ന്യൂഡൽഹി: രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷ പദം രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 47 വയസുകാരനായ മകൻ രാഹുലിനാണ് വഴിമാറി കൊടുക്കുന്നത്. 2013 മുതൽ രാഹുൽ കോൺഗ്രസ് ഉപാധ്യക്ഷ പദവി വഹിച്ചു വരികയായിരുന്നു.

തന്റെ റോൾ ഇനി വിരമിക്കുക എന്നതാണെന്നും കോൺഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998-ൽ സീതാറാം കേസരിയുടെ പിൻഗാമിയായാണ് സോണിയ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. സോണിയയുടെ കീഴിൽ രണ്ടു തവണ കോൺഗ്രസ് യുപിഎ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയിരുന്നു. ദേശീയ ഉപദേശക സമിതിയുടെയും യുപിഎയുടെയും അധ്യക്ഷ പദവിയും അക്കാലത്ത് സോണിയയാണ് അലങ്കരിച്ചിരുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തുറ്റ വനിതയായി രണ്ട് പതിറ്റാണ്ടായി തുടരുന്ന വ്യക്തിത്വമാണ് സോണിയ ഗാന്ധി. ഉയർച്ചയും താഴ്‌ച്ചയും കണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സോണിയ ചുമതലയേറ്റിട്ട് 19 വർഷം തികഞ്ഞു. 131 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തുടർച്ചയായി 19 വർഷം അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. സോണിയക്ക് മുമ്പ് പാർട്ടിയിലുണ്ടായിരുന്ന വമ്പന്മാർക്കൊന്നും കഴിയാത്തത് സോണിയ ഗാന്ധിക്ക് സാധിച്ചു.

1998 മുതൽ 19 വർഷമായി സോണിയയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചു വരുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത് പുതിയ റെക്കോഡാണ്. പത്ത് വർഷത്തോളം യുപിഎയും സോണിയയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി വിവാദങ്ങളും ഈ കാലയളവിൽ സോണിയ നേരിട്ടു. ഫോർബ്‌സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ലോകത്തിലെ 'ഏറ്റവും സ്വാധീന ശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തായിരുന്നു.

19 വർഷത്തോളം പാർട്ടിയെ നയിച്ചതിന് ശേഷമാണ് സോണിയ സ്ഥാനമൊഴിയുന്നത്. ആനി ബസന്റ്, സരോജിനി നായിഡു, ഇന്ദിരാ ഗാന്ധി, എന്നിവർക്ക് പിന്നാലെയെത്തുന്ന നാലാമത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ സ്ത്രീയായിരുന്നു സോണിയ. അധികാരത്തിന്റെ കടിഞ്ഞാണ് ഏന്തിയ സോണിയ മകൻ രാഹുൽ ഗാന്ധിക്ക് ബാറ്റൺ കൈമാറി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുകയാണ്.