ശ്രീനഗർ: ജമ്മുകാഷ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രജൗരിയിലേയും പൂഞ്ചിലേയും ഇന്ത്യൻ പോസ്റ്റുകൾക്കു നേരായാണ് വെടിവയ്പുണ്ടായത്. പഞ്ചാബിലെ ഫിറോസ്പുർ സ്വദേശിയായ ജഗ്‌സിർ സിങ് (32) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജഗ്‌സിർ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നൗഷേരാ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് ജഗ്‌സിർ സിങ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം പൂഞ്ചിലെ ക്രിഷ്ണാ ഘാട്ടി സെക്ടറിൽ പാക് സൈന്യം പ്രകോപനം കൂടാതെ ഷെല്ലിങ് നടത്തി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ല. വൈകുന്നേരം 4.50 ന് ആയിരുന്നു ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.