാണ് സരിത പുതുതായി ഉയർത്തുന്നത്. അതുകൊണ്ട് തന്നെ പരാതിയിൽ ഗൂഢാലോചനയുണ്ടാകുമോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരായ ലൈംഗികപീഡന ആരോപണകേസിൽ ക്രൈംബ്രാഞ്ച് സരിത എസ് നായരുടെ മൊഴി നേരത്തെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് സരിത ക്രൈംബ്രാഞ്ചിന് മൊഴിനൽകിയതായാണ് വിവരം. ഇതിനിടെയാണ് പുതിയ വ്യക്തികളെ ഉൾപ്പെടുത്തി പരാതിയും എത്തിയിരുന്നു. തന്നെ ലൈംഗികപീഡനത്തിനിരയാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരിത സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നൽകുകയായിരുന്നു. ഉമ്മൻ ചാണ്ടി തന്നെ ക്‌ളിഫ്‌ഹൗസിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു പ്രധാന ആരോപണം. പല യുഡിഎഫ് നേതാക്കളും തന്നെ പീഡിപ്പിച്ചതായും സോളാർ കേസ് അട്ടിമറിക്കാൻ ബെന്നി ബഹന്നാൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ തനിക്ക് പണം തന്നെന്നും പരാതിയിലുണ്ട്. പരാതി ബഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുൾപ്പടെ കോൺഗ്രസ് മന്ത്രിമാർക്കും കേന്ദ്രമന്ത്രി എംഎൽഎമാർ തുടങ്ങിയവർക്കെതിരെ ലൈംഗിക ആരോപണങ്ങൾ വരെ സരിത ഉന്നയിച്ചു. സോളാർ തട്ടിപ്പിന് കൂട്ടു നിന്നതിന് പുറമെ സരിതയെ കോൺഗ്രസ് ഉന്നത നേതാക്കൾ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. കോൺഗ്രസ് എംഎൽഎ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് സരിത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെല്ലാം വെറും ആരോപണമായി നിലനിൽക്കുകയാണ്.

അതിനിടെയാണ് കോൺഗ്രസിലെ പ്രമുഖന്റെ മകനെതിരെ ആക്ഷേപം ഉയരുന്നത്. ടീം സോളാർ എന്ന കമ്പനിക്ക് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തും പുതിയ പദ്ധതികൾ നൽകാമെന്ന് പ്രലോഭിപ്പിച്ചും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് സരിതയുടെ പരാതി.