തിരുവനന്തപുരം: സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്തില്ല. തന്നെ പീഡിപ്പിച്ചവരെക്കുറിച്ചു സരിതാ നായർ ഡിജിപി: ലോക്‌നാഥ് ബെഹ്‌റയ്ക്കു നൽകിയ പരാതിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അന്വേഷണം ഇനിയും വൈകും. പരാതിയിൽ എന്തു നടപടി എന്നതിനെക്കുറിച്ചു ആകെ ആശയക്കുഴപ്പമാണ്.

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സരിത നൽകുന്ന രണ്ടാമത്തെ പരാതിയാണിത്. നേരത്തേ പിണറായി വിജയനു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സർക്കാർതന്നെ സരിതയിൽനിന്നു വീണ്ടും ഒരു പരാതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചാൽ അതിന്റെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അങ്ങനെ ഉണ്ടായാൽ അത് സർക്കാരിന് കടുത്ത വെല്ലുവിളിയാകും. രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്യും. അതിനാൽ മതിയായ കരുതലെടുക്കും. തെളിവുണ്ടെങ്കിൽ മാത്രം അന്വേഷണം എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. എഴുതി നൽകിയ പരാതിയിൽ സരിത തെളിവു നൽകേണ്ടി വരും. പീഡനമെല്ലാം വർഷങ്ങൾക്ക് മുമ്പുണ്ടായത്. അതിൽ എങ്ങനെ തെളിവുകിട്ടുമെന്ന ചോദ്യവും സജീവമാണ്.

ഇപ്പോഴത്തെ രണ്ടു പരാതികൾക്കു മുമ്പ്, തന്നെ പീഡിപ്പിച്ചവരെക്കുറിച്ചു സരിതയുടേതായി പറയുന്ന മൂന്നു കത്തുകളാണു വാർത്തകളിൽ വന്നത്. ഒന്നു സരിത തിരുവനന്തപരത്തു ജയിലിൽ വച്ച് എഴുതിയതും സരിതയുടെ അഭിഭാഷകൻ കൊണ്ടുപോയതുമായ കത്ത്. രണ്ട് സരിത തിരുവനന്തപുരം പ്രസ് ക്‌ളബ്ബിൽ പത്രസമ്മേളനം നടത്തിയപ്പോൾ ഉയർത്തിക്കാട്ടിയതും ചില ഭാഗങ്ങൾ മാധ്യമ ഫൊട്ടോഗ്രഫർമാർ സൂം ചെയ്തു പ്രസിദ്ധപ്പെടുത്തിയതുമായ കത്ത്. മൂന്നാമത്തേത് ഏഷ്യാനെറ്റ് ചാനൽ ലേഖകൻ സരിതയുടേതായി കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്ത്. ഈ സാഹചര്യത്തിൽ സരിതയുടെ കത്തുകളിലെ വിശ്വാസ്യതയെ ആരോപണ വിധേയർ ചോദ്യം ചെയ്യും. കോടതികളിൽ നിയമപോരാട്ടം എത്തിയാൽ പ്രതികൾക്ക് അനുകൂലമാകും കാര്യങ്ങളെന്നാണ് പൊലീസിലെ വിലയിരുത്തൽ.

ഈ കത്തുകളിലെയും പിന്നീടു നൽകിയ രണ്ടു പരാതികളിലെയും വിശദാംശങ്ങളിലെ പൊരുത്തക്കേടും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതിനിടെ സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്കു വിടാനും സർക്കാർ നീക്കമുണ്ട്. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നിയുക്തസംഘത്തിന്റെ അന്വേഷണപരിധിക്കും അപ്പുറമുള്ള കാര്യങ്ങൾ കേസിലെ പ്രതി സരിതാ എസ്. നായർ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ സഹായം തേടാൻ സർക്കാർ ആലോചിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പളിനിമാണിക്യം, മുൻകേന്ദ്രമന്ത്രിയുടെ മകൻ തുടങ്ങിയവർക്കെതിരേ സരിത ആരോപിച്ച ലൈംഗികാരോപണപരാതിയിൽ കേസെടുക്കാൻ ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. പരാതിക്ക് ആസ്പദമായ സംഭവങ്ങൾ കേരളത്തിനു പുറത്തും നടന്നിട്ടുള്ളതിനാൽ ദേശീയപ്രാധാന്യമുണ്ട്. പ്രതിസ്ഥാനത്തു പ്രതിപക്ഷനേതാക്കളായതിനാൽ ഭരണതലത്തിലുള്ള ഇടപെടൽ സംബന്ധിച്ച് ഉയർന്നേക്കാവുന്ന ആരോപണം ഒഴിവാക്കാനും അന്വേഷണം സിബിഐക്കു വിടുന്നതാണ് ഉചിതമെന്നു സർക്കാർ കരുതുന്നു.

ഇക്കാര്യം സി.പി.എം. സെക്രട്ടേറിയറ്റും ചർച്ചചെയ്യുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേകസംഘത്തെ പഴിചാരി അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതിപക്ഷനീക്കമുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ട്. സോളാർ കേസിൽ ബലാത്സംഗം, കൈക്കൂലി ഉൾപ്പെടെയുള്ള ഗൗരവതരമായ വെളിപ്പെടുത്തലുകളെക്കുറിച്ചു ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം നിർദേശിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ വിവാദമായ സാഹചര്യത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാനാണു സർക്കാരിന്റെ തീരുമാനം. അതു ലഭിച്ച ശേഷമേ ഇനി അന്വേഷണ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു താൻ നൽകിയ പരാതികൾ അട്ടിമറിക്കപ്പെട്ടെന്നും അന്നത്തെ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ആരോപിച്ചാണ് സരിത മുഖ്യമന്ത്രിക്കു വീ്ണ്ടും പരാതി നൽകിയത്. മുഖ്യമന്ത്രി അന്നുതന്നെ പരാതി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറി. ഈ പരാതിയിൽ എടുക്കേണ്ട നടപടി സംബന്ധിച്ചാണു പൊലീസ് മേധാവി നിയമോപദേശം തേടിയത്.

മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സരിത നേരത്തേ നൽകിയ പരാതികൾ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. പ്രതിരോധ ഇടപാടിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുൻകേന്ദ്രമന്ത്രിയുടെ മകൻ ശാരീരികമായി ചൂഷണം ചെയ്തെന്ന് ഈ പരാതിയിൽ സരിത ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിമാരും ഉൾപ്പെടെ പ്രതിക്കൂട്ടിലായതോടെ സോളാർ കേസ് ദേശീയശ്രദ്ധയാകർഷിച്ചു. സമുന്നതനേതാവിന്റെ മകനും വിവാദത്തിൽ അകപ്പെട്ടതോടെ കേസ് കോൺഗ്രസിനെതിരായ രാഷ്ട്രീയായുധമാക്കാൻ കിട്ടുന്ന ഏതവസരവും എൻ.ഡി.എ. സർക്കാർ ഉപയോഗിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ സോളാർ കേസ് സിബിഐ. ഏറ്റെടുക്കാൻ സാധ്യത ഏറെയാണ്.