ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിൽ ഇന്ത്യൻ പട്ടാളത്തിന്റെ വാനങ്ങൾക്കു നേർക്കുണ്ടായ ഭീകരാക്രണമത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും ഏതാനും ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ കാഷ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം.

വൈകിട്ട് ബസ്‌കുചാൽ ഗ്രാമത്തിൽ ഭീകരർക്കായി തെരച്ചിൽ നടത്തിയ സൈനികരാണ് ആക്രമിക്കപ്പെട്ടത്. ഭീകരർ സൈനികർക്കു നേർക്കു വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

ഷോപിയാൻ ജില്ലയിൽ ഭീകരർക്കുവേണ്ടി സൈന്യം വ്യാപക വ്യാഴാഴ്ച തിരച്ചിൽ തുടങ്ങിയിരുന്നു. നിരവധി ഗ്രാമങ്ങളിൽനിന്ന് പുറത്തേക്കുള്ള വഴികൾ അടച്ചായിരുന്നു തിരച്ചിൽ. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

ഏതാനും ദിവസങ്ങൾ മുമ്പ് കാഷ്മീരിൽ അതിക്രമിച്ചുകടന്ന പാക് പട്ടാളവും ഭീകരരും രണ്ട് ഇന്ത്യൻ പട്ടാളക്കാരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയിരുന്നു. ഇതിൽ കടുത്ത അമർഷമാണ് ഇന്ത്യയിൽ പുകയുന്നത്.