ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുൽ മജീദിനെ കണ്ടെത്തിയത്. എഴ് മക്കൾ ജനിച്ച ശേഷമാണ് ഇയാൾ കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയത്. 12 വർഷമായി തങ്ങളുടെ പിതാവിനെ കാണാനായി കാത്തിരിക്കുകയാണ് മക്കളും ഭാര്യ മുഅ്മിനയും. ഇയാളെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം.

മക്കളുമായി ദുരിതാവസ്ഥയിൽ കഴിയുന്ന മുഅ്മിനിക്ക് പ്രത്യാശ നൽകുന്നതാണ് ഭർത്താവിനെ കണ്ടെത്തിയെന്ന വിവരം.ഇതോടെ വർഷങ്ങളായി കാത്തിരിക്കുന്ന അച്ഛനെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ് മക്കൾ.നേരിൽ കാണുമ്പോൾ മക്കളെയും ഭാര്യയെയും ചേർത്ത് നിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. കടുംബത്തിന്റെ നിലവിലെ ആകെയുള്ള തെളിവ് ഉമ്മ മുഅ്മിനയുടെ സോമാലിയൻ പൗരത്വവും പിതാവ് മജീദിന്റെ ഇന്ത്യൻ പൗരത്വം മാത്രമാണ്.

അതേസമയം യാതൊരു വിധ രേഖകളും ഇല്ലാത്ത മുഅ്മിനയ്ക്കും മക്കൾക്കും ഇന്ത്യയിലേക്ക് എത്തണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഇത് സംഘടിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് സൗദിയിലെ സാമൂഹ്യ പ്രവർത്തകർ. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സർക്കാർ തല സംവിധാനങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവർ.

അബ്ദുൽ മജീദിന്റെ സഹോദരങ്ങളോട് സന്നദ്ധപ്രവർത്തകർ ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. അതേസമയം അബ്ദുൽ മജീദ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.