- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ; ഡിജിപി പോലും അറിയാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രി; ബൂമറാങായി തിരിച്ചടിച്ചപ്പോൾ തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് പറഞ്ഞ് യുടേണുമായി സിപിഎം; സിബിഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ അതും നാണക്കേടാകും; വയ്യാവേലി ക്ഷണിച്ചു വരുത്തി എൽഡിഎഫ്
തിരുവനന്തപുരം: പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവും അധികം വിമർശനം കേട്ടത് മുഖ്യന്ത്രി പിണറായി നേടിട്ടു ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയായിരുന്നു. ഈ വകുപ്പിൽ പലപ്പോഴും മുഖ്യമന്ത്രിയുടെ താൻപോരിമയാണ്. പൊലീസ് ആക്ടിലെ ഭേദഗതി അടക്കമുള്ള വിവാദമായ തീരുമാനങ്ങൾ വന്നത് പൊലീസ് മന്ത്രിയിൽ നിന്നുമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പു വാതിൽക്കൽ നിൽക്കവേ വിവാദമായ മറ്റൊരു തീരുമാനം കൈക്കൊണ്ടതും പിണറായിയുടെ തന്നിഷ്ടത്തിൽ.
സോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭ യോഗം ചർച്ച ചെയ്യാതെയാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞയാഴ്‌ച്ച ചേർന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യം ചർച്ച ആയില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശ പ്രകാരം മുഖ്യമന്ത്രി ആണ് തീരുമാനം എടുത്തത്. അതേസമയം, സോളാർ കേസ് അന്വേഷണം സിബിഐക്ക് കേസ് വിട്ടുള്ള വിജ്ഞാപനം ഉടൻ സംസ്ഥാനം കേന്ദ്ര പേർസണൽ മന്ത്രാലയത്തിന് അയച്ച് നൽകും. മന്ത്രാലയം ആണ് ശുപാർശ സിബിഐക്ക് നൽകുക. കേസ് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം സിബിഐ അറിയിക്കും. സിബിഐ ഏറ്റെടുക്കില്ലെന്ന് പറഞ്ഞാൽ അത് സർക്കാറിന് നാണക്കേടാകുകുയം ചെയ്യു.
സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് വിട്ടത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് സിബിഐയ്ക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിസഭ യോഗം ചർച്ച ചെയ്യാതെയാണ് നടപടി എന്ന കാര്യം പുറത്ത് വരുന്നത്.
വിഷയം യൂഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ സർക്കാറിനും ഇടതു മുന്നണിക്കും തിരിച്ചടിയായി വിഷയം മാറിയതോടെ എൽഡിഎഫ് പതിയെ യുടേൺ അടിക്കുന്ന കാഴ്‌ച്ചാണുള്ളത്. ഈ വിഷയത്തെ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് സിപിഎം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പോലും മറുപടി പറയാൻ സാധിക്കാത്ത അവസ്ഥയിലാകുന്ന നേതാക്കൾ. ഇതോടെ തെരഞ്ഞെടുപ്പിലെ പ്രചരണം വിഷയം സോളാർ അല്ലെന്നാണ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞത്.
കേരളത്തിൽ രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് യുഡിഎഫ് എന്ന കുറ്റപ്പെടുത്തലും പിന്നാലെയെത്തി. സോളാർ കേസ് സിബിഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത് മാത്രം ആണ് കേരളത്തിലെ ഏറ്റവും വലിയ വിഷയം എന്ന് പറയുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് - വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐ എം ഗൃഹസന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹതാപ തരംഗം കിട്ടുമെന്നാണ് അവർ പറയുന്നത്. ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്നു, അതിലെ പരാതിക്കാരി കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു. സ്വാഭാവികമായും അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. അതുമാത്രം ചർച്ചയാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയമായ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് അതൊക്കെ വിശകലനം ചെയ്യാനും തീരുമാനമെടുക്കാനും കഴിവുള്ളവരാണ് - വിജയരാഘവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ