കോട്ടയം: മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മർദ്ദിക്കുന്ന പിതാവിന്റെ കാൽ വെട്ടി പതിനഞ്ചുകാരനായ മകൻ. കോട്ടയം മണർകാട് ഐരാറ്റുനടയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ കുടുംബം ഇവിടെ കുറച്ച് കാലമമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐരാറ്റുനട പാലസക്കുന്നിലാണ് കുടുംബം കഴിയുന്നത്. ഭർത്താവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. അച്ഛന്റെ മർദ്ദനവും ശല്യവും സഹിക്കാതെയാണ് മകൻ ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. തയ്യൽ തൊഴിലാളിയായ ശിവനെയാണ് മകൻ സഹികെട്ട് വാക്കത്തിക്ക് വെട്ടിയത്.

ശിവന്റെ ഇളയ മകനാണ് കാൽ വെട്ടിയത്. ശിവന് പതിനഞ്ച്കാരനെ കൂടാതെ മൂത്ത മകളാണ് ഉള്ളത്. അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. തയ്യൽ തൊഴിലാളിയായ ശിവൻ ഇടയ്ക്ക് മാത്രമാണ് വീട്ടിൽ വരാറുള്ളത്. തമിഴ്‌നാട് ചെങ്കോട്ട സ്വദേശികളാണ് കുടുംബം. സ്ഥിരം മദ്യപിച്ചാണ് ശിവൻ വീട്ടിൽ വരുന്നത്. വീട്ടു കാര്യങ്ങൾ നോക്കുന്നതിനായി ആവശ്യത്തിന് പണം നൽകാതിരുന്നപ്പോഴാണ് ഇയാളുടെ ഭാര്യ ഒരു ടെക്‌സ്‌റ്റൈൽസ് ഷോപ്പിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ശിവൻ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു.

ഭാര്യ പണം നൽകാതിരുന്നപ്പോൾ പുറത്ത് പോയി മദ്യപിച്ച ശേഷം രാത്രി പന്ത്രണ്ടരയോടെ വീണ്ടും പാലക്കുഴിയിലെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് ഇയാൾ അസഭ്യം പറയുകയും ഭാര്യയെ മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. കണ്ട് നിന്ന മൂത്ത മകളും മകനും തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദ്ദനം തുടരുകയായിരുന്നു. മർദ്ദനം തടയാൻ വീണ്ടും ശ്രമിച്ചപ്പോൾ ശിവൻ മകനെ തള്ളിമാറ്റുകയായിരുന്നു. അമ്മയെ വീണ്ടും മർദ്ദിച്ചത് കണ്ട് നിയന്ത്രണം വിട്ട മകൻ അടുക്കളയിൽ പോയി വാക്കത്തിയുമായി തിരിച്ചുവരികയും അച്ഛന്റെ കാൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു

വെട്ടേറ്റ ശിവന്റെ നിലവിളി കേട്ടാണ് അയൽക്കാർ പുറത്തേക്ക് ഇറങ്ങിയത്. സാധാരണയായി ഇടയ്ക്ക് ശിവൻ വരുമ്പോൾ ബഹളം പതിവായതുകൊണ്ട് തന്നെ ആരും ഇത് കാര്യമാക്കിയില്ല. എന്നാൽ നിലവിളി കേട്ടതോടെയാണ് ആളുകൾ പുറത്ത് വന്നത്. വീട്ടിലെത്തുമ്പോഴെല്ലാം മകനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

കാലിന് വെട്ടേറ്റ ശിവനെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലതെത്തിയ മണർകാട് പൊലീസ് ശിവന്റെ മകനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു. പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഐപിസി 3087ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.