- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രയാൻ-2 ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ച മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ കൊല്ലം ടികെഎം കോളേജിലെ പഴയ മിടുക്കൻ; വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ അഗ്രഗണ്യൻ; ശ്രീഹരിക്കോട്ടയിലെ ആദ്യ ദൗത്യവും വിജയകം; മലയാളിക്ക് അഭിമാനമായി ഇസ്രോ ചെയർമാൻ സോമനാഥ്
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു ജ്വലിച്ചുയർന്ന പിഎസ്എൽവി സി-52 റോക്കറ്റിലേറി 3 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തുമ്പോൾ അഭിമാനം ഉയരുന്നത് മലയാളിയുടേത് കൂടിയാണ്. പുതു വർഷത്തിൽ ഐ എസ് ആർ ഒയുടെ ആദ്യ ദൗത്യം വിജയമായി. മലയാളിയായ പുതിയ ചെയർമാൻ എസ്. സോമനാഥ് ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവാദിത്തം. മലയാളികളായ ജി.മാധവൻ നായർ, കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുമ്പ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തെത്തിയ മലയാളികൾ. ഈ വഴിയേ എത്തിയ സോമനാഥനും ഇന്ത്യയുടെ ശാസ്ത്ര കുതുപ്പിന് പുതിയ തലം നൽകുന്നു.
25.30 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഇന്നലെ പുലർച്ചെ 05.59നായിരുന്നു വിക്ഷേപണം. ഏതു കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 04 ആയിരുന്നു പ്രധാന ഉപഗ്രഹം. ഇതിനൊപ്പം തിരുവനന്തപുരം വലിയമല ബഹിരാകാശ സർവകലാശാലയുടെ ഇൻസ്പയർസാറ്റ് 1, ഇന്ത്യയും ഭൂട്ടാനും ചേർന്ന് ഒരുക്കിയ ഐഎൻഎസ് 2 ടി ഡി എന്നീ 2 ചെറു ഉപഗ്രഹങ്ങൾക്കൂടി ഏകദേശം 17 മിനിറ്റ് 34 സെക്കൻഡിൽ 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇഒഎസ് 04 ൽ നിന്നു വിവരങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി എഫ്10 ദൗത്യം പരാജയപ്പെട്ടതിനു ശേഷം നടന്ന വിക്ഷേപണമാണിത്. കോവിഡ് വ്യാപനത്തെ തുടർന്നു പലതവണ മാറ്റിവച്ച ദൗത്യം പൂർത്തിയാക്കാനുള്ള നിയോഗം എസ്. സോമനാഥിനായിരുന്നു. 1,170 കിലോഗ്രാം ഭാരം. കൃഷി, വനം, തോട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മണ്ണിലെ ഈർപ്പം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയവ കണ്ടെത്താനും എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ ശേഷിയുണ്ട്. 10 വർഷമാണ് ഉപഗ്രഹത്തിന്റെ ദൗത്യ കാലാവധി. പിഎസ്എൽവിയുടെ 54-ാമത്തെ ദൗത്യമാണിത്.
സോമനാഥ് 2018 ജനുവരിയിലാണ് വി എസ് എസ് സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവൻ ഇസ്രൊ ചെയർമാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വി എസ്എസ്സി ഡയറക്ടറാകുന്നത്. ശിവൻ സ്ഥാനമൊഴിഞ്ഞപ്പോൾ ഉത്തരവാദിത്തം സോമനാഥിനായി. ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് ചുക്കാൻ പിടിക്കുന്നതും സോമനാഥിന്റെ നേതൃത്വത്തിലാണ്. ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഡോ എസ് സോമനാഥ്. ബഹിരാകാശ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന പക്ഷക്കാരനുമാണ്. 1985 മുതൽ തിരുവനന്തപുരം വി എസ്എസ്സിയുമായി ചേർന്ന പ്രവർത്തിക്കുകയാണ് എസ് സോമനാഥ്. 2018 ജനുവരിയിലാണ് വി എസ്എസ്സി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്.
ലിക്വഡ് പ്രോപ്പൾഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായും അദ്ദഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ നിർണായകമായ സംഭാവനകളാണ് എസ് സോമനാഥ് നൽകിയിരിക്കുന്നത്. എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് എസ്. സോമനാഥ്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ ഡോ. സോമനാഥാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിങ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. അതിന് ശേഷം സോമനാഥ് 1985 ൽ വി എസ്എസ് എസിയിൽ ചേരുകയും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ചെയ്തു. 2015 ജൂണിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 2018 ജനുവരി വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം വി എസ്.എസ്.സി ഡയറക്ടറായി.
ദേശീയ എയറോനോട്ടിക്കൽ പുരസ്‌കാരം കഴിഞ്ഞ വർഷം കിട്ടയതും ഡോ. എസ് സോമനാഥിനായിരുന്നു. ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകൾ പരിഗണിച്ച് എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്നതാണ് പുരസ്‌കാരം . സോമനാഥ് തുറവൂർ സ്വദേശിയാണ്. തുറവൂർ വേടംപറമ്പിൽ അദ്ധ്യാപകനായ ശ്രീധരപ്പണിക്കരുടേയും, തങ്കമ്മയുടേയും മകനാണ്. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീട് തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്.
മറുനാടന് മലയാളി ബ്യൂറോ