- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളെ മുഴുവൻ വിഡ്ഢികളാക്കി ഒരു കൊടും കുറ്റവാളി; കേട്ടപാതി കേൾക്കാത്ത പാതി ലൈവുമായി ഇറങ്ങിയ ചാനലുകൾ തലയിൽ മുണ്ടിടുന്നു; ഒടുവിൽ അധികം ആവേശം കാണിക്കാതെ പ്രതിപക്ഷം മുഖം രക്ഷിച്ചു; സോളാർ കമ്മീഷനും നാണക്കേട്; അജയ്യനായത് ഉമ്മൻ ചാണ്ടി മാത്രം: ഇന്നലത്തെ സോളാർ നാടകം സമാപിച്ചത് ഇങ്ങനെ
കൊച്ചി: ഇതുപോലെ ഇതുവരെ കേരളം ഒന്നാകെ വിഡ്ഢികളായിട്ടില്ല. തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ ഒരു കൊടും കുറ്റവാളിയുമായി ലൈവ് ക്യാമറകൾക്കിടയിൽ പൊലീസ് അകമ്പടിയോടെ എന്തിനെന്നറിയാതെ യാത്ര. കേട്ട പാതി കേൾക്കാത്ത പാതി വാനുമായി ചാടി ഇറങ്ങിയ ചാനലുകളാണ് ഏറ്റവും അധികം വിഡ്ഢികളായത്. ആദ്യ അനുഭവത്തിൽ നിന്നും പഠിച്ച പ്രതിപക്ഷം അധികം ആവേശം കാ
കൊച്ചി: ഇതുപോലെ ഇതുവരെ കേരളം ഒന്നാകെ വിഡ്ഢികളായിട്ടില്ല. തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ ഒരു കൊടും കുറ്റവാളിയുമായി ലൈവ് ക്യാമറകൾക്കിടയിൽ പൊലീസ് അകമ്പടിയോടെ എന്തിനെന്നറിയാതെ യാത്ര. കേട്ട പാതി കേൾക്കാത്ത പാതി വാനുമായി ചാടി ഇറങ്ങിയ ചാനലുകളാണ് ഏറ്റവും അധികം വിഡ്ഢികളായത്. ആദ്യ അനുഭവത്തിൽ നിന്നും പഠിച്ച പ്രതിപക്ഷം അധികം ആവേശം കാണിക്കാതിരുന്നത് അവർക്ക് ഗുണകരമായി, ഭാര്യയെ കൊന്ന കേസ് അടക്കം അനേകം കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജു രാധാകൃഷ്ണനാവട്ടെ ഒരാഴ്ച മുഴുവൻ കേരളത്തിന്റെ താരമായി തിളങ്ങാൻ കഴിഞ്ഞ ആവേശത്തിലും. ഒരു ദിവസം മുഴുവൻ സർവ്വ ചാനലുകളും ലൈവ് പ്രക്ഷേപണവുമായി എത്തിയത് നിസ്സാര കാര്യമാണോ?
ബിജു രാധാകൃഷ്ണൻ കഴിഞ്ഞാൽ നേട്ടം ഉണ്ടാക്കിയത് ആരേപണവിധേയനായ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി മാത്രമാണ്. ഏറെ ദിവസങ്ങൾ നീണ്ടു നിന്ന ഈ നാടകത്തിലൂടെ ഉമ്മൻ ചാണ്ടി നീതിമാനും അജയ്യനുമായി ചിത്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടന്ന മുഖ്യ മന്ത്രിയുടെ മുഖത്ത് വല്ലാത്ത തിളക്കമായി. എല്ലാ ആരോപണങ്ങളും ഇതുപോലെ അടിസ്ഥാന രഹിതമാണ് എന്ന പ്രചരണം ആവും ഇനി മുഖ്യ മന്ത്രിയും കൂട്ടരും നടത്തുക. ഈ നാടകങ്ങൾക്കൊക്കെ പിന്നിൽ മുഖ്യ മന്ത്രിയാണ് എന്ന ഗൂഢാലോചന തിയറിക്കാരുടെ നിലപാടിനെ ശരി വയ്ക്കാൻ തോന്നുന്ന വിധം വലിയ ആനുകൂല അവസ്ഥയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ഇപ്പോൾ സംജാതമായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കെണിയിൽ ചാനലുകളും പ്രതിപക്ഷവും വീണു പോയതാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.
എല്ലാത്തിനും ഒടുവിൽ ബിജു രാധാകൃഷ്ണൻ സൂക്ഷിക്കാൻ ഏൽപ്പിച്ച സഞ്ചിയിൽ സി.ഡിയോ പെൻഡ്രൈവോ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് സെൽവി പറഞ്ഞു. ബിജു തന്റൈ അടുത്ത ബന്ധുവാണ്. അമ്മയുടെ സഹോദരിയുടെ മകൻ. ഒന്നര വർഷം മുൻപാണ് ബിജു സഞ്ചി തന്നെ ഏൽപ്പിച്ചതെന്നും സഞ്ചി താൻ തുറന്നു നോക്കിയിട്ടില്ലെന്നും ശെൽവി പറഞ്ഞു. സരിതാ എസ്. നായരെ അറിയില്ലെന്നും സെൽവി സൂചിപ്പിച്ചു. ഇതോടെ സോളാർ കേസിലെ സിഡികൾ കോയമ്പത്തൂരുണ്ടെന്ന അഭ്യൂഹങ്ങൾക്കും അവസാനമായി. കണ്ടെത്തിയ തെളിവുകളെല്ലാം ഇന്ന് പുലർച്ചയോടെ സോളാർ കമ്മീഷന്റെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
മാറ്റിവെക്കാനുള്ള ഹൃദയംകൊണ്ടുള്ള മെഡിക്കൽസംഘത്തിന്റെ യാത്രയെക്കാൾ നാടകീയമായ രംഗങ്ങൾക്കാണ് വ്യാഴാഴ്ച കേരളം സാക്ഷ്യംവഹിച്ചത്. ബിജു രാധാകൃഷ്ണന്റെ കോയമ്പത്തൂരിലുള്ള യാത്ര തൽസമയം ചാനലുകൾ സംപ്രേഷണം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മലയാളത്തിലെ വാർത്താ ചാനലുകളിൽ ഈ യാത്രമാത്രമായിരുന്നു വാർത്ത. കേരളത്തിൽ നിന്നുള്ള പൊലീസും മാദ്ധ്യമ സംഘവും എത്തിയതറിഞ്ഞ് തമിഴ് മാദ്ധ്യമങ്ങളും തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഏതായാലും ഇപ്പോഴും തെളിവ് ഹാജരാക്കുമെന്ന നിലപാടിൽ ഉറച്ചു നിൽ്ക്കുകയാണ് ബിജു. കോയമ്പത്തൂരിലെ സിഡിക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും തെളിവുകൾ ഇപ്പോഴും കൈയിലുണ്ടെന്നുമാണ് ബിജുവിന്റെ നിലപാട്. കോയമ്പത്തൂർ നാടകത്തിന് ശേഷവും ആത്മവിശ്വാസത്തോടെ ഇത് ചാനലുകൾ കേൾക്കാൻ ബിജു വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഭാര്യ രശ്മിയെ കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യക്തിയാണ് ബിജു. ആളുകളെ പറ്റിക്കാൻ എന്തും ചെയ്യുന്ന വ്യക്തി. സോളാർ കമ്മീഷനിൽ വിവാദ വെളിപ്പെടുത്തൽ നടത്തുമ്പോൾ പ്രതിപക്ഷ അത് ഏറ്റുപിടിച്ചു. കേരളം മുഴുവൻ ചർച്ചയാക്കി. നിയമസഭ സ്തംഭിപ്പിച്ചു. എന്നാൽ ബിജുവിന്റെ വാദങ്ങളിൽ സംശയം തോന്നിയതോടെ പ്രതിപക്ഷം പതുക്കെ പിന്നോട്ട് പോയി. കരുതലുകൾ എടുത്തു. ഇന്നലത്തെ യാത്രയിലെ കരുതലോടെ മാത്രം പ്രതികരിച്ചു. എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളാണെന്നും ആരോപിച്ചു. പുതിയ തിയറികളും ഉണ്ടായി. എന്നാൽ തെളിവെടുപ്പ് സോളാർ കമ്മീഷന് കടുത്ത നാണക്കേടായി. ബിജുവിന്റെ വാക്കുകളെ കമ്മീഷൻ അപ്പടി വിശ്വസിച്ചുവെന്നതാണ് ഇതിന് കാരണം. ബിജുവിനെ കൊണ്ടു പോകാതെ തന്നെ തെളിവ് സോളാർ കമ്മീഷന് പിടിച്ചെടുക്കാമായിരുന്നു. അത് ചെയ്യാതെ ബിജുവുമായുള്ള യാത്രയാണ് കളങ്കമായത്. എന്തായാലും മുഖ്യമന്ത്രിക്ക് ഇനി ആത്മവിശ്വാസം കൂടും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രമുഖർക്കെതിരെ തെളിവായി സി.ഡികൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ബിജു രാധാകൃഷ്ണനും ഇതോടെ പ്രതിരോധത്തിലായി. സെൽവപുരം വടക്കേ കോളനിയിലെ സെൽവി എന്ന സ്ത്രീയുടെ പക്കൽ സി.ഡി ഉണ്ടെന്നാണ് ബിജു വ്യാഴാഴ്ച പറഞ്ഞിരുന്നത്. ബിജു രാധാകൃഷ്ണൻ ഏൽപ്പിച്ചിരുന്ന സഞ്ചി സെൽവി പൊലീസിന് കൈമാറിയെങ്കിലും അതിൽ സി.ഡി ഉണ്ടായിരുന്നില്ല. ടീം സോളാറിന്റെ ചില രേഖകളും പത്തോളം സിം കാർഡുകളുമാണ് സഞ്ചിയിലുണ്ടായിരുന്നത്. സി.ഡി മോഷ്ടിക്കപ്പെട്ടിരിക്കാമെന്നാണ് ബിജു രാധാകൃഷ്ണൻ പ്രതികരിച്ചത്. ഇതോടെ കോയമ്പത്തൂരിലെ ദൗത്യമവസാനിപ്പിച്ച് ബിജുവുമായി അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. ഇന്ന് രാവിലെ സോളാർ കമ്മീഷൻ വിശദമായി തന്നെ കാര്യങ്ങൾ പരിശോധിക്കും. അതിന് ശേഷം ഈ തെളിവെടുപ്പിൽ പ്രതികരണവും അറിയിക്കും.
വ്യാഴാഴ്ച രാവിലെ സോളാർ കമീഷനു മുന്നിൽ ഹാജരാക്കിയപ്പോൾ തെളിവുകളടങ്ങിയ സീഡി തന്റെ കൈവശമില്ലെന്നും കോയമ്പത്തുരിലെ ബന്ധുവിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിജു അറിയിച്ചതോടെയാണ് ബിജുവിനെയും കൂട്ടി ആറംഗ പൊലീസ് സംഘം കോയമ്പത്തൂരിലെ ശെൽവപുരത്തത്തെിയത്. സെൽവി എന്ന സ്ത്രീയുടെ വീട്ടിൽ തിരച്ചിൽ നടത്തിയിട്ടും സീഡി കിട്ടാതായതോടെ സംഘം മടങ്ങി. എന്നാൽ, സോളാർ ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ കോയമ്പത്തൂരിലത്തെിയ പൊലീസ് സംഘം ബിജു രാധാകൃഷ്ണൻ പറഞ്ഞതനുസരിച്ച് ശെൽവപുരം വടക്കേ കോളനിയിലെ വീട് പരിശോധിക്കുകയായിരുന്നു. ഇവിടെ താമസിക്കുന്ന ചന്ദ്രൻ എന്ന സ്വർണപ്പണിക്കാരന്റെ ഭാര്യ സെൽവിയുടെ കൈവശം വിവാദ ദൃശ്യങ്ങളടങ്ങിയ സീഡി സൂക്ഷിക്കാൻ ഏൽപിച്ചിരുന്നെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം എത്തുമ്പോൾ സെൽവി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് സെൽവിയെ പൊലീസ് കണ്ടത്തെിയെങ്കിലും ഇത്തരം ഒരു സീഡി തന്നെ ഏൽപിച്ചിട്ടില്ലെന്നാണ് അവർ അറിയിച്ചത്. മാത്രമല്ല, പൊലീസും സന്നാഹവുമായി എത്തിയ ബിജു രാധാകൃഷ്ണനോട് അവർ തട്ടിക്കയറുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടരക്ക് ശെൽവപുരത്ത് എത്തിയ പൊലീസ് സംഘം സെൽവി താമസിച്ചിരുന്ന വീട്ടിൽ 15 മിനിറ്റോളം തിരച്ചിൽ നടത്തിയെങ്കിലും സീഡി കണ്ടത്തൊനായില്ല. രണ്ടുവർഷം മുമ്പ് ചന്ദ്രൻ-സെൽവി ദമ്പതികൾ ഈ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇവർ ഇവിടെനിന്ന് മാറിത്താമസിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തത്തെിയപ്പോൾ നിലവിൽ ഈ വീട്ടിൽ താമസിക്കുന്നവർ ഫോണിൽ ചന്ദ്രനെ ബന്ധപ്പെട്ടു. ചന്ദ്രൻ ഉടനത്തൊമെന്നും അറിയിച്ചു. പിന്നീട് ചന്ദ്രൻ തന്റെ സുഹൃത്ത് വശം ബിജു രാധാകൃഷ്ണൻ ഏൽപ്പിച്ച രേഖകൾ ഉൾപ്പെട്ട കവർ കൊടുത്തയക്കുകയായിരുന്നു. കോയമ്പത്തൂർ കോടതിയിൽ കേസ് നടക്കുന്ന ദിവസങ്ങളിൽ ചന്ദ്രനും സെൽവിയും ബിജുവിനെ ചെന്ന് കാണാറുണ്ടായിരുന്നതായും പറയുന്നു. ഒളിവുകാലത്ത് രണ്ടോ മൂന്നോ ദിവസം മാത്രമാണ് ചന്ദ്രന്റെ വീട്ടിൽ ബിജു താമസിച്ചിരുന്നതെന്നും അറിയുന്നു.
ബിജു രാധാകൃഷ്ണനുമായി കമീഷന്റെ അഭിഭാഷകൻ ഹരികുമാർ, രണ്ട് ജയിൽ ജീവനക്കാർ, രണ്ട് പൊലീസുകാർ എന്നിവരുൾപ്പെട്ട ആറംഗ സംഘമാണ് കെ.എൽ 01 ബി.പി 420 സൈലോ പൊലീസ് വാഹനത്തിൽ കോയമ്പത്തൂരിലെത്തിയത്. വ്യാഴാഴ്ച രാവിലെ കമ്മിഷനിലെത്തിയപ്പോൾ സി.ഡി. കൈവശമില്ലെന്ന കാര്യമാണ് ബിജു അറിയിച്ചത്. സി.ഡി. ഹാജരാക്കാൻ കഴിയാഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ ബിജു നൽകിയ അപേക്ഷയിൽ വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ അപേക്ഷയിൽ ഫെബ്രുവരി 15വരെ തനിക്ക് സി.ഡി. ഹാജരാക്കാൻ സമയമനുവദിക്കണമെന്നാണ് ബിജു ആവശ്യപ്പെട്ടിരുന്നത്. സിറ്റിങ് തുടങ്ങിയപ്പോൾ സി.ഡി. കൊണ്ടുവന്നിട്ടില്ലെന്നറിയിച്ചതോടെ അത് എപ്പോൾ കൊണ്ടുവരാനാകുമെന്ന് കമ്മിഷൻ ആരാഞ്ഞു. പത്തുമണിക്കൂറിനകം സി.ഡി. ഹാജരാക്കാമെന്ന് ബിജു മറുപടിനൽകി. ഇതിന് ശേഷം നിയമവശങ്ങൾ പരിശോധിച്ചശേഷം ബിജുവിനെ ഒപ്പംകൂട്ടി സി.ഡി.തേടി യാത്രപുറപ്പെടാൻ തീരുമാനിച്ചു. തെളിവുകൾ കണ്ടെടുക്കലും തുടർനടപടികളും രഹസ്യമാക്കിവെയ്ക്കണമെന്നായിരുന്നു കമ്മിഷന്റെ നിർദ്ദേശം.
അതോടെ ബിജുവിനെക്കൂട്ടി പുറപ്പെടാനുള്ള സംഘത്തെ തിരഞ്ഞെടുക്കുന്ന കൂടിയാലോചനകൾ തുടങ്ങി. ബിജുവിന്റെകൂടെ സഞ്ചരിക്കുന്നവരൊന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കമ്മിഷൻ കർശനനിർദ്ദേശം നൽകി. ബിജുവും ഇക്കാര്യം കമ്മിഷനോടാവശ്യപ്പെട്ടിരുന്നു. തന്റെപക്കൽ വിവാദസി.ഡി.യുടെ നാലുസെറ്റ് കോപ്പികളുണ്ടെന്ന് ബിജു വ്യാഴാഴ്ചയും അവകാശപ്പെട്ടു. ഒരു കോപ്പി വിദേശത്താണ്. ഒന്ന് കോയമ്പത്തൂരിൽ തന്നെ അറസ്റ്റുചെയ്ത പൊലീസ് സംഘം പിടിച്ചെടുത്തു. മൂന്നാമത്തെ സെറ്റ് കോപ്പി എറണാകുളത്തുനിന്ന് ആറുമണിക്കൂർ യാത്രചെയ്താൽ കിട്ടുന്നിടത്താണു സൂക്ഷിച്ചിട്ടുള്ളത്. സോളാർ കേസുമായി ബന്ധപ്പെട്ട ചില രേഖകളും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ അവർക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പുതരണമെന്നും ബിജു നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.
രാവിലെ 10ന് ബിജു രാധാകൃഷ്ണൻ സോളാർ കമ്മിഷനിലേക്ക് കടന്നു വരുന്നു. കൈയിൽ റോസ് നിറത്തിലുള്ള ഒരു ഫയൽ മാത്രം. രാവിലെ 11ന് കമ്മിഷൻ സിറ്റിങ് തുടങ്ങി. സിറ്റിംഗിൽ ആദ്യം തന്നെ ബിജുവിനോട് കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജന്റെ ചോദ്യം. സാധനം കൊണ്ടുവന്നിട്ടുണ്ടോ?. ബിജു: പത്ത് മണിക്കൂറിനകം ഹാജരാക്കാൻ കഴിയും. കമ്മിഷൻ: ഇന്നു തന്നെ നടക്കുമോ? ബിജു: അതെ. ജയിലിലായതിനാലാണ് സി.ഡികൾ എത്തിക്കാൻ കഴിയാതിരുന്നത്. കമ്മിഷൻ സൗകര്യം ഒരുക്കിയാൽ കൊണ്ടുവരാം. കമ്മിഷൻ: സി.ഡി കേരളത്തിനകത്തോ പുറത്തോ? ബിജു: പുറത്താണ്. അതോടെ അന്യസംസ്ഥാനത്തുനിന്ന് സി.ഡി കണ്ടെടുത്തുകൊണ്ടുവരാൻ കമ്മിഷന് അധികാരമുണ്ടോയെന്ന് അഭിഭാഷകരുമായി കോടതിയിൽ ചർച്ച തുടങ്ങി. കമ്മിഷന് അധികാരമുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാൻ ആരെയെങ്കിലും നിയോഗിക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ നിലപാടെടുത്തു. എന്നാൽ സുരക്ഷയും പിടിച്ചെടുക്കുന്ന കാര്യവും താൻ നോക്കിക്കോളാം എന്നായിരുന്നു കമ്മീഷന്റെ മറുപടി.
തുടർന്നായിരുന്നു കമ്മിഷന്റെ സുപ്രധാന നിരീക്ഷണം. 'കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ആരോപണം ഡെമോക്‌ളിസിന്റെ വാൾ പോലെ തൂങ്ങി കിടക്കാൻ പാടില്ല. പന്തുതട്ടലും ഇനി നടക്കില്ല. സി.ഡികൾ സുരക്ഷിതമായി എത്തിക്കാൻ സൗകര്യം ഒരുക്കും. അത് എങ്ങനെയെന്ന് കമ്മിഷൻ തീരുമാനിക്കും.''ഇതോടെ സാക്ഷിക്കൂട്ടിലിരുന്ന ബിജു രാധാകൃഷ്ണൻ പൊട്ടിത്തെറിച്ചു. 'കമ്മിഷൻ പറഞ്ഞ കാര്യങ്ങൾ പോലും ചെയ്തു തന്നില്ല. എന്നെ ഭ്രാന്തനാക്കാനും വ്യക്തിഹത്യ നടത്താനുമാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. അവർക്കെതിരെ എന്ത് നടപടിയെടുത്തു, മനുഷ്യാവകാശ ദിനത്തിൽ പോലും എനിക്ക് നീതിയില്ല. സരിതയ്ക്കും ബിജുവിനും രണ്ടു നീതി. ഇനി ഇടിച്ചുപഴുപ്പിച്ച് സി.ഡി എടുക്കട്ടെ' ബിജു ആരോപണം തുടർന്നതോടെ കമ്മിഷൻ ഇടപെട്ടു. ?സി.ഡി കിട്ടിയ ശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് കമ്മിഷൻ വ്യക്തമാക്കി. ബിജുവിനെ കോടതിക്ക് പുറത്തു നിറുത്താനും നിർദ്ദേശിച്ച് 12 മണിയോടെ സിറ്റിങ് അവസാനിപ്പിച്ചു. പിന്നീട് ബിജുവുമായി സി.ഡി കണ്ടെടുക്കാൻ പോകാനുള്ള ഉത്തരവ് കമ്മിഷൻ പുറപ്പെടുവിച്ചു.
ബിജുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു കൊണ്ടുവന്ന പൊലീസുകാരിൽ മൂന്നു പേരെയും കമ്മിഷൻ ഓഫീസിലെ രണ്ടു പൊലീസുകാരെയും കമ്മിഷൻ അഭിഭാഷകൻ ഹരികുമാറിനെയും ഉൾപ്പെടുത്തി സംഘം രൂപീകരിച്ചു. തന്റെ അഭിഭാഷകനെ ഉൾപ്പെടുത്തണമെന്നും പൊലീസുകാരുടെ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ബിജു കമ്മിഷനിൽ അപേക്ഷ സമർപ്പിച്ചു. അഭിഭാഷകനെ കമ്മിഷൻ അനുവദിച്ചില്ലെങ്കിലും പൊലീസുകാരുടെ ഫോണുകൾ പിടിച്ചുവയ്ക്കാനും കമ്മിഷൻ തീരുമാനിച്ചു. കമ്മിഷന്റെ അഭിഭാഷകനു മാത്രം ഫോൺ അനുവദിച്ചു. കമ്മിഷന്റെ സെക്രട്ടറി പി.എസ്. ദിവാകരൻ ഉപയോഗിക്കുന്ന കെ.എൽ01 ബി.പി. 420 എന്ന നമ്പർ സൈലോ കാർ ദൗത്യത്തിന് വിട്ടുകൊടുത്തു. 3.45ന് കമ്മിഷൻ ഓഫീസ് അങ്കണത്തിൽ നിന്ന് ബിജുവുമായി കാർ പുറപ്പെട്ടു. പിറകെ മാദ്ധ്യമ വാഹനങ്ങളും. ഒടുവിൽ നാണംകെട്ട് മടക്കവും.