കോന്നി: ലോകശാന്തിക്കും സമാധാനത്തിനും മഴ കിട്ടാനുമൊക്കെയാണ് പ്രാചീനകാലം മുതൽ യാഗങ്ങൾ നടത്തിവന്നത്. വിശ്വാസത്തേക്കാളുപരി ശാസ്ത്രീയ അടിത്തറ കൂടിയുള്ളതാണ് യാഗം. അത്തരത്തിലൊരു യാഗമാണ് ഇളകൊള്ളൂർ മഹാദേവ ക്ഷേത്രമൈതാനത്ത് നടക്കുന്നത്.

ഇളകൊള്ളൂരിൽ നടക്കുന്ന സോമയാഗത്തിന്റെ ഫലം, അത് അവസാനിക്കുന്നതിന് മുൻപു തന്നെ ഭൂമാഫിയയ്ക്ക് അനുകൂലമാണ്. യാഗം നടക്കുന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള വയലുകൾ മണ്ണിട്ടു നികത്തുകയാണ്. ഇതിനായി ഭൂമാഫിയ ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രമാണ് ശ്രദ്ധേയം. ക്ഷേത്രത്തോടു ചേർന്ന് കോന്നി-ചന്ദനപ്പള്ളി റോഡിന്റെ ഇരുവശങ്ങളിലുമായി യാഗത്തിനെന്നു പറഞ്ഞ് പന്തലിടുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഈ പന്തലിനുള്ളിലേക്ക് ടിപ്പർ ലോറിയിൽ മണ്ണു കൊണ്ടു വന്ന് അടിച്ചു തുടങ്ങി. ഇതൊക്കെ യാഗത്തിന്റെ ഭാഗമായിരിക്കും എന്നാണ് നാട്ടുകാർ കരുതിയത്.

സമീപത്തെ മൊട്ടക്കുന്നുകൾ ഇടിച്ചാണ് നിലം നികത്തുന്നത്. ക്ഷേത്രത്തോടു ചേർന്നുള്ള വ്യക്തിയുടെ ഭൂമിയാണ് വലിയ തോതിൽ മണ്ണിട്ട് നികത്തുന്നത്. നിലം നികത്തുന്നതിന് നാട്ടുകാർ തടസമാകാതിരിക്കാനാണ് യാഗത്തിന്റെ ആവശ്യത്തിനെന്ന പേരിൽ ഇവിടെ പന്തലും നിർമ്മിച്ചിട്ടുണ്ട്. പന്തൽ യാഗത്തിനുള്ളതാണെന്ന് ഭൂവുടമയും നാട്ടുകാരെ ധരിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് സോമയാഗം തുടങ്ങിയത്. പന്തൽ ഇതിന്റെ ഭാഗമായിരുന്നെങ്കിൽ മുൻകൂട്ടി തന്നെ ഇവിടെ ക്രമീകരണങ്ങൾ ഒരുക്കിയേനെയെന്ന് നാട്ടുകർ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ മറപിടിച്ച് സമീപത്തെ പാടശേഖരങ്ങളെല്ലാം തന്നെ നികത്തി വിൽപ്പന നടത്താനായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യം. ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഏക്കർ കണക്കിന് പാടശേഖരം നികത്താനും ഇവർക്ക് പദ്ധതിയുള്ളതായി പറയുന്നു. കോന്നി കേന്ദ്രീകരിച്ച് നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടറിഞ്ഞാണ് പ്രദേശത്ത് റിയൽ എസ്റ്റേറ്റ് ബിസിനസുകാർ പിടിമുറുക്കിയിരിക്കുന്നത്. നെല്ലും ഇതര കാർഷിക വിളകളും വ്യാപകമായി കൃഷി ചെയ്തിരുന്ന പാടങ്ങൾ കർഷകരിൽ നിന്നും കുറഞ്ഞ വില നൽകി ഭുമാഫിയ കൈക്കലാക്കിയിട്ടുള്ളതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

യാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തിന് മുഖമന്ത്രിയും തുടർദിവസങ്ങളിലെ ചടങ്ങുകൾക്ക് മുന്നിൽ നിന്ന് നയിക്കാൻ മന്ത്രിയടക്കമുള്ള ജനപ്രതിനിധികളും എത്തുമെന്നുള്ളതിനാൽ റവന്യു, ജിയോളജിസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ആ വഴിക്ക് പോവില്ലെന്നും ഭുമാഫിയ ഉറപ്പിച്ചിരിക്കുന്നു. സമുദായ സംഘടനാ നേതാക്കൾ രക്ഷാധികാരികളായതിനാലും റവന്യു വകുപ്പ് മന്ത്രി അടൂർ പ്രകാശിന്റെ നിയോജക മണ്ഡലമായതിനാലും നിയമലംഘനത്തിനെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ പരാതികൾ ലഭിച്ചിട്ടും കണ്ടില്ലെന്ന് നടക്കുകയാണ്.