മുംബൈ: അസുഖം വന്ന് മരിച്ച മകന്റെ മൃതദേഹം പള്ളിയിൽ സൂക്ഷിച്ച് ബിഷപ്പായ പിതാവിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയത് പത്ത് ദിവസം. മരിച്ച മകൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നടന്ന പ്രാർത്ഥനയിലെ എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകിയതും ബിഷപ്പായ പിതാവ് തന്നെ. മഹാരാഷ്ട്രയിലെ അംബർനാഥിലെ ജീസസ് ഫോർ ഓൾ നേഷൻസ് പള്ളിയിലാണ് സംഭവം നടന്നത്.

പ്രാർത്ഥനകൾ നടത്തിയാൽ അത്ഭുതം നടക്കുമെന്നും കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടും എന്ന വിശ്വാസത്തിൽ മൃതദേഹം അടക്കം ചെയ്യാതെ പ്രാർത്ഥനകൾ നടത്തുകയായിരുന്നു. പിതാവിന്റെ ഈ വിശ്വാസത്തിന് കൂട്ടായിനിരവധി പുരോഹിതന്മാരും എത്തി. അർബുദം ബാധിച്ചതിനെ തുടർന്ന് പതിനേഴു വയസുകാരനായ മികാഷ് നവ്ഹിസ് ഒക്ടോബർ 27 നായിരുന്നു മരിച്ചത്.

കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ അന്നുതൊട്ട് ഇവർ പള്ളിയിൽവെച്ച് പ്രാർത്ഥന നടത്തുകയായിരുന്നു. സെപ്റ്റംബർ നാലിന് സമീപവാസികൾ ഇതേക്കുറിച്ച് പൊലീസിന് വിവരം നൽകിയിരുന്നു. പൊലീസ് എത്തിയപ്പോൾ മകന്റെ സംസ്‌കാര ചടങ്ങുകളാണ് നടത്തുന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് പോയതിനുശേഷം വീണ്ടും ഇവർ പ്രാർത്ഥനകൾ തുടങ്ങുകയായിരുന്നു.