പെരുമ്പാവൂർ: പെരുമ്പാവൂരിൽ മകൻ അച്ഛയനെയും അമ്മയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് ധൂർത്ത് തടയാൻ ശ്രമിച്ചതിന്റെ പേരിൽ. പെരുമ്പാവൂർ മാടപ്പുറം വീട്ടിൽ എഴുപത്തിരണ്ടുവയസ്സുള്ള പത്മനാഭൻ , അറുപത്തിനാലുകാരിയായ ഭാര്യ തിലോത്തമ എന്നിവരാണ് മകൻ ഷൈനിന്റെ വെട്ടേറ്റ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. മാതാവിന് ലഭിച്ച പെൻഷൻ പണം ആവശ്യപ്പെട്ട് ബഹളം വച്ചാണ് ഒടുവിൽ ഷൈൻ മാതാവിനെയും പിതാവിനെയും വാക്കത്തി കൊണ്ട് വെട്ടിക്കൊന്നത്.

സംഭവശേഷം പ്രതി നേരിട്ട് പൊലീസിനെ ഫോണിൽബന്ധപ്പെട്ട് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. റിട്ടയേർഡ് അദ്ധ്യാപികയായ തിലോത്തമ പെൻഷൻ വാങ്ങി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. പെൻഷൻ പണം ആവശ്യപ്പെട്ട് ഷൈൻ ബഹളം വച്ചു. എന്നാൽ പണം നൽകാൻ അമ്മ കൂട്ടാക്കിയില്ല. പണം കിട്ടാതെ വന്നതോടെ ഇയാൾ ഭീഷണിയും തെറിവിളിയുമായി പിന്നീട് പിടിവലിയിൽ എത്തിയപ്പോൾ തടയാനായാണ് അച്ഛൻ എത്തിയത്.

ഇങ്ങനെ പിടിവലി മുറുകിയതോടെ ഷൈൻ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടേറ്റ പത്മനാഭൻ തൽക്ഷണം മരിച്ചു. ഇത് കണ്് നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കിറങ്ങിയോടിയ അമ്മയെ നൂറടി അകലെയുള്ള തെരുവിലിട്ട് നാട്ടുകാർ കാൺകെയാണ് വെട്ടിക്കൊന്നത്.

ഇതിനുശേഷം വീട്ടിലെത്തി പൊലീസിനു ഫോൺ ചെയ്ത് വിവരം കൈമാറി. സ്ഥലത്തെത്തിയ പൊലീസ് ഷൈനിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പത്മനാഭൻ തിലോത്തമ ദമ്പതികളുടെ മൂത്ത മകൻ അരുൺ വീട്ടിലില്ലായിരുന്നു. പ്രതി ഷൈൻ നിരന്തരം വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണെന്നും മാനസികാ സ്വാസ്ഥ്യമുണ്ടെന്നും നാട്ടുകാർ പൊലീസിനു മൊഴി നൽകി. അമ്മയുടെ പെൻഷൻ പിടിച്ചുവാങ്ങി ബെംഗളൂരുവിൽ പോയി ധൂർത്തടിക്കുന്ന സ്വഭാവവും പ്രതിക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.