തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിരോധത്തിൽ ആക്കിയ സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചുകൊണ്ട് ആദ്യ കോടതി ഉത്തരവ് പുറത്തുവന്നതോടെ സംസ്ഥാനത്തെ ഭരണനേതാക്കളുടെ നെഞ്ചിടിപ്പാണ് വർദ്ധിച്ചത്. ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നാൽ സരിത ഇനിയും പലതും വിളിച്ചു പറയുമെന്നതാണ് ഇവരെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ്, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ആരോപണങ്ങളുടെ മുൾമുനയിൽ നിറുത്തിയ സോളാർ തട്ടിപ്പ് കേസുകളുടെ പരമ്പരയിലെ ആദ്യ വിധിയാണ് ഇന്നലെ പത്തനംതിട്ട ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിലുണ്ടായത്. ഇക്കൂട്ടത്തിൽ കോന്നിയിലെ ക്രഷർ ഉടമ മല്ലേലി ശ്രീധരൻ നായർ നൽകിയ പരാതിയാണ് സോളാർ കേസുകൾക്ക് അസാധാരണമായ രാഷ്ട്രീയ മാനം നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സരിതക്കൊപ്പം ഓഫീസിലെത്തി കണ്ടുവെന്ന ആരോപണം ദ്വീർഘകാലം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.

സംസ്ഥാന സർക്കാറിന്റെ അന്വേഷണം ഏജൻസികളുടെ കണക്കിൽ സോളാർ തട്ടിപ്പ് പത്ത് കോടി രൂപയുടേതാണ്. എന്നാൽ, കള്ളപ്പണം നിക്ഷേപിച്ചവർക്കാണ് കൂടുതൽ പണം നഷ്ടമായത് എന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ തട്ടിപ്പ് കോടികളുടെ തുക ഇനിയും വലുതാകും. സംസ്ഥാനത്തെ വിവിധ കോടതികളിൽ 42 കേസുകളാണ് സരിതയ്ക്കും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ കോടതിയിൽ എത്തിയ മൂന്ന് കേസുകൾ സരിത പണം നൽകി ഒത്തുതീർപ്പാക്കി. കൂടാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ നാല് കേസുകളും തീർപ്പാക്കി. ഇതോടെ ഇനി വിധി കാത്തിരിക്കുന്നത് 39 കേസുകളാണ്. ആദ്യകേസിൽ ആറ് വർഷം തടവിന് ശിക്ഷ ലഭിച്ചതോടെ തുടർന്നുള്ള കേസുകളിലെ വിധിയും അതീവ പ്രാധാന്യമുള്ളവയാകുമെന്ന കാര്യം ഉറപ്പാണ്.

പാലക്കാട്ട് കാറ്റാടി പാടവും സോളാർ പാനലുകളും സ്ഥാപിക്കാൻ സരിതയ്ക്ക് 40 ലക്ഷം കൈമാറിയെന്നും പിന്നീടു ചതിച്ചെന്നുമായിരുന്നു ശ്രീധരൻ നായരുടെ പരാതി. ഈ പരാതിയാണ് സംസ്ഥാന സർക്കാറിനെ നേരിട്ട് ബാധിക്കാൻ പോകുന്നത്. തനിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് സരിത പണം തട്ടിയത്. ഇതിനായി തന്നെ ഒപ്പം കൂട്ടി സരിത മുഖ്യമന്ത്രിയേയും പേഴ്‌സണൽ സ്റ്റാഫംഗം ടെനി ജോപ്പനെയും കണ്ടെന്നും ശ്രീധരൻ നായർ പറഞ്ഞിരുന്നു. ശ്രീധരൻ നായർ കോടതിയിലെത്തിയതിന് പിന്നാലെ , തട്ടിപ്പിന്റെ ഇരകൾ ഒന്നൊന്നായി രംഗത്ത് വന്നു.

ലക്ഷ്മി നായർ എന്നു പരിചയപ്പെടുത്തി മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം അവകാശപ്പെട്ടുമാണ് അമേരിക്കൻ മലയാളിയായ ഇടയാറന്മുള ഇടത്തറ കോട്ടയ്ക്കകത്ത് ഇ.കെ. ബാബുരാജി(72)നെ സരിതയും ബിജു രാധാകൃഷ്ണനും പ്രലോഭിപ്പിച്ചതും 1.19 കോടി തട്ടിയെടുത്തതുമായ കേസിലാണ് ഇപ്പോൾ വിധി വന്നത്. കേസിന്റെ വിചാരണാ വേളയിൽ സരിത ഒത്തുതീർപ്പിനായി സമീപിച്ചെങ്കിലും ബാബുരാജ് വഴങ്ങിയില്ലെന്നതാണ് സരിതയ്ക്ക് തിരിച്ചടിയായത്. ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രിക്കുള്ളതാണെന്നാണ് ബിജു രാധാകൃഷ്ണൻ ബാബുരാജിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ ബാബുരാജ് ആവർത്തിച്ചിരുന്നു.

സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ഒരു പത്രത്തിൽ വന്ന പരസ്യം കണ്ടാണ് ബാബുരാജ് ടീം സോളാറുമായി ബന്ധപ്പെട്ടത്. കമ്പനി റീജണൽ ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിലാണ് സരിത ഇദ്ദേഹത്തെ സമീപിച്ചത്. കമ്പനി സിഇഒ. ബിജു രാധാകൃഷ്ണൻ പിന്നാലെ എത്തി. ആദ്യം സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി ലക്ഷ്മി നായർ 1.60 ലക്ഷം കൈപ്പറ്റി. രണ്ടു ബാറ്ററിയും ചില ഉപകരണങ്ങളും വീട്ടിൽ എത്തിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതിനിടെ വാചകമടിച്ച് ബാബുരാജിനെ ബിസിനസ് രംഗത്തിറക്കാൻ സരിതയ്ക്ക് കഴിഞ്ഞു.
ക്രെഡിറ്റ് ഇന്ത്യാ കമ്പനിയിലേക്കുള്ള ഓഹരിയാണെന്നു പറഞ്ഞാണ് 1.19 കോടി രൂപ വാങ്ങിയത്. ബാബുരാജിന്റെ വീട്ടിൽ ഇടയ്ക്കിടെ ചെല്ലുമ്പോഴെല്ലാം സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പനെയും മറ്റു ചില മന്ത്രിമാരെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇതു കണ്ട ബാബുരാജിനു വിശ്വാസം കൂടി. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സൗരോർജ പ്ലാന്റ് സ്ഥാപിക്കാതായതോടെ ബാബുരാജിന് തട്ടിപ്പ് മണത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയെങ്കിലും മൂന്നു മാസം അനക്കമൊന്നുമുണ്ടായില്ല.

അതോടെ, കേന്ദ്രമന്ത്രിയായിരുന്ന വയലാർ രവിയുടെ നിർദ്ദേശപ്രകാരം മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകി. അദ്ദേഹം പരാതി െ്രെകംബ്രാഞ്ചിനു കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മാസത്തിനു ശേഷം സരിത സോളാർ തട്ടിപ്പിൽ അകത്തായി. 15 ദിവസം കഴിഞ്ഞപ്പോൾ െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം ഉണ്ടാകുമെന്നു മോഹിച്ച ബാബുരാജിനെ നിരാശനാക്കി െ്രെകംബ്രാഞ്ച് കേസ് മുക്കി.

അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഓഗസ്റ്റ് ഏഴിന് ബാബുരാജ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കേസെടുക്കാൻ കോടതി ആറന്മുള പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് പിൻവലിക്കാൻ ബാബുരാജിനു മേൽ സമ്മർദമായി. ഉന്നത രാഷ്ട്രീയക്കാരും മന്ത്രിമാരുമൊക്കെയാണ് കേസ് പിൻവലിക്കണമെന്നും പണം തിരികെ നൽകുമെന്നും പ്രലോഭിപ്പിച്ച് ബാബുരാജിനെ വിളിച്ചത്. നിയമവിധേയമായ രീതിയിൽ പണം തിരികെക്കിട്ടിയാൽ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ഏഴിന് കോടതിയിൽ വച്ചു കണ്ടപ്പോഴും സരിത ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു. തനിക്ക് അനുകൂലമായ വിധി വന്നപ്പോൾ ബാബുരാജ് ന്യൂയോർക്കിലാണ്.

അതേസമയം കേസിലെ ക്രിമനിൽ ഗൂഢാലോചന കുറ്റത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നില്ല. ഉന്നത രാഷ്ട്രീയക്കാരുടെ തണലിലായിരുന്നു സരിതയുടെ തട്ടിപ്പ്. സോളാർ തട്ടിപ്പു നടത്തിയവർ ലക്ഷ്യമിട്ടത് പതിനായിരത്തോളം കോടിയുടെ അഴിമതിയാണെന്ന വർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തിന്റെ സോളാർ എനർജി പോളിസിയുടെ മറവിലാണ് സർക്കാർ പണം വൻതോതിൽ സബ്‌സിഡി ഇനത്തിൽ ചെലവിടുന്ന സോളാർ പദ്ധതി അഴിമതി നടത്താൻ പദ്ധതിയിട്ടത്. സംസ്ഥാനത്തെ പതിനായിരം മേൽക്കൂരകളിൽ സോളാർപദ്ധതിക്കുള്ള പാനലുകൾ സ്ഥാപിക്കുമെന്നാണ് സോളാർ എനർജി നയത്തിന്റെ കരടിൽ വ്യക്തമാക്കിയിരുന്നത്.

രണ്ടാം ഘട്ടത്തിൽ 25000 മേൽക്കൂരകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇതിനിരട്ടി സ്ഥലത്തും പാനലുകൾ സ്ഥാപിക്കും. ഇതിലൂടെ 2017 ആകുമ്പോഴേക്ക് 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക് 1500 മെഗാവാട്ട് സൗരോർജ്ജവും ഉൽപാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന പാനൽ തയ്യാറാക്കാൻ 39,000 രൂപ കേരള സർക്കാർ സബ്‌സിഡി നൽകും. കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് സംസ്ഥാനം നൽകുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ പാനൽ സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോൾ 80,000 മാത്രമാണ് ഉപഭോക്താവിന് കയ്യിൽ നിന്ന് മുടക്കേണ്ടിവരുന്നത്.

ഈ സബ്‌സിഡി പണത്തിൽ കണ്ണുവച്ചും കമ്പനികളിൽ നിന്നുലഭിക്കുന്ന കമ്മീഷനിൽ നോട്ടമിട്ടുമാണ് സോളാർ പാനൽ തട്ടിപ്പുകാർ പദ്ധതികളാവിഷ്‌കരിച്ചത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് സർക്കാർ നടത്തിയതെങ്കിൽ സോളാർ തട്ടിപ്പുകാർ ലക്ഷ്യമിട്ടത് ഇടനിലനിന്നുകൊണ്ട് നേടാവുന്ന കോടികളാണ്. പതിനഞ്ചോളം കമ്പനികളെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഏജൻസിയായി സർക്കാർ മുന്നിൽ കണ്ടിരുന്നത്. ഇതിലൊന്നാരുന്നു സരിതയുടെ ടീം സോളാർ കമ്പനിയും.

സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണിയാണെന്ന് നേരത്തെ പിസി ജോർജ് ആരോപിച്ചിരുന്നു. സോളർ ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെസി ജോസഫ്, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സോളാർ തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നുമായിരുന്നു ജോർജ്ജ് നേരത്തെ ഉന്നയിച്ച ആരോപണം. എന്തായാലും നിയമം നിയമത്തിന്റെ വഴിക്ക് പോയാൽ സരിത ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട അവസ്ഥയുണ്ടാകും. എന്നാൽ, അത്തരം ഒരു അവസരം നൽകാതെ രക്ഷകർ സരിതയെ സഹായിക്കാൻ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. പ്രമുഖ എ ഗ്രൂപ്പ് എംഎൽഎയായ ബെന്നി ബഹനാനാണ് സോളാർ തട്ടിപ്പു കേസ് ഒത്തുതീർപ്പാക്കാൻ സരിതക്ക് പണം നൽകിയതെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.