കൊച്ചി: ബൈക്ക് വാങ്ങാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽനിരന്തരം വഴക്കുണ്ടാക്കി പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ച മകൻ അറസ്റ്റിൽ. നേരിയമംഗലം മണിയൻപാറ പൊയ്ക്കാട്ടിൽ ജോളിയുടെ മകൻ അഭിജിത്തെന്ന പത്തൊമ്പതുകാരനെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നരഹത്യാശ്രമത്തിന് കേസെടുത്ത അഭിജിത്തിനെ റിമാൻഡ് ചെയ്തു. പിതാവ് അമ്പത്തഞ്ചുകാരനായ ജോളിയുടെ കൈയും കാലുമാണ് കഴിഞ്ഞദിവസം അഭിജിത്ത് കോടാലിക്കൈ ഉപയോഗിച്ചു തല്ലിയൊടിച്ചത്. മുമ്പും ബൈക്ക് വേണമെന്ന ആവശ്യത്തിൽ അഭിജിത്ത് വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു. ഇതിന്റെ പേരിൽ മാതാവ് സിസിലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പൊലീസ് വിളിപ്പിച്ച് അഭിജിത്തിനെ താക്കീതു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. പിതാവ് ജോളി വർഷങ്ങളായി മുംബൈയിൽ ടാക്സി ഡ്രൈവറാണ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരു മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. ജോളി എത്തിയതു മുതൽ ബൈക്ക് വേണമെന്നാവശ്യപ്പെട്ട് അഭിജിത്ത് വീണ്ടും വഴക്കാരംഭിച്ചു.

അതിനിടെ, വീട്ടിലെ ആഞ്ഞിലി മരം മുറിച്ചു വിറ്റിരുന്നു. മകളുടെ വിവാഹത്തിനായി സ്വർണം വാങ്ങുന്നതിനാണ് മരം വിറ്റത്. എന്നാൽ മരം വിറ്റു കിട്ടിയ തുകയിൽനിന്ന് അമ്പതിനായിരം രൂപ വേണമെന്നു കാട്ടി അഭിജിത്ത് വീണ്ടും വഴക്കു തുടങ്ങി. ഇക്കഴിഞ്ഞദിവസം രാത്രി വീട്ടിൽവച്ച് ബൈക്കിന്റെ പേരിൽ വീണ്ടും വഴക്കുണ്ടാവുകയും കൈയിൽ കിട്ടിയ കോടാലിക്കൈ ഉപയോഗിച്ച് ജോളിയുടെ കാലും കൈയും അടിച്ചൊടിക്കുകയുമായിരുന്നു.

മാതാവും സഹോദരിയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റിയായിരുന്നു അക്രമം. വീട്ടിൽനിന്നു കരച്ചിൽ കേട്ട് സമീപത്തു താമസിക്കുന്ന സഹോദരനും അയൽവാസികളും ചേർന്നാണ് ജോളിയെ ആശുപത്രിയിലാക്കിയത്. കാലിനും കൈയ്ക്കും ഒടിവുണ്ടായി ഗുരുതരമായ നിലയിലായതിനാൽ പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

പഠനം നിർത്തിയ ശേഷം നാട്ടിൽ ജോലിയൊന്നുമില്ലാതെ നിൽക്കുകയാണ് അഭിജിത്ത്. ലഹരിക്ക് അടിമയായ യുവാവിനെതിരേ ഊന്നുകൽ സ്റ്റേഷനിൽ വേറെയും കേസുകളുണ്ട്.