പത്തനംതിട്ട: യുവാവിനെ പുഴയിൽ തള്ളിയിട്ടു കൊന്ന കേസിൽ ഭാര്യയുടെ കാമുകനിൽ മാത്രം കേസ് ഒതുക്കി പൊലീസ്. അമ്മയും മാമനും കൂടി അച്ഛനെ മർദിക്കുകയും വലിച്ചിഴച്ചു കാറിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തത് കണ്ടുവെന്ന ആറുവയസുകാരന്റെ മൊഴി രേഖപ്പെടുത്താത്ത പൊലീസ് കൂട്ടുപ്രതിയായ യുവതിയെ കേസിൽ നിന്നൊഴിവാക്കി.

മല്ലപ്പള്ളി ആനിക്കാട് തടത്തിൽ രാജേഷ് (29) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിജയുടെ കാമുകൻ തണ്ണിത്തോട് പുത്തൻവീട്ടിൽ റബീഷി(32)നെ മാത്രമാണ് ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സുനിജയും റബീഷും ചേർന്ന് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലായിരുന്നു കൊലപാതകം. ലോകത്തുള്ള സകലമാന കേസുകൾക്കും ക്രിമിനൽ ഗൂഢാലോചന എന്ന വകുപ്പ് ചേർക്കുന്ന പൊലീസ് ഇവിടെ സുനിജയെ ചോദ്യംചെയ്ത ശേഷം ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ 25 ന് വൈകിട്ട് കക്കാട്ടാറ്റിൽ പെരുനാട് പൊട്ടന്മൂഴി ഭാഗത്താണ് രാജേഷിന്റെ മൃതദേഹം കണ്ടത്. കോന്നി തണ്ണിത്തോട്ടിൽ വാടകയ്ക്ക്
താമസിച്ച് അവിടെ വെൽഡിങ് വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ. സുനിജയും റബീഷുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. രാജേഷിന്റെ മദ്യപാനശീലം മുതലെടുത്ത് അയാളുമായി സൗഹൃദം സ്ഥാപിച്ചാണ് റബീഷ് സുനിജയിലേക്ക് അടുത്തത്. ഈ വിവരം രാജേഷ് അറിഞ്ഞിരുന്നില്ല. സ്ഥിരം മദ്യപാനിയായ രാജേഷ് ആകട്ടെ പതിവായി മദ്യപിച്ച് എത്തി സുനിജയെ മർദിച്ചിരുന്നു. ഈ വിവരം റബീഷിനോട് സുനിജ പറഞ്ഞു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കക്കാട്ടാറ്റിൽ അജ്ഞാത മൃതദേഹം കണ്ട ദിവസം തന്റെ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് സുനിജ തണ്ണിത്തോട് പൊലീസിൽ പരാതി
നൽകിയിരുന്നു. പൊലീസ് ഇവരെ സ്ഥലത്ത് വിളിച്ചു വരുത്തി മൃതദേഹം കാണിച്ചെങ്കിലും ആളിതല്ല എന്ന നിലപാടിയലായിരുന്നു സുനിജ. രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും മൃതദേഹം തിരിച്ചറിയുകയും ചെയ്തു. സ്വന്തം ഭർത്താവിന്റെ മൃതദേഹം കണ്ടിട്ട് തിരിച്ചറിഞ്ഞില്ല എന്ന് ഭാര്യ പറഞ്ഞതാണ് പൊലീസിന് സംശയത്തിന് ഇട നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊട്ടന്മൂഴിയിൽ രാജേഷ് എത്തിയത് റബീഷിനോടൊപ്പമാണെന്നു കണ്ടെത്തി. സുനിജയേയും റബീഷിനേയും ഒന്നിച്ചും പ്രത്യേകിച്ചും നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റകൃത്യം തെളിഞ്ഞു. ചൂണ്ടയിടാൻ എന്ന പേരിലാണ് രാജേഷിനേയും കൂട്ടി റബീഷ് പൊട്ടന്മൂഴിയിൽ എത്തിയത്. അമിതമായി രാജേഷിന് മദ്യം നൽകുകയും ചെയ്തു. മദ്യപിച്ച് ലക്കുകെട്ടു നിന്ന രാജേഷിനെ റബീഷ് കക്കാട്ടാറ്റിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ഇയാൾ വിളിച്ചത് സുനിജയെയാണ്.

രാജേഷിനെ കൊന്നുവെന്നും വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശം കൊടുത്തു. ഈ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചതു കൊണ്ടാണ് സുനിജ മൃതദേഹം തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞതും പൊലീസിന് കേസ് തെളിയിക്കാനായതും. ഈ കഥ പൊലീസ് പറയുന്നതാണ്. എന്നാൽ, യഥാർഥ സംഭവം ഇതല്ലെന്നാണ് രാജേഷിന്റെ ആറുവയസുള്ള മകന്റെ മൊഴി തെളിയിക്കുന്നത്. ബന്ധുക്കളും അതു തന്നെ പറയുന്നു. സ്ഥിരമായി വീട്ടിൽ വരാറുള്ളയാളാണ് റബീഷ് എന്നാണ് രാജേഷിന്റെ മകൻ പൊലീസിനോട് പറഞ്ഞത്.

രാജേഷ് മരിച്ചുവെന്നു കരുതുന്ന ദിവസം റബീഷും സുനിജയും ചേർന്ന് അയാളെ മർദിച്ച് അവശനാക്കിയെന്നും ഒടുവിൽ റബീഷിന്റെ മാരുതി ഓമ്നി വാനിൽ എടുത്തിട്ടു കൊണ്ട് പോയി എന്നുമാണ് കുട്ടിയുടെ മൊഴി. പൊലീസ് ഇത് രേഖപ്പെടുത്തിയിട്ടില്ല. അമ്മാവന്റെ മകനായ
റബീഷുമായി സുനിജയുടെ ബന്ധം തുടങ്ങിയിട്ട് ഏറെ നാളായി. റബീഷും വിവാഹിതനാണ്. ജോലിക്ക് പോകുന്ന രാജേഷ് ഇടയ്ക്കിടെ വീട്ടിൽ എത്താറുണ്ട്. ഇത് സുനിജയ്ക്ക് ഇഷ്ടമായിരുന്നില്ല. രാജേഷിനെ സുനിജ മർദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകത്തിൽ മുഴുനീളെ പങ്കുണ്ടായിരുന്നിട്ടും സുനിജയെ അറസ്റ്റ് ചെയ്യാതെ ഒഴിവാക്കിയത് പൊലീസിന്റെ ഒത്തുകളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.