മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിയൊന്നുകാരനായ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽനിന്നാണ് സിദ്ധാനന്ദിനെ അറസ്റ്റുചെയ്തത്. ഇയാൾ കൊലക്കുറ്റം സമ്മതിച്ചു. അമ്മയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്നും അതിനാലാണ് കൊല ചെയ്തതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

കൊലയ്ക്കുശേഷം ദീപാലി ഗാനോറിന്റെ രക്തമുപയോഗിച്ച് 'അമ്മയെക്കൊണ്ട് മടുത്തുവെന്നും എന്നെ പിടികൂടി തൂക്കിലേറ്റുവെന്നും സിദ്ധാനന്ദ് ഭിത്തിയിൽ എഴുതിയിരുന്നു. സംഭവദിവസവും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ദീപാലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകൻ നൽകിയ മൊഴിയിൽ പറയുന്നത്.

കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇൻസ്‌പെക്ടർ ധ്യാനേശ്വർ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ (42) ആണ് മുംബൈയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലായിരുന്നു സംഭവം.

ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വർ ഗനോർ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു.കഴുത്തിന് കുത്തേറ്റ നിലയിൽ ഭർത്താവായ ഗ്യാനേശ്വർ ഗാനോർ ചൊവ്വാഴ്‌ച്ച അർധരാത്രിയോടെയാണ് കണ്ടത്. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലാണ് സംഭവം. ജോലി ചെയ്യുന്ന ഖാർ പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ ഗ്യാനേശ്വർ വീടിന്റെ കതകിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. മകനെയും ഭാര്യയെയും മാറി മാറി വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വീട്ടുകാർ കടയിൽ പോയതായിരിക്കാമെന്ന ധാരണയിലായിരുന്നു ഗ്യാനേശ്വർ.

എന്നാൽ രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കുട്ടയിൽ നിന്ന് താക്കോൽ കണ്ടെത്തിയ ഇദ്ദേഹം അകത്ത് ചെന്നപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ദീപാലിയെ കാണുന്നതെന്നാണ് ഗ്യാനേശ്വർ പൊലീസിന് നൽകിയ മൊഴി. ഷീന ബോറ കേസ് ഖാർ സ്റ്റേഷനിലായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തത്. ഷീന ബോറയുടെ അമ്മ ഇന്ദ്രാണി മുഖർജിയെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് ചെയ്തതും ഗ്യാനേശ്വർ ആണ്.