മുംബൈ: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമേരിക്കയിൽ നിന്നും ആ മകൻ അമ്മയെ കാണാൻ മുംബൈയിൽ എത്തിയത്. അമ്മ താമസിക്കുന്ന ഫ്‌ളാറ്റിൽ എത്തിയ അമേരിക്കയിലെ ടെക്കിയായ മകൻ കണ്ടതാവട്ടെ അമ്മയുടെ അസ്ഥി കൂടവും. ആരോരും കൂട്ടിനില്ലാതെ കഴിഞ്ഞ ഈ അമ്മ മരിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പുറം ലോകം അറിഞ്ഞില്ല.

റിതുരാജ് എന്ന മകനാണ് ഒരു വർഷത്തിന് ശേഷം അമ്മ ആഷാ കെ സഹാനിയെ കാണാൻ അമേരിക്കയിൽ നിന്നും മുംബൈയിൽ എത്തിയത്. അമ്മയുടെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുന്നു. പല തവണ വിളിച്ചിട്ടും അമ്മയിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെ മറ്റൊരാളുടെ സഹായത്തോടെ ഫ്ളാറ്റ് തുറന്ന് മകൻ അകത്തു കയറുകയായിരുന്നു. അമ്മയെ അന്വേഷിച്ച് കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. മരിച്ച് കിടക്കുന്ന അമ്മയുടെ അസ്ഥികൂടം മാത്രമാണ് അവശേഷിച്ചത്.

ഉറ്റവരും ഉടയവരും ഇല്ലാതെ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞ ഇവരുടെ ശരീരഭാഗങ്ങൾ ഏറെക്കുറെ അഴുകിതീർന്നിരുന്നു. അമ്മ മരിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്ന് അപ്പോഴാണ് ആ മകൻ തിരിച്ചറിഞ്ഞത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സ്വഭാവിക മരണമാണെന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

ഫ്ളാറ്റ് സമുച്ചയത്തിന്റെ പത്താംനിലയിൽ രണ്ട് ഫ്ളാറ്റുകളാണുള്ളത്. ഇതുരണ്ടും സഹാനിയുടേതാണ്. 63കാരിയായ അമ്മ മരിച്ച് അഴുകിയിട്ടും അയൽവാസികൾക്ക് ദുർഗന്ധം പോലും കിട്ടിയിരുന്നില്ലെന്നാണ് ആശ്ചര്യം.

ഞായറാഴ്ച പുലർച്ചെയാണ് റിതുരാജ് സഹാനി അമ്മയെ കാണാൻ ഓഷവാരയിലെ ഫ്ളാറ്റിൽ എത്തിയത്. അപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. എഞ്ചിനീയറായ മകൻ 1997ലാണ് അമേരിക്കയിലേക്ക് പോയത്. ഇവരുടെ ഭർത്താവ് 2013ൽ മരണമടഞ്ഞു. ഇതിന് ശേഷം ഇവർ ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞിരുന്നത്. തന്നെ വയോധികസദനത്തിൽ ആക്കണമെന്ന് പല തവണ അവർ മകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മകൻ ഇതിനെ പിന്തുണച്ചില്ല.