തൃശൂർ/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വികാരനിർഭരമായ പ്രസംഗത്തിലൂടെ സോണിയ ഗാന്ധിയുടെ മറുപടി. ഇന്ത്യയാണ് എന്റെ രാജ്യം. എന്റെ പ്രിയപ്പെട്ടവരുടെ ചോര വീണ മണ്ണാണിത്. ഇവിടെത്തന്നെ എന്റെ ചിതാഭസ്മവും ചേരണമെന്നും തിരുവനന്തപുരത്തു നടത്തിയ പ്രസംഗത്തിൽ സോണിയ പറഞ്ഞു.

ഇന്ത്യയോടുള്ള എന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാനാകില്ല. 48 വർഷം ജീവിച്ചത് ഇവിടെയാണ്. ഇറ്റലിയിൽ ജനിച്ചതിന്റെ പേരിൽ ആർഎസ്എസ് വേട്ടയാടുകയാണെന്നും സോണിയ വ്യക്തമാക്കി.

മതനിരപേക്ഷമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ ബിജെപിയെ അക്കൗണ്ടു തുറക്കാൻ അനുവദിക്കരുതെന്നും സോണിയ വ്യക്തമാക്കി. ഇന്നു തൃശൂരിലും തിരുവനന്തപുരത്തുമായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ സംസാരിക്കുകയായിരുന്നു സോണിയ.

മതേതര പുരോഗമന മൂല്യങ്ങളുടെ തിളക്കമാർന്ന ഉദാഹരണമാണ് കേരളം. എന്നാൽ ഇവ ആർഎസ്എസിന്റെയും ബിജെപിയുടെയും ആസൂത്രിത ആക്രമണത്തിന് വിധേയമായിരിക്കുകയാണ്. കേരളത്തിന്റെ മതേതര മൂല്യം തകർക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി കേരളാ ജനത നേരിടണമെന്നും സോണിയ പറഞ്ഞു.

ഇടതുപക്ഷത്തെയും രൂക്ഷമായ ഭാഷയിലാണു സോണിയ ആക്രമിച്ചത്. കേരളത്തിൽ ഇടതുപക്ഷം വികസന വിരുദ്ധ നയമാണ് പിന്തുടരുന്നത്. എൽഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തെ പിന്നോട്ടടിപ്പിക്കും. മദ്യനയത്തിൽ അവർക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

അഞ്ച് വർഷം സമാനതകളില്ലാത്ത വികസനമാണ് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയത്. കേരളത്തിലെ വികസനം പല സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ടെന്നും സോണിയ അവകാശപ്പെട്ടു. ജിഷയുടെ കൊലപാതകികളെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരും. തന്റെ ഹൃദയം ജിഷയക്കൊപ്പമാണെന്നും സോണിയ പറഞ്ഞു. കേരളത്തിന്റ വനിതാ ക്ഷേമ പ്രവർത്തനങ്ങൾ മാതൃകയാണ് എന്നാൽ കേന്ദ്ര ഗവൺമെന്റ് ഇതിനുള്ള ഫണ്ട് വെട്ടിക്കുറച്ച് പദ്ധതികളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു. ലോകം ചുറ്റിക്കറങ്ങുന്ന മോദിക്ക് രാജ്യത്തെ കർഷകരെക്കുറിച്ച് ഒന്നും സംസാരിക്കാനില്ല. കേരളം ഉന്നയിച്ച റബർ കർഷകരുടേയും നാളികേര കർഷകരുടേയും പ്രശ്നങ്ങൾക്ക് നേരം മോദി മുഖം തിരിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി.

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ തെളിവാണ് അരുണാചലിലും മറ്റുമുണ്ടായതെന്നും സോണിയ പറഞ്ഞു.