സെലിബ്രേറ്റികളെ കണാൻ എന്ത് സൗന്ദര്യമാ... നമ്മൾ എത്ര മേക്ക് അപ്പ് ചെയ്താലും അതു പോലെ ആവില്ല. മിക്ക പെൺകുട്ടികളുടെയും ഏറ്റവും വലിയ ദുഃഖം ഇതാണ്. മണിക്കൂറുകൾ കണ്ണാടിക്കു മുൻപിൽ ചെലവിട്ടാലും അത്രയ്ക്കങ്ങട് പോരാ എന്ന്. സാധാരണ പെൺകുട്ടികൾക്ക് വേണ്ടി സെലിബ്രേറ്റികളുടെ ബ്യൂട്ടി ടിപ്‌സ് എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി സോനം കപൂർ.

സൗന്ദര്യം മെയിന്റെയിൻ ചെയ്യാൻ സോനം ചെയ്യുന്നതൊക്കെ കേട്ടാൽ ആരും ഞെട്ടും. ഓരോ തവണ പുറത്ത് പോകുമ്പോഴും 90 മിനിറ്റാണ് സോനം മേക്കപ്പിനായി ചിലവഴിക്കുന്നത്. മുടിയിലും, മുഖത്തും, നഖങ്ങളിലും വരെ മേക്കപ്പ് ഇടാൻ മൂന്നു മുതൽ ആറുവരെ ആളുകളാണ് സോനത്തിന് ഉള്ളത്. എല്ലാ ആഴ്ചയിലും ഞാൻ പുരികങ്ങൾ ത്രെഡ് ചെയ്യാറുണ്ടെന്നും സോനം പറയുന്നു.

എല്ലാ ദിവസവും ഞാൻ രാവിലെ ആറു മണിക്ക് ഉണരും. 7.30ന് ജിമ്മിലെത്തും. ദിനംപ്രതി 90 മിനിറ്റ് വ്യായാമത്തിനായി ചിലവഴിക്കാറുണ്ട്. ചിലപ്പോൾ വൈകുന്നേരങ്ങളിലും വ്യായാമം ചെയ്യാറുണ്ട്. ഞാൻ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്ന് തീരുമാനിക്കുന്നത് മറ്റൊരാളുടെ ജോലിയാണ്.

എന്റെ ഭക്ഷണത്തിൽ ഉള്ളതിനേക്കാൾ സാധനങ്ങൾ ഫേയ്‌സ് പാക്കിലാണ് ഉള്ളത്. എനിക്ക് ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാൻ ഒന്നിലധികം ആളുകളുണ്ട്. അതിനെല്ലാം ശേഷവും ഞാൻ അത്രസുന്ദരിയൊന്നും അല്ല ഫോട്ടോഷോപ്പിലെ മിനുക്ക് പണികളാണ് പിന്നെ എന്നെ സുന്ദരിയാക്കുന്നത്.

നിരവധി ആളുകളുടെ അധ്വാനം, ഒരുപാട് പണം, അതിലേറെ സമയം അതാണ് ഒരു സെലിബ്രിറ്റിയെ സുന്ദരിയാക്കുന്നത്. നിങ്ങൾ സുന്ദരിയെന്ന് പറയുന്ന ഒരോരുത്തരുടെയും പിന്നിൽ ഇതൊക്കെയാണ് നടക്കുന്നത്. ഇതൊന്നുമല്ല നിങ്ങൾ ആഗ്രഹിക്കേണ്ടത്. നിങ്ങൾ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുക. ആകർഷകമായി ഇരിക്കാനും സന്തോഷത്തോടെ ജീവിക്കാനും ആഗ്രഹിക്കുക.

13 വയസ്സുകാരിയായ ഒരു പെൺകുട്ടി അതി സുന്ദരിയായി ഒരു മാഗസിന്റെ കവർ പേജിൽ കാണുമ്പോൾ അവളെ അംഗീകരിക്കുക. അവൾ എത്രത്തോളം സുന്ദരി ആയിരിക്കുന്നെന്ന് അവളോട് പറയുക. അവളുടെ പുഞ്ചിരിയെ പുകഴ്‌ത്തുക.