- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വാട്ട്സാപ്പ് കൂട്ടായ്മയിൽ അച്ഛന് പകരം ചേർത്തത് മറ്റൊരാളെ; 'അപരൻ അച്ഛൻ' കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ തുടർന്നത് ആറുമാസത്തോളം; തനിക്ക് പിണഞ്ഞ അബദ്ധം വ്യക്തമാക്കി യുവാവ്
ലണ്ടൻ: സോഷ്യൽ മീഡിയയുടെ വരവോടെ കുടുംബ കൂട്ടായ്മകളും സൗഹൃദ കൂട്ടായ്മകളും സൈബർ ഇടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇത്തരം വാട്സാപ്പ് കൂട്ടായ്മകളിൽ പലപ്പോഴും ആളുമാറി പലരെയും ആഡ് ചെയ്ത് അബദ്ധം പിണഞ്ഞവരും കുറവല്ല. എന്നാലിപ്പോൾ സ്വന്തം അച്ഛന് പകരം മറ്റൊരാളെ കുടുംബ വാട്ട്സാപ്പ് കൂട്ടായ്മയിൽ ചേർത്ത യുവാവിന്റെ വിവരങ്ങളാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ആറുമാസത്തോളം ഈ 'അപരൻ അച്ഛൻ' കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ തുടർന്നു. യുകെയിലെ ജോണോ ഹോപ്കിൻസ് എന്നയാളാണ് തന്റെ അച്ഛനാണെന്ന് കരുതി പീറ്റർ എന്ന യുവാവിനെ വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തത്.
ജോണോ ഹോപ്കിൻസ് തന്നെയാണ് തനിക്ക് പറ്റിയ അബദ്ധം ട്വിറ്ററിലൂടെ പങ്കുവെച്ചത്. അച്ഛന്റെ പേരും പീറ്റർ എന്ന് തന്നെയാണെന്നതായിരുന്നു അബദ്ധത്തിന് പിന്നിലെ പ്രധാന കാരണം. ആറുമാസത്തോളമാണ് അച്ഛനാണെന്ന് കരുതി മറ്റൊരാളെ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്നും തങ്ങളുടെ എല്ലാ മെസേജും വായിച്ചിട്ടും പ്രതികരിക്കാതെ ഇരുന്ന ആൾ സത്യം പറഞ്ഞില്ലെന്നുമാണ് ഹോപ്കിൻസ് ട്വീറ്റ് ചെയ്തത്. തന്നെ അബദ്ധത്തിൽ ഗ്രൂപ്പിൽ ആഡ് ചെയ്തതാണെന്ന് മനസിലായെങ്കിലും ഇയാൾ ഗ്രൂപ്പിൽ നിന്ന് ഒഴിവാകാതെ മെസേജുകളെല്ലാം വായിച്ച് ഗ്രൂപ്പിൽ തന്നെ തുടരുകയായിരുന്നു.
കൂടുതലൊന്നും സംസാരിച്ച് ശീലമില്ലാതിരുന്ന തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയ ത്രില്ലിലായിരുന്നു ഹോപ്കിൻസ്. പല തവണ ഗ്രൂപ്പിലുണ്ടായിരുന്ന 'അച്ഛനോട്' മെസേജുകളെല്ലാം വായിച്ചിട്ടും എന്താണ് ഒന്നും പ്രതികരിക്കാത്തതെന്ന് ചോദിച്ചിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രായാധിക്യം കാരണമായിരിക്കും അദ്ദേഹം പ്രതികരിക്കാത്തത് എന്നായിരുന്നു ഹോപ്കിൻസ് കരുതിയിരുന്നത്.
'ഡാഡ്' എന്ന കോൺടാക്ടിന് പകരം താൻ എങ്ങനെയാണ് 'പീറ്റർ' എന്ന് സേവ് ചെയ്തിരുന്ന നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്തതെന്ന് ചിന്തിച്ചിരുന്നില്ലെന്നും ഇത് ശ്രദ്ധിക്കാതിരുന്നതാണ് അബദ്ധത്തിന് കാരണമെന്നും ഹോപ്കിൻസ് പറയുന്നു. തന്റെ അമ്മ ഗ്രൂപ്പിലേക്ക് അയച്ച മെസേജുകൾ മുഴുവൻ വായിക്കേണ്ടി വന്ന ‘വ്യാജ അച്ഛനെ' ക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും ഇയാൾ തമാശരൂപേണ പറയുന്നു. വീട്ടിൽ ജോലിക്കെത്തിയ ഒരു പ്ലംബറെയാണ് അബദ്ധത്തിൽ ഗ്രൂപ്പിൽ ചേർത്തതെന്നും പീറ്റർ വ്യക്തമാക്കി.