ചെറുതെങ്കിലും തിളങ്ങുന്ന വേഷങ്ങളിലൂടെ നമ്മുടെ ഹൃദയത്തിൽ കയറിക്കൂടിയ നടിയാണ് സോന നായർ. സിനിമയിലെത്തി വർഷങ്ങളായെങ്കിലും ആരോപണങ്ങൾക്കൊന്നും ഇടം നൽകാതെ തന്റേതായ വഴിയിലൂടെയാണ് സോനാ നായർ സഞ്ചരിക്കുന്നത്. എന്നാൽ അടുത്തിടെയായി സോഷ്യൽ മീഡിയ നടിയെ കടന്നാക്രമിച്ചിരിക്കുകയാണ്. സോനാ നായർ അഭിനയം നിർത്തന്നുവെന്ന വാർത്തയാണ് ഇതിൽ ഏറ്റവും പ്രധാനമായി പ്രചരിക്കുന്ന വാർത്ത. 25 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന സോനാനായർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മംഗളം വാരികയ്ക്ക്‌ നല്കിയ അഭിമുഖത്തിൽ രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.

അഭിനയം നിർത്തുവെന്ന വാർത്ത ഒരു പണിയില്ലാത്തവർ സോഷ്യൽ മീഡിയ വഴി പടച്ച് വിട്ട് വാർത്തയാണെന്നാണ് നടി പറയുന്നത്.സെലിബ്രിറ്റികളുടെ പേരിൽ വാർത്തകൾ ഉണ്ടാക്കിയാൽ അതിന് പ്രേക്ഷകർ ഏറും. പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി.

സെലിബ്രിറ്റിയായിട്ടുള്ള ഏതെങ്കിലും പുരുഷന്റെ അശ്ലീലചിത്രം ഫേസ്‌ബുക്കിൽ വരുന്നില്ലെന്നും, അപ്പോൾ അതിന്റെ പിന്നിലുള്ളത് ചില ഞരമ്പ് രോഗികളാണെന്നും നടി പറയുന്നു. ഞരമ്പുരോഗികളുടെ ആവശ്യം സ്ത്രീയെ മോശമായി ചിത്രീകരിച്ച് അതിൽ സായൂജ്യം അടയുക എന്നാതാണെന്നും സോന കൂട്ടിച്ചേർത്തു.ഫേസ്‌ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ എങ്ങനെയൊക്കെ മോശമാക്കാം എന്നതിനെപ്പറ്റി ഗവേഷണം തന്നെ നടത്തുകയാണ് ചിലരെന്നാണ് നടിയുടെ അഭിപ്രായം.

കൂടാതെ സമൂഹത്തിന് ഒരു സന്ദേശവും നൽകാത്ത കെട്ടുകഥകളുടെ ലോകത്തു കൂടി സഞ്ചരിക്കുന്ന സീരിയലുകളിലെ അഭിനയം ഉപേക്ഷിച്ചെന്നും നടി അഭിമുഖത്തിൽ പറയുന്നു.

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു...

അഭിനയം നിർത്തുന്നു എന്ന സോഷ്യൽ മീഡിയയുടെ വാർത്തയ്ക്കു പിന്നിലെ യാഥാർത്ഥ്യം?

സീരിയൽ അഭിനയം നിർത്തുന്നു എന്നാണ് പറഞ്ഞത്. സിനിമയിൽ തുടർന്നും അഭിനയിക്കും. ഏത് വിരുതനാണ് ഇത്തരത്തിൽ ഒരു വാർത്ത അണിയിച്ചൊരുക്കിയത് എന്നറിയില്ല. അല്ലെങ്കിൽ തന്നെ പണിയില്ലാത്ത കുറേ പേർക്ക് സോഷ്യൽ മീഡിയകളിൽ ഇത്തരം വാർത്തകൾ സൃഷ്ടിക്കുകയാണല്ലോ പുതിയ ജോലി.

സെലിബ്രിറ്റികളുടെ പേരിൽ വാർത്തകൾ ഉണ്ടാക്കിയാൽ അതിന് പ്രേക്ഷകർ ഏറും. പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി. ഫേസ്‌ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ എങ്ങനെയൊക്കെ മോശമാക്കാം എന്നതിനെപ്പറ്റി ഗവേഷണം തന്നെ നടത്തുകയാണ് ചിലർ.

സെലിബ്രിറ്റിയായിട്ടുള്ള ഏതെങ്കിലും പുരുഷന്റെ അശ്ലീലചിത്രം ഫേസ്‌ബുക്കിൽ വരുന്നുണ്ടോ? അപ്പോൾ ഇതുണ്ടാക്കുന്ന ഞരമ്പുരോഗികളുടെ ആവശ്യം സ്ത്രീയെ മോശമായി ചിത്രീകരിച്ച് അതിൽ സായൂജ്യം അടയുക എന്നാണ്.

എന്നെപ്പറ്റി ഒരുപാട് മോശം കാര്യങ്ങളാണ് ഫേസ്‌ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഞാനതിനെ മൈൻഡ് ചെയ്യാറില്ല. നമ്മൾ പ്രതികരിക്കാൻ പോകുമ്പോൾ അല്ലേ വിവാദങ്ങൾ ഉണ്ടാകുന്നത്.നമ്മൾ എന്തെങ്കിലും തെറ്റു ചെയ്തതുകൊണ്ടാണ് പ്രതികരിച്ചത് എന്നാകും പിന്നീട്. അതിനെ അതിന്റെ വഴിക്ക് വിട്ടാൽ ഇതു ചെയ്യുന്നവൻ കുറച്ചുനാൾ കഴിഞ്ഞ് മടുത്തിട്ട് തനിയെ ഇതങ്ങ് ഉപേക്ഷിക്കും.

എനിക്ക് ബോധ്യപ്പെടുത്തേണ്ടത് എന്റെ വീട്ടുകാരേയും നാട്ടുകാരേയും പ്രേക്ഷകരേയും ആണ്. അവർക്കെന്നെ അറിയാം. പിന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത്. അതുകൊണ്ട് എന്നെപ്പറ്റി ഇറങ്ങുന്ന സോഷ്യൽ മീഡിയ വാർത്തകൾ വിശ്വസിക്കരുത് എന്നു മാത്രമാണ് പറയാനുള്ളത്.

സീരിയൽ അഭിനയം ഉപേക്ഷിച്ചതിനു പിന്നിൽ?
സമൂഹത്തിലുണ്ടായ മാറ്റം സീരിയലിലും ഉണ്ടായതാണ് ഒന്നാമത്തെ കാരണം. സമൂഹത്തിന് ഒരു സന്ദേശവും നൽകാത്ത കെട്ടുകഥകളുടെ ലോകത്തു കൂടിയാണ് ഇന്നത്തെ സീരിയലുകളുടെ പോക്ക്.

നമുക്ക് സിനിമയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പുതിയ ലൊക്കേഷനിൽ, പുതിയ കഥാപാത്രങ്ങളിൽ, സംവിധായകനിൽ നിന്നും ഒക്കെ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കുകയാണ്. എന്നാൽ സീരിയലിൽ എന്നും ഒരേ കഥാപാത്രങ്ങൾ. അതും രണ്ടും മൂന്നും വർഷം നമ്മൾ ആ കഥാപാത്രമായി തന്നെ നിൽക്കണം. പിന്നെ എന്നും ഒരേ ലൊക്കേഷൻ.

പുതിയതായി അതിൽ നിന്നും ഒന്നും പഠിക്കാനില്ല. രണ്ടു മണിക്കൂർകൊണ്ട് സിനിമയിൽ പറയാവുന്ന ഒരു വിഷയമായിരിക്കും രണ്ടു വർഷം കൊണ്ട് സീരിയലിൽ പറയുന്നത്. സീരിയലിൽ ദിവസവും നമ്മുടെ ഒരേ മുഖം തന്നെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ,തിയറ്ററിൽ നമ്മുടെ ഒരു സിനിമ കാണാൻ പോയാൽ നമ്മൾ ചെയ്ത കഥാപാത്രത്തെ സ്വീകരിക്കില്ല.

അവരുടെ മനസ്സിൽ അന്നേരവും വരുന്നത് സീരിയൽ കഥാപാത്രത്തിന്റെ മുഖമായിരിക്കും. അതുകൊണ്ട് സീരിയൽ അഭിനയം പൂർണമായും ഉപേക്ഷിച്ച് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

സ്ത്രീകൾക്കെതിരെ കൂടി വരുന്ന ലൈംഗിക അക്രമങ്ങളെ സോന എങ്ങനെയാണ് നോക്കിക്കാണുന്നത്?

പണ്ടു മുതലേ പുരുഷാധിപത്യത്തിന്റെ ഇരകളാണ് സ്ത്രീകൾ. മാറു മറയ്ക്കാൻ അവകാശം ഇല്ലാതിരുന്ന കാലംതൊട്ടേ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇപ്പോൾ മീഡിയകളുടെ എണ്ണം കൂടിയപ്പോൾ അത്തരത്തിലുള്ള വാർത്തകൾ പുറംലോകം അറിഞ്ഞുതുടങ്ങി എന്നതാണ് വാസ്തവം.

നമ്മുടെ കുടുംബാന്തരീക്ഷത്തിൽ നിന്നാണ് ഇങ്ങനെയുള്ള ജന്മങ്ങൾ പിറവിയെടുക്കുന്നത്. മോശം അന്തരീക്ഷത്തിൽ ജനിക്കുന്ന ഒരു പുരുഷൻ എല്ലാ കാര്യത്തിലും സമൂഹത്തിൽ മോശമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. പണ്ട് കൂട്ടുകുടുംബങ്ങളിൽ ജീവിക്കുമ്പോൾ സെക്‌സിന് സ്വീകാര്യത കുറവായിരുന്നു.

അന്നത്തെ അക്രമങ്ങളെ അടിച്ചമർത്തപ്പെട്ടവന്റെ വികാരം എന്നു വേണമെങ്കിൽ പറയാം. എന്നാൽ അണുകുടുംബങ്ങൾ വന്നപ്പോൾ സെക്‌സിന് വേണ്ടത്ര സ്വീകാര്യത കിട്ടി. എന്നിട്ടും അവൻ സ്ത്രീകളെ അക്രമിക്കാൻ തുനിഞ്ഞാൽ അവന് കാര്യമായ എന്തോ കുഴപ്പമുണ്ട് എന്നാണ് അർത്ഥം.

ഇതിന് മാറ്റം വരാനായി ചെറുപ്പത്തിൽ തന്നെ സെക്‌സ് വിദ്യാഭ്യാസം നൽകണമെന്ന് വാദിക്കുന്ന ഒരു കൂട്ടരുണ്ട്. പക്ഷേ അത് പഠിപ്പിക്കാൻ വരുന്ന ടീച്ചറെ ആ ക്ലാസിൽ ഇരിക്കുന്ന കുട്ടി കയറി പിടിക്കില്ല എന്ന് ആരു കണ്ടു. അങ്ങനെയുള്ള നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെങ്കിൽ പുരുഷാധിപത്യം തന്നെ ഇല്ലാതാകണം.

സ്ത്രീകൾക്ക് സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നു കേൾക്കുന്നുണ്ട്.?

എനിക്ക് അത്തരത്തിൽ ഒരനുഭവം ഉണ്ടായിട്ടില്ല. സിനിമാ മേഖലയിൽ ആരെങ്കിലും ഇതുവരെ ബലാത്സംഗത്തിന് ഇരയായി എന്നു കേൾക്കുന്നുണ്ടോ.അപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ പലതും രഹസ്യമായി സംഭവിക്കുന്നതാണ്. സ്ത്രീ വാതിൽ തുറന്നു കൊടുക്കുന്നതുകൊണ്ടാകാം പുരുഷൻ അകത്തുകയറുന്നത്.

തുറക്കാതിരുന്നാൽ ആ പ്രശ്‌നം ഉണ്ടാകുമോ? ഇത്തരം വാർത്തകൾ ഉണ്ടാകുമോ? അപ്പോൾ തുറന്നുകൊടുക്കുന്നവർക്ക് സ്വീകരണം ഏറ്റു വാങ്ങാനെത്തുന്നവരെ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകാം. എന്തായാലും ഇത്രയും വർഷമായിട്ടും എനിക്ക് ആരിൽ നിന്നും അത്തരത്തിലൊരു മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ല.

എങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തിയത്?
സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പ്രാർത്ഥന പാടുന്ന ടീമിൽ അംഗമായിരുന്നു. റ്റി.പി. ബാലഗോപാലൻ എന്ന സിനിമയുടെ ചിത്രീകരണം നടന്നത് ഞാൻ പഠിക്കുന്ന സ്‌കൂളിൽ ആയിരുന്നു. അതിൽ സ്‌കൂളിൽ പ്രാർത്ഥന നടക്കുന്ന ഒരു രംഗമുണ്ട്.

ഞങ്ങൾ സ്‌കൂളിൽ പാടുന്നവർ തന്നെയാണ് ആ രംഗത്ത് അഭിനയിച്ചിരിക്കുന്നത്. അതിൽ ക്യാമറാമാൻ ആയിരുന്ന വിപിന്മോഹൻ സാർ ആണ് ആദ്യമായി എന്റെ മുഖത്തേക്ക് ക്യാമറ വയ്ക്കുന്നത്.

പിന്നീട് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലേക്ക് അവസരം കിട്ടി. അതിൽ കുഞ്ഞുപെങ്ങളുടെ വേഷമായിരുന്നു എനിക്ക്. ചേട്ടനായി ഗണേശ് ചേട്ടൻ. പുള്ളിക്കാരൻ എന്റെ ചെവിക്കിട്ട് കിഴുക്ക് തരുന്ന ഒരു രംഗമായിരുന്നു ആദ്യ ഷോട്ട്. അങ്ങനെ ആ കിഴുക്കും മേടിച്ച് സീരിയലിലും സിനിമയിലും ഞാൻ സജീവമായി.

കുടുംബം?
ക്യാമറാമാനായ ഉദയൻ അമ്പാടിയെ ആണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്. കുറെയധികം സിനിമകളിൽ ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം നേരത്തെ അമൃതാ ടി.വി.യുടെ ക്യാമറാ വിഭാഗത്തിന്റെ തലവനായിരുന്നു. ഇപ്പോൾ സഖി ചാനലിന്റെ ടെക്‌നിക്കൽ മേധാവിയാണ്. അദ്ദേഹം ഈ ഫീൽഡിൽ തന്നെയുള്ള ആളായതുകൊണ്ട് എനിക്ക് നല്ല പിൻതുണ തരുന്നുണ്ട്.
1996ൽ ആയിരുന്നു വിവാഹം. ഒരു വർക്കിനിടയിൽ കണ്ട് പരിചയപ്പെട്ട് പിന്നീട് പ്രേമമായി വീട്ടുകാരുടെ അനുഗ്രഹത്തോടു കൂടിയായിരുന്നു വിവാഹം.

ഇപ്പോൾ 19 വർഷമാകുന്നു ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട്. ദൈവം ഞങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നു. പക്ഷേ ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം മാത്രം തന്നില്ല. ട്രീന്റുമെന്റുകൾ പലതും നടക്കുന്നുണ്ട്.എല്ലാം ശരിയായി വരുന്ന സമയത്തായിരിക്കും വീണ്ടും എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നത്. അങ്ങനെ ഒരുപാട് പ്രാവശ്യം നിരാശപ്പെടേണ്ടി വന്നിട്ടുണ്ട്. ഈ സങ്കടം ദൈവം കാണുന്നുണ്ടാവും.

അതിന് പരിഹാരവും അദ്ദേഹം നിശ്ചയിച്ചിട്ടുണ്ടാവാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അതിനോടൊപ്പം മറ്റൊരു ആഗ്രഹം കൂടി മനസ്സിൽ ഉണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് ഒരു ചിത്രത്തിൽ അഭിനയിക്കണം. ഈ രണ്ട് ആഗ്രഹങ്ങളും ദൈവം സാധിച്ചുതരുമെന്ന് വിശ്വസിക്കുന്നു.

കാപാലിക

സോഷ്യൽ മീഡിയ എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത് കാപാലിക എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു. അതിൽ ഞാൻ അഭിനയിച്ച ഒരു രംഗത്തിന്റെ ഒരു സ്റ്റിൽ ഫോട്ടോ കാണിച്ചിട്ട് പല വൃത്തികെട്ട കമന്റുകളും എഴുതി.കാപാലിക എന്നത് എൻ.എൻ.പിള്ള സാറിന്റെ ഏറ്റവും ശക്തമായ രചനയായിരുന്നു.

പണ്ട് കാപാലിക എന്ന നാടകം ഒരുപാട് വേദികൾ കീഴടക്കിയിട്ടുള്ളതാണ്. ഞാനതിൽ ചെയ്തത് ഒരു വേശ്യയുടെ കഥാപാത്രമാണ്. ആ സിനിമയിൽ കഥാപാത്രം ആവശ്യപ്പെടുന്നതുകൊണ്ടാണ് ആ പോസിൽ ഫോട്ടോയ്ക്കുവേണ്ടി ഷൂട്ട് ചെയ്തത്. എന്നാൽ അഭിനയം ഒരു തൊഴിലാണ് എന്നുപോലും ചിന്തിക്കാതെയാണ് എന്നെ അപമാനിച്ചത്. ഇങ്ങനെ ചെയ്യുന്നവർ ഒന്നാലോചിക്കണം.

എനിക്കും ഒരു കുടുംബമുണ്ടെന്ന്.താൽക്കാലിക മനസുഖത്തിനുവേണ്ടി ഇങ്ങനെയുള്ള പോസ്റ്റ് പടച്ചു വിടുന്നവർ സ്വന്തം കുടുംബത്തിലെ ആർക്കെങ്കിലും ഈ ഗതി വന്നാലേ അതിന്റെ വിഷമം എന്തെന്ന് പഠിക്കൂ.