തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മേൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിനെ ചൊല്ലി അവ്യക്തത. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് ഒരാഴ്ചയായി. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പീഡന ആരോപണങ്ങൾ അന്വേഷിക്കണമെന്ന പരാമർശം സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ചാണ് ആശയക്കുഴപ്പം. കമ്മീഷൻ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച ഒരു ശുപാർശയുമില്ല. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധി സാമ്പത്തിക പ്രശ്‌നത്തിൽ മാത്രമൊതുങ്ങും. മൂന്ന് സോളാർ ഇടപാടിൽ വീഴ്ചയുണ്ടായെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. നിയമപരമായി ഇതിന് അപ്പുറം ഒന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന ഉത്തരവിൽപ്പെടുത്താനാകില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ.

കമ്മീഷൻ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് വിട്ടിരുന്നു. എന്നാൽ ശുപാർശകൾക്ക് അപ്പുറം ചില എജി പറഞ്ഞു. അതിലാണ് പീഡനവും മറ്റും കടന്നു വരുന്നത്. കമ്മീഷന്റെ ശുപാർശകളിലെ നടപടിക്കപ്പുറമുള്ള നിയമോപദേശത്തിലേക്ക് എജി പോയെന്ന് ലോ സെക്രട്ടറിയും വിലയിരുത്തുന്നതായണ് സൂചന. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണത്തിൽ നടപടികൾ വൈകുന്നത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് മാത്രമേ നടക്കൂവെന്നാണ് ലോ സെക്രട്ടറിയുടെ നിലപാട്. വിജിലൻസ് അന്വേഷണത്തിന് അപ്പുറം ക്രൈംകേസുകൾ ചുമത്താനാകില്ലെന്നും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചാൽ പോരെയെന്നാണ് ചില കോണുകളിൽ നിന്നുയരുന്ന ചോദ്യം. ഈ അന്വേഷണത്തിൽ സരിതയുടെ മൊഴി രേഖപ്പെടുത്താം. അതിൽ അസ്വാഭവികമായെന്തെങ്കിലും ഉണ്ടെങ്കിൽ പീഡനക്കുറ്റം ചുമത്താമെന്നാണ് ഉയരുന്ന ആരോപണം.

കമ്മീഷന്റെ ശിപാർശകൾക്കു പുറമെ, റിപ്പോർട്ടിനകത്തുള്ള നിഗമനങ്ങളൂടെ കൂടി അടിസ്ഥാനത്തിൽ മറ്റു ചില കാര്യങ്ങൾ കൂടി നിയമോപദേശകർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഈ വിഷയങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഒന്നാമത്തെ കാര്യം സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെ തുടർന്ന് ഇനിയും പരാതികൾ ലഭിക്കുന്നതിനും പഴയ കേസുകളിൽ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. പുതിയ പരാതികൾ ലഭിക്കുകയാണെങ്കിൽ അവയെ സംബന്ധിച്ച് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പഴയ കേസുകളിൽ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം തുടരന്വേഷണവും നടത്താവുന്നതാണ്. സ്വീകരിക്കുന്ന നടപടികൾ: ഇത്തരത്തിൽ പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാണ്. ഇത്തരമൊരു നിർദ്ദേശം നൽകുന്ന ഉത്തരവിറക്കുന്നതിലാണ് പ്രധാനമായും തർക്കം.

രണ്ടാമതായി, കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത എസ്. നായരിൽ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാൽ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നത് നിയമോപദേശത്തിന്റെ ഭാഗത്താണ്. അതിനാൽ, സരിത എസ്. നായരുടെ 19.07.2013 ലെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണെന്ന് എജി ശുപാർശ ചെയ്യുന്നു. എന്നാൽ കമ്മീഷൻ നിഗമനത്തിൽ ഇത്തരമൊരു വാചകമില്ല. അതുകൊണ്ട് തന്നെ ലൈംഗിക സംതൃപ്തിയിലെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിൽ പരാമർശമുണ്ടാകില്ല. മന്ത്രിസഭ അംഗീകരിച്ച തീരുമാനം എന്ന മട്ടിലാണ് വാർത്താ സമ്മേളനത്തിൽ ഇതെല്ലാം മുഖ്യമന്ത്രി വായിച്ചത്. ഉത്തരവിലും ഇതെല്ലാം വേണമെന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്. ഇതാണ് ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പിന് കാരണം.

ആർക്കും എങ്ങനേയും വ്യാഖ്യാനിക്കാവുന്ന തരത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അവ പരിശോധിക്കുന്നതിന് പ്രത്യേക സംഘം എന്ന നിലയിൽ മാത്രമേ അന്വേഷണ സംഘത്തെ രൂപീകരിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ പീഡനത്തിന് തെളിവുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയതായി മുഖ്യമന്ത്രി പോലും പറയുന്നില്ല. സാമ്പത്തിക ഇടപാടുമായ പരാമർശങ്ങളുടെ സൂചനയാണ് അതിൽ ഉള്ളത്. അതിന് അപ്പുറം ഒന്നുമില്ല. പുകമറ സൃഷ്ടിക്കാനായി നിയമോപദേശത്തെ കമ്മീഷൻ ശുപാർശയായി ഉയർത്തികാട്ടി. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാക്കളെ ഒന്നും ചെയ്യാനാകില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

സോളർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യു.ഡി.എഫ് സർക്കാർ കൂട്ടുനിന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളർ തട്ടിപ്പുക്കേസിൽ ഉത്തരവാദികളാണെന്നും പിണറായി പറഞ്ഞിരുന്നു. അന്നത്തെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിക്കുകയായിരുന്നു തിരുവഞ്ചൂർ. അതേസമയം സോളാർ കേസിൽ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കുമെന്നും അറിയിച്ചു. അതു ചെയ്യുകയും ചെയ്തു. സരിത കത്തിൽ പരാമർശിച്ച ഉദ്യോഗസ്ഥർക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് പൊലീസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനും കാരണമായി.

സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് കമ്മിഷന്റെ കണ്ടെത്തലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കൽ എന്നിവ പ്രകടമാണ്. ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് എടുക്കാനും ശുപാർശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്കെതിരായ വിജിലൻസ് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഉമ്മൻ ചാണ്ടി നേരിട്ടും മറ്റുള്ളവർ മുഖേനെയും സരിതയിൽനിന്നു കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻ ചാണ്ടിയും അദ്ദേഹം മുഖേന പഴ്സനൽ സ്റ്റാഫും ടീം സോളറിനെയും സരിതാ എസ് നായരെയും സഹായിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു.

സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടർന്ന് അവസാനനിമിഷം മാറ്റിവച്ചുവെന്നാണ് സൂചനകൾ. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തിൽ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിരുന്നു. സർക്കാർ ഉത്തരവ്‌ െകെപ്പറ്റിയാലുടൻ അന്വേഷണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിർദ്ദേശിച്ചിരുന്നു.

സോളാർ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തിൽ മുമ്പ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷൻ ചില കണ്ടെത്തലുകൾ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോർട്ടിൽ പരാമർശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാൽ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളിൽ ഉറച്ചുനിന്നാൽ ആരോപണവിധേയരായാലും നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുന്നതിലും ആശയക്കുഴപ്പമുണ്ട്.