തിരുവനന്തപുരം: വേങ്ങര മണ്ഡലം മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണെന്നും അവിടെ എന്തൊക്കെ സർക്കസ് കളിച്ചാലും ഒരിക്കലും വിജയിക്കാനില്ലെന്ന് കൊച്ചുകുട്ടികൾക്ക് പോലും വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും സി.പി.എം ഇവിടെ ശക്തമായ പ്രചരണങ്ങൾ നടത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാധാരണമായ ഈ നീക്കത്തിന് പിന്നിൽ തെരഞ്ഞെടുപ്പ് മാത്രമായിരുന്നോ ലക്ഷ്യം? അല്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇവിടെ സി.പി.എം ജയിക്കാനുള്ള സാധ്യത നന്നേ കുറവാണ് എന്നതാണ്. അതുകൊണ്ട് സോളാറിലൂടെ പിണറായി വിജയന്റെ ലക്ഷ്യം മറ്റൊന്നു കൂടിയുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

സോളാർ ഉപയോഗിച്ച് സംസ്ഥാനത്തെ മൊത്തത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയതിന് പിന്നിൽ ദേശീയ തലത്തിൽ കോൺഗ്രസ്-സി.പി.എം ബന്ധം തടയുക എന്നതാണെന്നാണ് വ്യക്തമാകുന്നത്. വേങ്ങര തിരഞ്ഞെടുപ്പിന്റെ മറവിൽ ഇത്തരമൊരു നീക്കം നടത്തിയ ബുദ്ധി ഉപദേശിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജൻ ആണെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ തലത്തിൽ കോൺഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടിലാണ് സി.പി.എം പോളിറ്റ്ബ്യൂറോ. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ ഈ വിഷം അവതരിപ്പിച്ച് ബന്ധം വേണമെന്ന നിലപാടു ഉറപ്പിക്കാൻ വേണ്ടി യെച്ചൂരി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ നീക്കത്തിന് തടയിടാൻ വേണ്ടിയാണ് പിണറായി വിജയൻ സോളാർ റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.

ബിജെപി സർക്കാരിനെ പുറത്താക്കാൻ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യമുന്നണിക്കു ശ്രമിക്കാൻ സി.പി.എം തയ്യാറെടുക്കുമ്പോൾ തന്നെ കോൺഗ്രസുമായു കൂട്ടു വേണ്ടെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ തീരുമാനം. അതിനു കോൺഗ്രസുൾപ്പെടെയുള്ള മതനിരപേക്ഷ ജനാധിപത്യ കക്ഷികളുമായി സഹകരിക്കണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കോൺഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്നു പ്രകാശ് കാരാട്ട്. അടുത്ത പാർട്ടി കോൺഗ്രസിനുള്ള കരടു രാഷ്ട്രീയ പ്രമേയത്തിനു പൊളിറ്റ് ബ്യൂറോ (പിബി) തയാറാക്കിയ രൂപരേഖ പരിഗണിക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി (സിസി) ഇന്നു മുതൽ മൂന്നു ദിവസം സമ്മേളിക്കുകയാണ്. രൂപരേഖയല്ല, രൂപരേഖകളാണ് ഇന്നു സിസിയുടെ മുന്നിലുണ്ടാവുക. ഒന്ന് യച്ചൂരി തയാറാക്കിയത്, മറ്റൊന്നു കാരാട്ട് തയാറാക്കിയതും.

എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളെയും ഒരുമിപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യം വിശദീകരിച്ചു യച്ചൂരി കഴിഞ്ഞ മാസം നാലിനു പിബിയിൽ വച്ച രൂപരേഖയ്ക്കു പിറ്റേന്നു കാരാട്ട് ബദൽ രേഖ നൽകി. തന്റെ ബദൽ രേഖ കാരാട്ട് പിന്നീടു പരിഷ്‌കരിച്ചു. ഇരുനിലപാടുകളും തമ്മിൽ പൊരുത്തമുണ്ടാക്കാൻ കഴിഞ്ഞ രണ്ടിനു പിബി ചേർന്നെങ്കിലും ഫലമുണ്ടായില്ല. കാരാട്ടിന്റെ നിലപാടിനെ പിബിയിൽ ഒൻപതു പേർ പിന്തുണയ്ക്കുന്നു, യച്ചൂരിയെ അഞ്ചു പേരും. സിസിയിൽ ഇതിനു മാറ്റം വരുമോയെന്നാണ് അറിയാനുള്ളത്. മാറ്റം വരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് ബന്ധത്തിൽ പിബി നിലപാട് തള്ളി യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയിരുന്നു. ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് യച്ചൂരി പറഞ്ഞു. സോളാർ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കാരാട്ട് എം ജി രാധാകൃഷ്ണന് പ്രത്യേക അഭിമുഖം നൽകിയതെന്നതും ശ്രദ്ധേയമാണ്. കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പിനുള്ള സാധ്യത ആരായാനാണ് ബംഗാൾ ഘടകത്തിന്റെ നീക്കം. ഈ നീക്കത്തിനൊപ്പമാണ് യെച്ചൂരിയും.

നയത്തിന്റെ പേരിൽ രണ്ടു തട്ടിൽ നില്ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിനാണ് നാളെ തുടക്കമാകുന്നത്. അതിന് മുമ്പ് പിബിയെ തള്ളി സിസിക്കാണ് പരാമാധികാരം എന്ന് സീതാറാം യെച്ചൂരി പറയുന്നത് താൻ പിബി തീരുമാനത്തിനൊപ്പമല്ല എന്ന സന്ദേശം നൽകാനാണ്. ജനറൽ സെക്രട്ടറി തന്നെ പിബി തീരുമാനത്തെ എതിർക്കുന്ന അസാധാരണ സാഹചര്യമാണ് പാർട്ടിക്കകത്തുള്ളത്. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്ന ബംഗാൾ ഘടകം അവസാനം വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. അന്ന് ബംഗാൾ നിലപാടിനെ അനുകൂലിച്ച് 29 പേരും എതിർത്ത് 50 പേരും വോട്ടു ചെയ്തു.

നിലവിലെ നയത്തിന് അനുസരിച്ച് എന്ത് തീരുമാനം വേണം എന്നതായിരുന്നു ചർച്ചയെന്നും ഇപ്പോൾ നയംമാറ്റം വേണോയെന്നതാണ് വിഷയമെന്നും യെച്ചൂരി പക്ഷം വാദിക്കുന്നു. അതിനാൽ പഴയ സഹാചര്യം ആവർത്തിക്കണമെന്നില്ല. നയംമാറ്റത്തിന്റെ കാര്യത്തിൽ വോട്ടെടുപ്പ് ബംഗാൾ നേതാക്കൾ ആവശ്യപ്പെടും. നാളെ തുടങ്ങുന്ന സിസിയിൽ പരാജയപ്പെട്ടാലും രാഷ്ട്രീയപ്രമേയ കരട് അന്തിമമായി പരിഗണിക്കുന്ന അടുത്ത സിസിയിലും യെച്ചൂരി പക്ഷം ശ്രമം തുടരും. അവിടെയും വിജയിച്ചില്ലെങ്കിൽ ബദൽരേഖ ഉൾപ്പടെ പാർട്ടി കോൺഗ്രസിൽ കൊണ്ടുവരാനുള്ള സാധ്യത ഇപ്പോൾ തള്ളാനാവില്ല. ഇതിന് തടയിടാനുള്ള മാർഗ്ഗങ്ങളാണ് സി.പി.എം പയറ്റുന്നതും.

സോളാർ റിപ്പോർട്ടിന്റെ മറവിൽ ക്രൈംബ്രാഞ്ചിലെ തലവനായിരുന്ന ഹേമചന്ദ്രനെ മാറ്റിയ പിണറായിയുടെ നടപടിയും സംശയത്തിന് ഇടയാക്കിയിരുന്നു. പൊലീസിൽ കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി അറിയുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. കോടിയേരിയോടുള്ള അമിത വിധേയത്തം നല്ലതല്ലെന്ന കൃത്യമായ സൂചനയാണ് പിണറായി നൽകിയതും. കേരളത്തിലെ പാർട്ടിയെ പൂർണമായും കൈപ്പിടിയിൽ ഒതുക്കിയ പിണറായി വിജയൻ ദേശീയ തലത്തിലും സിപിഎമ്മിൽ കരുത്തനാകാൻ കരുക്കൾ നീക്കുകയാണ്.