തിരുവനന്തപുരം: സോളാർ തട്ടിപ്പു വഴി കോടികളാണ് സരിതയും ബിജു രാധാകൃഷ്ണനും അടക്കം നേടിയത്. ഈ പണം എവിടെ പോയി? രാഷ്ട്രീയക്കാർ കൊണ്ടുപോയ കോടികൾക്ക് പുറമേയും ഏതാനും കോടികൾ സോളാർ കമ്പനിക്ക് നഷ്ടമായിരുന്നു. ആരായിരുന്നു ഈ പണം കൊണ്ടുപോയത്. സീരിയൽ നടിയായ ശാലു മേനോനാണ് ഈ തട്ടിപ്പുപണത്തിന്റെ ഗുണഭോക്താവായതെന്നാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും പറയുന്നത്.

സരിതയുടെ ഭർത്താവായിരുന്ന ബിജു രാധാകൃഷ്ണൻ ആണ് ടീം സോളാർ കമ്പനിയെ നശിപ്പിച്ചത് എന്നാണ് പറയുന്നത്. ടീം സോളാറിന്റെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. ഈ പണം കൊണ്ട് ശാലു മേനോനൊപ്പം ആഡംബര ജീവിതം നയിച്ചു എന്നും പട്ടികയിൽ പറയുന്നുണ്ട്. ആദ്യഭാര്യയെ വധിച്ച കേസിൽ ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണൻ. ശാലു മേനോൻ നടിയും നർത്തകിയും ആയ ശാലുമേനോനെതിരേയും അന്വേഷണം വേണം എന്നാണ് നിർദ്ദേശം.

ബിജു രാധാകൃഷ്ണൻ നിർമ്മിത്ത മൂന്ന് കോടി രൂപയുടെ പുതിയ വീട് ശാലുവിന് വേണ്ടിയായിരുന്നു. സ്വർണവും രണ്ട് കാറുകളും ശാലു മേനോന് ലഭിച്ചു. ഇതെല്ലാം പാവപ്പെട്ട ഇടപാടുകാരുടെ പണം ആണ് എന്നാണ് സരിതയുടെ ആരോപണം. ഈ ആരോപണത്തിൽ ശാലു മേനോനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കയാണ് സോളാർ കമ്മീഷൻ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷം ശാലു മേനോൻ ഇപ്പോൾ നൃത്തവും അഭിനയവുമായി സജീവമാണ്.

ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിലെ അഭിനേതാവ് കൂടിയാണ് ശാലു ഇപ്പോൾ. നേരത്തെ ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു മേനോൻ തട്ടിപ്പുകേസിൽ പിന്നീട് പ്രതിയാകുകയും അറസ്റ്റിലാവുകയും ചെയ്തു. ടീം സോളാർ തകരാൻ പ്രധാന കാരണം ബിജുവിന് ശാലുവുമായുണ്ടായ ബന്ധമാണെന്നും സോളാറിന്റെ പേരിൽ പിരിച്ചെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ശാലുവിന്റെ വീടുപണിക്കായി നൽകിയെന്നും നേരത്തെ സരിത ആരോപിച്ചിരുന്നു.

ഇതോടെ ശാലുവിന്റെ സോളാർ തട്ടിപ്പുകളിലെ പങ്കാളിത്തം വീണ്ടും ചർച്ചയാകുകയും അന്വേഷണ വിധേയമാകുകയും ചെയ്യും. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു സോളാർ കേസിൽ അറസ്റ്റിലാകുകയും പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ടീം സോളാർ തകരാൻ പ്രധാന കാരണം ബിജുവിന് ശാലുവുമായുള്ള ബന്ധമാണെന്നാണ് സരിതയുടെ ആരോപണം. എന്നാൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ ശാലു ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും, അതിനൊന്നും പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ ഇപ്പോൾ തനിക്ക് സമയമില്ല. ഡാൻസുമായി നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ് താനിപ്പോളെന്നും ശാലു പറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കൊല്ലം വാക്കനാട് സ്വദേശിയും സീരിയൽ നടനുമായ സജിയുമായി വിവാഹം നടന്നത്. സോളാർ കേസിൽ പ്രതിയായ ശാലു മേനോൻ ജാമ്യത്തിലാണ് ഇപ്പോൾ. നൃത്തവും അഭിനയവുമായി സോളാർ കേസിന്റെ ഇമേജ് മാറ്റാനാണ് ശാലുവിന്റെ ഇപ്പോഴത്തെ ശ്രമം.

 ശാലു മേനോനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധവും അവരുടെ ധൂർത്തുമാണ് സോളാർ കമ്പനിയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് സരിത ആരോപിച്ചത്. നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനിയെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്താണെന്നാണ് സരിത ആരോപിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് ടീം സോളാർ കമ്പനി ആരംഭിച്ചത്. തട്ടിപ്പ് നടത്തി ആരെയെങ്കിലും ദ്രോഹിക്കാൻ ആഗ്രഹിച്ചിരുന്നില്ല.

ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതിലൂടെ പിൽക്കാലത്ത് വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചു. 2010 ൽ ഒരു സ്റ്റാഫ് മാത്രമുണ്ടായിരുന്ന കമ്പനിയുടെ ഡയറക്ടറായത് ബിജു രാധാകൃഷ്ണന്റെ ചതിയായിരുന്നെന്നു വിശ്വസിക്കുന്നു. കമ്പനി ഭദ്രമായ നിലയിലെത്തിയപ്പോഴേക്കും ബിജുവും ശാലു മേനോനും നിക്ഷേപങ്ങളായി ലഭിച്ച വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മൂന്നു കോടിയോളം രൂപ ശാലു മേനോന്റെ വീടുപണിക്കായിട്ടും അവരുടെ സ്വകാര്യജീവിതത്തിന്റെ ചെലവിലേക്കും ദുരുപയോഗം ചെയ്തു.- സരിത വെളിപ്പെടുത്തി. കാര്യമായി സീരിയൽ ഇല്ലാതിരുന്ന നടി എങ്ങനെയാണ് കോടികൾ സ്വന്തമാക്കിയതെന്നും സരിത ചോദിക്കുന്നു. ശാലുവിനെ കൂടാതെ അപ്പോഴേക്കും മറ്റൊരു നല്ല തുക ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ തുടങ്ങിയവർ നേടിയിരുന്നു. അതോടെ ബിജു കമ്പനിയിൽ നിന്നു മാറി.