- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി; മൂന്നാം പ്രതി മണിമോനെ വെറുതേ വിട്ടു; കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും; വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത കുടുങ്ങുമ്പോൾ
കോഴിക്കോട്: സോളർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താൻ നിരപരാധിയെന്നും വിധിയിൽ സന്തോഷമെന്നും മണിമോൻ പറഞ്ഞു. കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.
മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസിൽ പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
അതിനിടെ റിമാൻഡിൽ കഴിയുന്ന സരിത എസ്.നായർക്കെതിരെ മൂന്നു കേസുകളിൽ കൂടി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേട്ട് കോടതികളാണ് വിവിധ കേസുകളിൽ സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്ന വാഗ്ദാനം നൽകി ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളിനെ രണ്ടു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലും കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി ആർ.എസ്.ജമിനിഷബീവിക്ക് ചെക്ക് നൽകി 3.80 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിയെന്ന കേസിലും ആലുവയിലെ സോളർ തട്ടിപ്പുകേസിലുമാണ് കോടതികൾ വാറന്റ് പുറപ്പെടുവിച്ചത്.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ കഴിഞ്ഞ ദിവസം സരിതയുടെ അറസ്റ്റ് നെയ്യാറ്റിൻകര പൊലീസ് കണ്ണൂരിലെത്തി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ സോളർ തട്ടിപ്പ് കേസിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് സരിത എസ്. നായരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാ കേസുകളിലും ജാമ്യമെടുത്ത ശേഷമേ സരിതയ്ക്ക് ഇനി പുറത്തിറങ്ങാനാകൂ.
സോളാർ തട്ടിപ്പു കേസിൽ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാൻഡ് ചെയ്തത്. ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്ത കോഴിക്കോട് കസബ പൊലീസ് ഉച്ചയോടെ അവരെ കോടതിയിൽ ഹാജരാക്കി. നിരവധി കോടതികൾ വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിതയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്നയാളിൽനിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അനാരോഗ്യം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയെ അറിയിച്ചിരുന്നത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽനിന്ന് പണം തട്ടിയെന്ന കേസിൽ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളിൽ സോളാറിന്റെ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുൾ മജീദ് കേസുമായി മുന്നോട്ടുപോയി. 2018ൽ വിചാരണ പൂർത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടർന്ന് പുതിയ ജഡ്ജി വീണ്ടും കേസിൽ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് സരിത കോടതിയിൽ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീർപ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരൻ വഴങ്ങിയില്ല.
മറുനാടന് മലയാളി ബ്യൂറോ