തിരുവനന്തപുരം: സോളാർ കമ്മിഷന്റെ പ്രവർത്തനശൈലി ശരിയല്ലെന്നു കാണിച്ച് എ.ഡി.ജി.പി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ആറ് ഡിവൈ.എസ്‌പിമാർ ഡി.ജി.പിക്ക് നൽകിയ കത്ത് പുറത്തായി. ടി.പി. സെൻകുമാർ ഡി.ജി.പിയായിരിക്കെ 2016 ജനുവരി ഒന്നിനാണ് ഡിവൈ.എസ്‌പിമാർ നൽകിയ കത്തിലെ വിവരങ്ങളാണ് പുറത്തായത്. കമ്മിഷനെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് പ്രത്യേക സംഘംനൽകിയ കത്ത് സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും പിന്നീടത് വെളിച്ചംകണ്ടില്ല. ഇതോടെ ജുഡീഷ്യൽ കമ്മിഷനും അന്വേഷണ സംഘവും രണ്ട് തട്ടിലായിരുന്നുവെന്ന് വ്യക്തമായി. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചീഫ് റിപ്പോർട്ടർ എസ്. നാരായണന്റേതാണ് റിപ്പോർട്ട്.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയും സൂചനകളുണ്ടായിരുന്നുവെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മംഗളം വാർത്തയും. സോളാറിൽ പ്രതികളെ രക്ഷിക്കാൻ മുതിർന്ന ഐപിഎസ്‌  ഉദ്യോഗസ്ഥന്റെ നേൃത്വത്തിൽ ശ്രമം നടന്നതായി സോളാർ കമ്മീഷനും കണ്ടെത്തിയതാണ് സൂചന. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥ ഇടപെടലുകളേയും നിശതമായി വിമർശിക്കുന്നുണ്ട്. ഇത് തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ടാണ് പൊലീസുകാരുടെ നീക്കം. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ആരോപണ വിധേയർക്കെതിരെ കർശന നടപടി വേണമെന്ന പരോക്ഷ സൂചനയും കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

കമ്മിഷൻ തങ്ങളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിക്കുന്നുവെന്ന് കാണിച്ച് എ.ഡി.ജി.പിയുടെ പ്രത്യേകസംഘത്തിൽ അംഗങ്ങളായിരുന്ന റെജി ജേക്കബ്, കെ. സുദർശൻ, ഹരികൃഷ്ണൻ, വി. അജിത്ത്, പ്രസന്നൻനായർ, ജെയ്സൺ എബ്രഹാം എന്നിവരാണ് ഡി.ജി.പിക്ക് ഒപ്പിട്ട കത്ത് നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലും കേസന്വേഷിച്ച പ്രത്യേക സംഘത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. സോളാർ കേസിൽ ഫലപ്രദമായ പൊലീസ് അന്വേഷണം നടന്നില്ലെന്ന കണക്കുകൂട്ടലിലാണ് ജുഡീഷ്യൽ കമ്മിഷൻ എത്തിച്ചേർന്നിട്ടുള്ളതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ നടപടിയും ഉണ്ടാകും. ഡിജിപി ഹേമചന്ദ്രനെതിരേയും നടപടിക്ക് സാധ്യതയുണ്ട്. അതിനിടെയാണ് ഡിവൈഎസ് പിമാരുടെ പുതിയ നീക്കം. പൊലീസിലെ അതൃപ്തിയാണ് മംഗളം റിപ്പോർട്ടിലൂടെ പുറത്തുവരുന്നതും.

തെളിവ് നിയമം, ക്രിമിനൽ നടപടിക്രമം എന്നിവ അനുസരിച്ച് മാത്രമേ പ്രത്യേക സംഘത്തിനു പ്രവർത്തിക്കാൻ കഴിയൂ. എന്നാൽ, കമ്മിഷൻ ആ പരിധിയിൽവരില്ല. അന്വേഷണസംഘത്തെ കുറ്റപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന സംശയമുണ്ട്. പ്രതിയുടെ മൊഴി കമ്മിഷനു വിശ്വാസത്തിലെടുക്കാം. പക്ഷേ, അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുക. ഫലപ്രദമായ അന്വേഷണം നടത്തിയിട്ടും പ്രത്യേക സംഘത്തെ പഴിചാരി കമ്മിഷൻ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുവെന്ന് ഡിവൈ.എസ്‌പിമാർ നൽകിയ കത്തിലുണ്ട്.

സോളാർ വിവാദവുമായി ബന്ധപ്പെട്ട 33 കേസിൽ മികച്ച രീതിയിൽ അന്വേഷണം നടത്തി പ്രതികൾക്ക് ശിക്ഷയും വാങ്ങിക്കൊടുത്തു. വിധിന്യായങ്ങളിൽ കോടതി അന്വേഷണ മികവിനെ പ്രശംസിച്ചിരുന്നു. എന്നിട്ടും തങ്ങളെ അപഹസിക്കുന്ന നിലപാടാണ് ശിവരാജൻ കമ്മീഷൻ സ്വീകരിച്ചു. കമ്മീഷന്റെ പ്രവർത്തനം തുടങ്ങിയപ്പോൾതന്നെ ഇത് പ്രകടമായിരുന്നു. ക്രിമിനൽ നടപടിക്രമവും തെളിവെടുപ്പു നിയമങ്ങളുമനുസരിച്ചുമാത്രമെ അന്വേഷണ സംഘത്തിനു പ്രവർത്തിക്കാൻ കഴിയുകയുള്ളു. പക്ഷേ കമ്മീഷന് ഇതൊന്നും ബാധകമല്ല. പ്രതികളുടെ മൊഴി അനുസരിച്ച് മുന്നോട്ടു പോകാൻ കമ്മീഷനു കഴിയും. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ വിമർശിക്കാൻവരെ കമ്മീഷൻ ശ്രമിച്ചു. ഒരു പ്രതിയുടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് കമ്മീഷൻ തങ്ങളോട് ഉന്നയിച്ചത്.

പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണൻ കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ സഹപാഠിയാണെന്ന് മൊഴി നൽകിയപ്പോൾ, എന്നാൽ പിന്നെ, നിങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഫറൂഖ് അബ്ദുള്ള (ഒമർ അബ്ദുള്ളയുടെ പിതാവ്) യെ കാണാത്തതെന്താണെന്ന് കമ്മീഷൻ ചോദിച്ചു. മടിച്ചുനിൽക്കാതെ വാതിലുകൾ ചവിട്ടിത്തുറന്ന് മുന്നോട്ടു പോകാത്തത് എന്തുകൊണ്ടായിരുന്നുവെന്നാണ് കമ്മീഷൻ ആരാഞ്ഞത്. ഇത്തരത്തിൽ തങ്ങളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. അതേസമയം ഡിവൈ.എസ്‌പിമാരുടെ കത്തിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.