തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടി പ്രഖ്യാപിച്ച പിണറായി സർക്കാറിനെ വെട്ടിലാക്കി മുൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെ നടപടി പ്രഖ്യാപിച്ചതിനെ എതിർത്ത് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കും അന്വേഷണ സംഘത്തലവൻ കത്തു നൽകി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നാണ് ഉദ്യോഗസ്ഥർ പരാതിപ്പെട്ടത്. സംസ്ഥാന പൊലീസ് മേധാവിക്കും ഇക്കാര്യ ചൂണ്ടിക്കാട്ടി കത്തു നൽകിയിട്ടുണ്ട്. ഡിജിപി ഹേമചന്ദ്രൻ എഴുതിയ കത്തിൽ തനിക്കെതിരെ നടപടി എടുക്കാമെന്നും മറിച്ച് മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി അരുതെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും നടപടികൾ നേരിടാൻ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. സോളാർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ഈ നടപടിയാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്. അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സ്വയം വിരമിക്കാനുള്ള ആലോചനയിലാണ്. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസിൽ തിങ്കളാഴ്ച വൈകിട്ടാണു പ്രത്യേകദൂതൻ കത്ത് ഏൽപിച്ചത്. അതിന്മേൽ തുടർനടപടിക്ക് അദ്ദേഹം തയാറായില്ല. കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്തു പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണു ശ്രമമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പൊലീസിലെ ചില ഉന്നതരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നു. സോളർ റിപ്പോർട്ടിന്റെ പകർപ്പ് ഒരു ഉന്നതനു സർക്കാർ കൈമാറിയിട്ടുണ്ട്.

അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്‌പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്‌പി ജെയ്‌സൺ കെ.ഏബ്രഹാം എന്നിവർക്കെതിരെ നടപടി പാടില്ലെന്നാണു കത്തിൽ ഹേമചന്ദ്രൻ പറയുന്നത്. എഡിജിപി കെ.പത്മകുമാർ, ഡിവൈഎസ്‌പി കെ.ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനും ഇരുവർക്കുമെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംഘം രൂപീകരിക്കുന്നതിനു മുൻപു സരിതയെ അറസ്റ്റ് ചെയ്തതും തുടർനടപടി സ്വീകരിച്ചതും ഹരികൃഷ്ണനായിരുന്നു.

അന്വേഷണ സംഘാംഗങ്ങളുടെ പക്ഷം കേൾക്കാതെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്തത്. ഒരു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തങ്ങളെ തേജോവധം ചെയ്യുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി. സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള സന്ദർഭമായി കമ്മീഷൻ റിപ്പോർട്ടിനെ ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്.

അതേസമയം സോളാർ അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ വ്യക്തമാക്കി. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം.

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ സർക്കാർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരിൽ എസ്‌പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്‌പി ജെയ്‌സൺ കെ.ഏബ്രഹാം എന്നിവരും ഉൾപ്പെടുന്നു. 2013 ജൂൺ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. സരിത നായരുടെ തട്ടിപ്പു കേസുകൾ എന്റെ മേൽനോട്ടത്തിലാണ് ഇവർ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ മാത്രമാണ് ഇവർ കേസുകൾ അന്വേഷിച്ചതും ആറു മാസത്തിനകം പൂർത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികൾ മാത്രമാണെന്നും ഹേമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.