തിരുവനന്തപുരം: സോളർ കമ്മിഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രചരണങ്ങൾ. റിപ്പോർട്ടിൽ കുടുങ്ങിയ കോൺഗ്രസുകാരെല്ലാം അഴിക്കുള്ളിലാകുമെന്നും ചർച്ചകളെത്തി. ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ജയിൽ വാസമെന്ന തരത്തിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത വന്നു. എന്നാൽ ഇതൊന്നും നടക്കില്ല. സോളാർ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ച കേസും അന്വേഷണവും മുന്നോട്ടുകൊണ്ടുപോകാൻ പുതിയ നിയമോപദേശത്തിനുള്ള സർക്കാർ നീക്കം പാളി.

തുടരന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ഐജി ദിനേന്ദ്ര കശ്യപ് അടങ്ങിയ സംഘത്തെ രൂപീകരിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ ഇരുവരും ആദ്യം വിസമ്മതിച്ചു. ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന താൻ കുഴപ്പത്തിൽ ചാടാനില്ലെന്നു ദിവാൻ അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. കശ്യപും താൽപര്യം കാണിച്ചില്ല. എന്നാൽ സർക്കാർ ഉത്തരവിറങ്ങിയതോടെ ബെഹ്‌റ മുൻകയ്യെടുത്തു സംഘത്തിന്റെ യോഗം വിളിച്ചു കമ്മിഷൻ റിപ്പോർട്ട്, നിയമോപദേശങ്ങൾ, സോളർ കേസുകൾ അന്വേഷിച്ച ഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള മുൻ സംഘത്തിന്റെ റിപ്പോർട്ടുകൾ എന്നിവ കൈമാറി. എന്നാൽ അതിനപ്പുറത്തേക്ക് ഒരു അന്വേഷണവും നടന്നില്ല. കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന നിലപാടിൽ തന്നെയാണ് രാജേഷ് ധിവാൻ.

ഇതുസംബന്ധിച്ച് ഒരു മുൻ അറ്റോണി ജനറലിനെ ഡിജിപി ലോക്നാഥ് ബെഹ്‌റ സമീപിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഉപദേശം നൽകിയ കേസിൽ ഇനിയെന്ത് ഉപദേശം എന്നായിരുന്നു മുൻ അറ്റോണി ജനറലിന്റെ പ്രതികരണം. മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്നാണ് അരിജിത് പസായത് നേരത്തേ വ്യക്തമാക്കിയത്. സരിത നായരുടെ ഒട്ടും വിശ്വാസ്യതയില്ലാത്ത കത്തു മാത്രം വച്ച് എങ്ങനെ കേസെടുക്കുമെന്നാണ് അന്വേഷണ സംഘവും ചോദിക്കുന്നത്. അതിനിടെ സോളർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാവുന്ന എന്തെങ്കിലും വിവരങ്ങളുണ്ടോ എന്നത് അന്വേഷണ ഏജൻസിയാണു കണ്ടെത്തേണ്ടതെന്ന ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശവും പുറത്തുവന്നു. ഇതും ഉമ്മൻ ചാണ്ടിക്ക് അനുകൂലമാണ്.

തുടർനടപടി എന്താവണമെന്നു തീരുമാനിക്കേണ്ടതും ഈ അന്വേഷണ ഏജൻസിയാണെന്നു നിയമോപദേശത്തിൽ പറയുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു തള്ളുകയോ, കൊള്ളുകയോ ചെയ്യാം. എന്നാൽ റിപ്പോർട്ട് പൂർണമായോ, ഭാഗികമായോ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് പരിശോധിക്കാൻ അന്വേഷണ ഏജൻസിയെ ഏൽപിക്കണമെന്നായിരുന്നു പസായത്തിന്റെ നിയമോപദേശം. സോളർ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കേസും നടപടിയും പ്രഖ്യാപിച്ച സർക്കാർ ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീട് പിന്നാക്കം പോവുകയും അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തത്. ടി.ടി. ആന്റണി കേസിൽ സുപ്രീംകോടതി നിരീക്ഷിച്ച പ്രകാരമുള്ള നടപടികൾ അന്വേഷണ ഏജൻസിക്കു സാധ്യമാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് കമ്മിഷൻ റിപ്പോർട്ട് പ്രയോജനപ്പെടുത്താമെന്നും റിപ്പോർട്ടിനു വിരുദ്ധമായ നിഗമനത്തിലെത്തുന്നതിനു പൊലീസിനു തടസ്സമില്ലെന്നുമായിരുന്നു ടി.ടി. ആന്റണി കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണമെന്നും പസായത്ത് സൂചിപ്പിക്കുന്നു. മനോരമാ ന്യൂസാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാൻ പോലും പൊലീസിന് കഴിയില്ലെന്നും വ്യക്തമായി.

വിവിധ കേസുകളിൽ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചുകൊണ്ടു ജസ്റ്റിസ് പസായത്തു നൽകിയ നിയമോപദേശത്തിൽനിന്ന്: ''അന്വേഷണ കമ്മിഷന്റെ ചുമതല വസ്തുത കണ്ടെത്തുകയാണ്. കമ്മിഷൻ എന്നത് ഒരുതരത്തിലും ജുഡീഷ്യൽ ചുമതലയുള്ള സംവിധാനമോ, ന്യായാധിപനോ അല്ല. അങ്ങനെ പെരുമാറാനും പാടില്ല. കേട്ട കാര്യങ്ങളെക്കുറിച്ചു തീരുമാനമെടുക്കലല്ല, കേട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണു കമ്മിഷന്റെ ഉത്തരവാദിത്തം.

റിപ്പോർട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം, അഭിപ്രായങ്ങളുടെയല്ല. സർക്കാരിനു റിപ്പോർട്ട് പരിഗണിക്കാമെങ്കിലും അതൊരു ബാധ്യതയല്ല. കമ്മിഷനു മുൻപിൽ ആരോപണമുന്നയിക്കുന്നയാളോ, കുറ്റാരോപിതനോ, വിചാരണയ്ക്കുള്ള പ്രത്യേക കുറ്റങ്ങളോ ഇല്ല. കമ്മിഷന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ വിധി പ്രഖ്യാപിക്കാനുമാകില്ല. പരാമർശിച്ചിരിക്കുന്ന ചോദ്യങ്ങൾ സംബന്ധിച്ചു വസ്തുതകൾ ശേഖരിക്കുകയും ശുപാർശകളോടെ റിപ്പോർട്ട് സർക്കാരിനു കൈമാറുകയുമാണു കമ്മിഷൻ ചെയ്യേണ്ടത്. കോടതി വിധി പോലെ റിപ്പോർട്ടിനൊപ്പം എന്തെങ്കിലും അന്തിമ തീർപ്പ് സമർപ്പിക്കേണ്ട കാര്യമില്ല''.

കമ്മിഷൻ പരിശോധിച്ച 40 കേസുകൾ വിചാരണക്കോടതിയുടെ പരിഗണനയിലുള്ളവയാണെന്നു പസായത്ത് ചൂണ്ടിക്കാട്ടുന്നു. തന്റെ നിയമോപദേശം ഒരു കോടതിയിലും തെളിവായി എടുക്കാൻ പാടില്ലെന്നും സർക്കാർ തന്നിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള അഭിപ്രായമാണിതെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതും രാജേഷ് ദിവാന് അനുകൂലമാണ്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസെടുക്കുന്നത് ഒഴിവാക്കാനാണ് നീക്കം. ഇതോടെ സോളാറിലെ സരിതാ ബോംബിൽ കോൺഗ്രസിനെ കുടുക്കാനാവില്ലെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.