- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ലാവലിൻ കേസ്, ഇന്ന് സോളാർ പീഡനക്കേസ്; അന്വേഷണം സിബിഐയ്ക്ക് വിടുന്നതിന് പിന്നിൽ കടുത്ത രാഷ്ട്രീയ നീക്കം; 2006ൽ ഉമ്മൻ ചാണ്ടിയുടെ അറ്റകൈ പ്രയോഗത്തിന് പിണറായിയുടെ 'പ്രതികാരം' മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ പരാതിക്കാരിയുടെ അപേക്ഷയിൽ സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ട് ഇടതുപക്ഷ സർക്കാർ. അധികാരത്തിലേക്ക് തിരിച്ചെത്താൻ പതിനെട്ടടവും പയറ്റാനൊരുങ്ങുന്ന കോൺഗ്രസ്സിന്റേയും യുഡിഎഫിന്റെയും മുന്നണിപോരാളിയായി ഉമ്മൻ ചാണ്ടിയെ നേതൃനിരയിലെത്തിച്ച് പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള തീരുമാനത്തിൽ സർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നത്.
കേസിൽ അന്വേഷണം നേരിടേണ്ടയാൾ ഉമ്മൻ ചാണ്ടി തന്നെയാണ് എന്നതാണ് കേസിന് ഏറ്റവും കൂടുതൽ രാഷ്ട്രീയ മാനം കൈവരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിന്റെ ഏററവും കടുത്ത രാഷ്ട്രീയനീക്കമാണിത്.
15 വർഷങ്ങൾക്കുമുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പിണറായി വിജയൻ ഉൾപ്പെട്ട ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടതും ഇതുപോലെ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കുന്ന കാലയളവിലായിരുന്നു. 2006ലാണ് ലാവലിൻ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാർ വിജ്ഞാപനം ഇക്കിയത്.
പിണറായി വിജയൻ വി. എസ് അച്യുതാനന്ദൻ എന്നീ രണ്ട് ധ്രുവങ്ങളിലായി സിപിഎം നിലകൊണ്ടിരിക്കുന്ന കാലത്ത് അച്യുതാനന്ദന് അനുകൂലമായി പാർട്ടി വികാരം രൂപപ്പെടുത്തിയതിലും ലാവലിൻ വിഷയം വലിയ പങ്കാണ് വഹിച്ചത്. ആ തരത്തിൽ വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ തിരിച്ചടിയായും പിണറായി സർക്കാരിന്റെ ഈ നീക്കത്തെ കാണാവുന്നതാണ്.
പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം സോളാർ ലൈംഗികാരോപണ കേസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിച്ചിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയം. സിബിഐക്ക് സോളാർ ബലാത്സംഗ കേസ് വിട്ടുകൊടുത്തത് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ സാധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പേര് തിരഞ്ഞെടുപ്പ് കാലത്ത് സംശയ മുനയിൽ നിർത്താൻ ഇതിലൂടെ സാധിക്കും. അതാണ് ഇടതുപക്ഷവും സർക്കാരും ലക്ഷ്യമിടുന്നതും.
ഉമ്മൻ ചാണ്ടിക്കു പുറമെ നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള അന്വേഷണവും ഉൾപ്പെടും.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.
സോളാർ കേസുമായി ബന്ധപ്പെട്ട് ഈ അഞ്ചു വർഷവും സർക്കാർ എന്ത് ചെയ്തു എന്ന തരത്തിലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പ്രതിരോധ നീക്കം. ഡി.ജി.പി. രാജേഷ് ദിവാൻ, എ.ഡി.ജി.പി.മാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഉന്നതസംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാൻ ശുപാർശ ചെയ്തത്.
ഇതു തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സർക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകൾ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ലൈഫ് മിഷൻ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂർ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാൻ കോടികൾ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് ഇപ്പോൾ സിബിഐയുടെ പിറകെ പോകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു കഴിഞ്ഞു.
നിലവിൽ സിബിഐയ്ക്കു സ്വമേധയാ സംസ്ഥാനത്തെ കേസെടുക്കാൻ കഴിയില്ല. സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാൻ പറ്റൂ. ആ തരത്തിൽ സിബിഐയ്ക്കു തന്നെ നിയന്ത്രണമേർപ്പെടുത്തിയ ഇടതുസർക്കാർ സോളാർ കേസ് സിബിഐയ്ക്കു വിടുന്നെന്ന കൗതുകവും ഈ സംഭവത്തിലുണ്ട്. അപ്പോഴും കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണ്. രാഷ്ട്രീയ ആയുധം എന്ന നിലയിൽ വിഷയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന സാധ്യതയുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിന്റെ ഏററവും കടുത്ത രാഷ്ട്രീയനീക്കമാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഏറെ പ്രതിരോധത്തിലായ ഘട്ടത്തിൽപോലും ഇടതുപക്ഷം ഉപയോഗിക്കാത്ത തുറുപ്പ ചീട്ടാണ് ഈ സിബിഐ അന്വേഷണം. എന്നാൽ ഈ തീരുമാനം സർക്കാരിന് തിരിച്ചടിയാവുമെന്നാണ് ഉമ്മൻ ചാണ്ടി വാർത്തയോട് പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ