ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ എത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പു പറഞ്ഞത് പോലെ, ബാബരി മസ്ജിദ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് രംഗത്ത്. പഞ്ചാബിലെ കോൺഗ്രസ് നേതാവ് ചരൺ സിങ് സാപ്രയാണ് ഇത്തരമൊരു ചോദ്യം പ്രധാനമന്ത്രിക്ക് നേരെ ഉന്നയിച്ചത്.

ബ്ലൂസ്റ്റാർ സൈനിക നടപടിയുടെയും സിഖ് വിരുദ്ധ കലാപത്തിന്റെയും പേരിൽ കോൺഗ്രസിനെ എതിർക്കുന്ന ബിജെപിയോടാണ് ദേശീയ ചാനൽ ന്യൂസ്18 സംഘടിപ്പിച്ച ചർച്ചാ പരിപാടിക്കിടെ ചരൺസിങ് ചോദ്യം ഉന്നയിച്ചത്. സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ സംഭവിച്ച തെറ്റിന് കഴിഞ്ഞ 33 വർഷമായി കോൺഗ്രസിനെ ബിജെപി കുറ്റപ്പെടുത്തുന്നു. 1992ൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് ശേഷം രാജ്യത്ത് വൻ കലാപമുണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഈ വിഷയത്തിൽ നരേന്ദ്ര മോദി ഡൽഹിയിലെ ജുംആ മസ്ജിദ് സന്ദർശിച്ച് മാപ്പ് പറയുമോ ഫസാപ്ര ചോദിച്ചു.

1984ൽ സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷന് ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിലേക്ക് നയിച്ചത്. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ ധാരുണയന്ത്യം. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി സുവർണ ക്ഷേത്രം സന്ദർശിക്കുകയും 1984ൽ നടന്ന സംഭവങ്ങളിൽ മാധ്യമങ്ങളെ സാക്ഷി നിർത്തി മാപ്പു പറയുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും പാർലമന്റെിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.

കോൺഗ്രസ് നേതാക്കൾ കാണിച്ച മാന്യത കാണിക്കാൻ ബിജെപി നേതാക്കൾ തയ്യാറുണ്ടോ എന്ന ചോദ്യമാണ് ചരൺ സിങ് ഉന്നയിച്ചത്. അതേസമയം, ചരൺ സിങ്ങിന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത് വന്നു. കലാപം കുത്തിപ്പൊക്കി ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഷാ പ്രതികരിച്ചു. ദേശവിരുദ്ധ സംഘടനയിൽ നിന്നും പണം കൈപ്പറ്റിയ ഉന പ്രക്ഷോഭത്തിന്റെ നേതാവ് ജിഗ്‌നേഷ് മേവാനിയുമായി കോൺഗ്രസ് കൂട്ടുകൂടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകുകയും ചെയ്തത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.