തിരുവനന്തപുരം: സോളാർ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടപ്പോൾ കുടുങ്ങുന്നത് കോൺഗ്രസിലെ എ ഗ്രൂപ്പാണ്. മുൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ അതി വിശ്വസ്തരായ ബെന്നി ബെഹന്നാനും തമ്പാനൂർ രവിയും കുടുങ്ങി. ആഭ്യന്തര മന്ത്രിയായിരുന്ന തിരവഞ്ചൂർ രാധാകൃഷ്ണനെതിരേയും കേസെടുക്കും. ഇതിനൊപ്പം അടൂർ പ്രകാശ് അടക്കമുള്ള മുൻ മന്ത്രിമാരും വെട്ടിലാകും. അതുകൊണ്ട് തന്നെ കോൺഗ്രസിലെ എ ഗ്രൂപ്പിന് സമ്പൂർണ്ണ തിരിച്ചടിയാണ് സോളാർ റിപ്പോർട്ട് നൽകുന്നത്. കെപിസിസി പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്നവരിൽ പ്രധാനിയാണ് ബെന്നി ബെഹന്നാൻ. കെപിസിസി ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ്. ഇവർക്കെതിരെ പ്രത്യക്ഷ പരാമർശമുണ്ട്. അതുകൊണ്ട് തന്നെ ബെന്നിക്ക് കെപിസിസി അധ്യക്ഷപദം ഇനി അപ്രാപ്യമാകും.

ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സർക്കാർ കൂട്ടുനിന്നു. സോളാർ കേസിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്. ഉമ്മൻ ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പൻ, ജിക്കു, സലിംരാജ്, കുരുവിള എന്നിവർ സോളാർ കമ്പനിയെയും സരിതയെയും വഴിവിട്ട് സഹായിച്ചു. പ്രതികൾ വലിയ തുകകൾ കൈക്കൂലിയായി സരിതയിൽനിന്നും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രേഖകൾ പരിശോധിച്ചിട്ടില്ല. അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് യുഡിഎഫ് സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുൻ സർക്കാർ അന്വേഷണ പരിധിയിൽ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു അന്നത്തെ സർക്കാർ ശ്രമിച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു കഴിഞ്ഞു.

പൊലീസിൽ വലിയ തിരിച്ചടി ഡിജിപി ഹേമചന്ദ്രനാണ്. വിജിലൻസ് ഡയറക്ടറാകാൻ ഹേമചന്ദ്രൻ കരുക്കൾ നീക്കുകയായിരുന്നു. അതിനിടെയാണ് സോളാറിൽ ഹേമചന്ദ്രനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത്. ഫലത്തിൽ വമ്പൻ പദവികൾ മോഹം കാണുന്ന ഹേമചന്ദ്രന് വലിയ തിരിച്ചടിയാണ്. ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡിയാക്കി. സാധാരണ പൊലീസിലെ ഐജി റാങ്കിലുള്ളവരാണ് കെ എസ് ആർ ടി സിയുടെ സിഎംഡിയാക്കുക. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് ഡിജിപിയായിരുന്ന ഹേമചന്ദ്രന് ഏറെ തിരിച്ചടിയാണ് കമ്മീഷൻ റിപ്പോർട്ട്. എഡിജിപി പത്മകുമാറിനെ മാർക്കറ്റ് ഫെഡ് എംഡിയാക്കി. ഇതോടെ പരാതിയിൽ ആരോപണ വിധേയരായ രണ്ട് ഐപിഎസുകാർക്കും പൊലീസ് സർവ്വീസ് നഷ്ടമായി. ഇടതു സർക്കാരിന്റെ കാലത്ത് നല്ല പദവികൾ ഇവർക്ക് കിട്ടില്ലെന്നും വ്യക്തമായി. ഡിവൈഎസ്‌പി ഹരിഷ്ണനെതിരേയും നടപടിയുണ്ടാകും. ഇദ്ദേഹം സസ്‌പെൻഷൻ കഴിഞ്ഞ് ഈയിടെയാണ് സർവ്വീസിൽ തിരിച്ചെത്തിയത്.

പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷിച്ചുവെന്നതാണ് സോളാർ കമ്മീഷന്റെ വിലയിരുത്തൽ. അന്വേഷിച്ച ഉദ്യോഗസ്ഥർ പല വിവരവും മറച്ചു വച്ചുവെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ഐപിഎസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തത്. ഇവരെല്ലാം ക്രിമിനൽ-വിജിലൻസ് കേസുകൾ നേരിടേണ്ടി വരും. മുമ്പ് തങ്ങളുന്നയിച്ച എല്ലാ വിഷയവും ശരിയാണെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്ച വന്നുവെന്നായിരുന്നു സോളാറിലെ പൊതുവേയുള്ള വിലയിരുത്തൽ. അതും മറികടന്ന് ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതാണ് കമ്മീഷൻ റിപ്പോർട്ട്. ഈ കമ്മീഷനെ നിശ്ചയിച്ചതും നിയമിച്ചതും ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചതും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയാണ്. അതുകൊണ്ട് തന്നെ കമ്മീഷനെ തള്ളിപ്പറയാൻ കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കുമാകില്ല.

കമ്മീഷൻ ശുപാർശകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് കേസും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസുമാവും ഉടൻ എടുക്കുക. ഇതിനൊപ്പം ഉമ്മൻ ചാണ്ടിക്കെതിരെ സരതിയുടെ മൊഴിയെടുത്ത് ക്രിമിനൽ കേസും എടുക്കും. ഉമ്മൻ ചാണ്ടിക്കെതിരേയും സരിത ലൈംഗികാരോപണങ്ങൾ ഉയർത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ഇടപെട്ടെന്ന് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയും ചെയ്തു. ആർക്കും സ്വാധീനിക്കാനാവത്ത രാജേഷ് ദിവാനെ അന്വേഷണത്തിന് പിണറായി സർക്കാർ നിയോഗിക്കുകയും ചെയ്തു. ദിനേന്ദ്ര കശ്യപും സംഘത്തിലുണ്ട്.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും സരിത എസ് നായരിൽനിന്നു നേരിട്ടു പണം കൈപ്പറ്റിയതായി കമ്മീഷൻ കണ്ടെത്തി. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, 13 വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. ഇതുപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്ത് ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം നടത്താനാണ് നീക്കം. മുഖ്യമന്ത്രിയും പിഎയും സരിത എസ് നായരെ സഹായിച്ചുവെന്നും കണ്ടെത്തി. സരിത എസ് നായർക്കെതിരെ ലൈംഗിക പീഡനം നടന്നു. സരിതയുടെ കത്തിൽ പരാമർശിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കും. ലൈംഗിക പീഡനത്തെ കൈക്കൂലിയായി കണക്കാമെന്നും ഇവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കുറ്റം ചുമത്താമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തും. കെ പത്മകുമാർ ഐപിഎസ്, ഡിവൈഎസ്‌പി ഹരികൃഷ്ണൻ എന്നിവർക്കെതിരെയും ഉടൻ കേസെടുക്കും. മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും കടുത്ത പരാമർശങ്ങൾ നടത്തിയിട്ടുള്ള റിപ്പോർട്ടിൽ സരിത എസ് നായർ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാല് വാല്യങ്ങളുള്ള റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ വായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുമെന്നും വ്യക്തമാക്കി. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.