- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിൽ നിന്നും മകനിലേക്കുള്ള അധികാര കൈമാറ്റം സുഗമമാക്കാൻ താൽക്കാലികമായി എത്തിയ സോണിയ ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായ നേതാവായി മാറി; സുവർണ സിംഹാസനം വേണ്ടെന്ന് വച്ച് കോൺഗ്രസിനെ സർവനാശത്തിൽ നിന്നും രക്ഷിച്ച പ്രസിഡന്റായി ചരിത്രത്തിൽ തുടരും; ഇറ്റലിക്കാരിയായ ഒരു സാധാരണ പെൺകുട്ടി ഇന്ത്യയിലെ കരുത്തുള്ള നേതാവായി രണ്ട് പതിറ്റാണ്ട് വാണത് മുത്തശ്ശിക്കഥ പോലെ അവിശ്വസനീയം
ന്യൂഡൽഹി: ഇന്നലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അതിലുപരി ഇന്ത്യയുടെയും ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിനമാണ് കടന്ന് പോയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി യശശ്ശരീരനായ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പുത്രൻ രാഹുൽ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി കിരീടധാരണം നടത്തിയ ദിനം. ഭർത്താവായ രാജീവ് ഗാന്ധി അപ്രതീക്ഷിതമായി പൊലിഞ്ഞ് പോയപ്പോൾ താൽക്കാലികമായി കോൺഗ്രസിന്റെ ചുക്കാൻ ഏറ്റെടുത്ത സോണിയക്ക് പിന്നീട് രണ്ട് പതിറ്റാണ്ടോളം ആ സ്ഥാനത്ത് തുടരാനായിരുന്നു നിയോഗം. സോണിയാ ഗാന്ധി എന്നാൽ ഇറ്റലിക്കാരിയായ അന്റോണിയ ആൽബിന മെയ്‌നോ. ഫോബ്‌സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇറ്റലിയിൽ നിന്നെത്തി ഇന്ത്യയുടെ മനസ്സ് കവർന്ന വ്യക്തി. നരസിംഹ റാവു സർക്കാരിന് ശേഷം കോൺഗ്രസിന്റെ ശക്തിക്ഷയിച്ചു. എബി വാജ്‌പേയ് അധികാരത്തിലെത്തി. ഇതോടെയാണ് സോണിയ കോൺഗ്രസിന്റെ നേതാവായത്. വാജ്‌പേയിയുടെ വ്യക്തി മികവിനിടെയിലും ജനങ്ങളുടെ വിശ്വാസ്യത കോൺഗ്രസിലേക
ന്യൂഡൽഹി: ഇന്നലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അതിലുപരി ഇന്ത്യയുടെയും ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിനമാണ് കടന്ന് പോയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി യശശ്ശരീരനായ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പുത്രൻ രാഹുൽ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി കിരീടധാരണം നടത്തിയ ദിനം. ഭർത്താവായ രാജീവ് ഗാന്ധി അപ്രതീക്ഷിതമായി പൊലിഞ്ഞ് പോയപ്പോൾ താൽക്കാലികമായി കോൺഗ്രസിന്റെ ചുക്കാൻ ഏറ്റെടുത്ത സോണിയക്ക് പിന്നീട് രണ്ട് പതിറ്റാണ്ടോളം ആ സ്ഥാനത്ത് തുടരാനായിരുന്നു നിയോഗം.
സോണിയാ ഗാന്ധി എന്നാൽ ഇറ്റലിക്കാരിയായ അന്റോണിയ ആൽബിന മെയ്‌നോ. ഫോബ്‌സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇറ്റലിയിൽ നിന്നെത്തി ഇന്ത്യയുടെ മനസ്സ് കവർന്ന വ്യക്തി. നരസിംഹ റാവു സർക്കാരിന് ശേഷം കോൺഗ്രസിന്റെ ശക്തിക്ഷയിച്ചു. എബി വാജ്‌പേയ് അധികാരത്തിലെത്തി.
ഇതോടെയാണ് സോണിയ കോൺഗ്രസിന്റെ നേതാവായത്. വാജ്‌പേയിയുടെ വ്യക്തി മികവിനിടെയിലും ജനങ്ങളുടെ വിശ്വാസ്യത കോൺഗ്രസിലേക്ക് സോണിയ തിരിച്ചെത്തിച്ചു. മന്മോഹനെ പ്രധാനമന്ത്രിയാക്കിയ മാജിക്കിലൂടെ പത്തുകൊല്ലം അധികാരത്തിൽ. ഘടകക്ഷികളുടെ അഴിമതിയിൽ മുങ്ങി യുപിഎ തകർന്നടിഞ്ഞപ്പോഴും കോൺഗ്രസിലെ അവസാന വാക്കായി സോണിയ മാറി. ഒടുവിൽ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നത് തിരിച്ചറിഞ്ഞ് മകന് അധികാരം കൈമാറി.
കോൺഗ്രസെന്ന മഹാപ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സോണിയ തന്നിൽ ചരിത്രം ഏൽപ്പിച്ച മഹാദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഭർത്താവിൽ നിന്നും മകനിലേക്കുള്ള അധികാരകൈമാറ്റം സുഗമമാക്കാൻ താൽക്കാലികമായി എത്തിയ സോണിയ കോൺഗ്രസിന്റെ നാൾവഴികളിൽ മറ്റാർക്കും കുറിക്കാൻ സാധിക്കാത്ത ചരിത്രമാണ് രചിച്ചിരിക്കുന്നത്. അതായത് ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരിക്കാൻ സാധിച്ച ആദ്യത്തെ വ്യക്തിയെന്ന ബഹുമതി സോണിയക്ക് സ്വന്തം.
താൻ അധികാരത്തിലിരുന്ന കാലത്ത് വെറുമൊരു കോൺഗ്രസ് പ്രസിഡന്റ് മാത്രമായിരുന്നില്ല സോണിയ എന്നതും അവരെ വ്യത്യസ്തയാക്കുന്നുണ്ട്. തന്റെ ചിട്ടയായ പ്രവർത്തനത്താൽ കോൺഗ്രസിനെ സർവനാശത്തിൽ നിന്നും കരകയറ്റി ഇന്ദിരാഗാന്ധിക്ക് ശേഷം ശക്തമായി പാർട്ടിയെ അധികാരസോപാനങ്ങളിലെത്തിച്ചപ്പോഴും ആരെയും മോഹിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുവർണസിംഹാസനം ത്യാഗബുദ്ധിയോടെ മന്മോഹൻസിംഗിന് വച്ചൊഴിഞ്ഞ് കൊടുത്ത് ബിജെപിയടക്കമുള്ള എതിരാളികളുടെ വായടപ്പിക്കാൻ മാത്രം മനോബലമുണ്ടായ വനിതാ നേതാവാണവർ. ഇറ്റലിക്കാരിയായ സോണിയ എന്ന സാധാരണ പെൺകുട്ടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും കരുത്തുള്ള നേതാവായി രണ്ട് പതിറ്റാണ്ട് വാണത് മുത്തശ്ശിക്കഥ പോലെ അവിശ്വസനീയമാണ്.
താൻ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ വെറും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലിരുന്ന കോൺഗ്രസിനെ കരുത്ത് വീണ്ടെടുത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചപ്പോൾ തന്നെ സോണിയയുടെ നേതൃത്വപാടവവും ആജ്ഞാശക്തിയും ഇന്ത്യയ്ക്ക് ബോധിച്ചിരുന്നു. സോണിയുടെ കാലത്ത് കോൺഗ്രസ് മന്മോഹനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് രണ്ട് ടേമുകളിൽ തുടർച്ചയായി പത്ത് വർഷമായിരുന്നു കോൺഗ്രസ് ഭരിച്ചത്. ഇതിന് പുറമെ 24 സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അവർ അധികാരത്തിലേറ്റുകയും ചെയ്തു.
രാജീവിന്റെ മരണശേഷം വ്യത്യസ്ത ഗ്രൂപ്പുകളും നേതാക്കളുമായി വിഘടിച്ച് നിന്നിരുന്ന കോൺഗ്രസിനെ തന്റെ ആജ്ഞാ ശക്തിയാലും നേതൃത്വപാടവത്താലും ഒന്നിച്ച് നിർത്തി ഒരു ദശാബ്ദക്കാലം ഇന്ത്യ ഭരിച്ചുവെന്നതാണ് സോണിയയെ അതുല്യയാക്കുന്നത്. അക്ഷരാർത്ഥത്തിൽ രാജീവ് തീർത്ത വിടവ് സോണിയ നികത്തുകയായിരുന്നു. വിദേശിക്ക് ഇന്ത്യയിൽ എന്ത് കാര്യമെന്ന ആരോപണം ഉയർത്തി സോണിയയെ ബിജെപി തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടും യുപിഎ എന്ന കൂട്ട് കക്ഷി മുന്നണിയിലൂടെ കോൺഗ്രസിനെ അധികാരത്തിലേറ്റാൻ സോണിയക്ക് സാധിച്ചു.
മന്മോഹനായിരുന്നു പ്രധാനമന്ത്രിയെങ്കിലും സോണിയയുടെ നേതൃത്വത്തിലുള്ള നാഷണൽ അഡൈ്വസറി കൗൺസിലിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു ഒരു ദശാബ്ദക്കാലം യുപിഎ ഗവൺമെന്റ് ഇന്ത്യയെ നയിച്ചിരുന്നത്. സാധാരണക്കാരന്റെ പുരോഗതിക്ക് വേണ്ടി പലവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ യുപിഎക്ക് ഇക്കാര്യത്തിൽ വഴികാട്ടുന്നതിൽ സോണിയ നിർണായകമായ പങ്കാണ് വഹിച്ചത്.
അതുവഴി വിമർശകരുടെ വായടപ്പിച്ച് സാധാരണക്കാരുടെ മനസിൽ ചേക്കേറാനും ഈ വിദേശവനിതക്ക് സാധിച്ചു. പാവപ്പെട്ടവന്റെ പാർട്ടിയെന്ന ഇമേജ് ഇതിലൂടെ കോൺഗ്രസിന് നേടിക്കൊടുക്കാനും രാജീവിന്റെ വിധവയ്ക്ക് സാധിച്ചുവെന്നതാണ് വാസ്തവം.എന്നാൽ രണ്ടാം യുപിഎ ഗവൺമെന്റിലുണ്ടായ പടലപ്പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഫലപ്രദമായി ഇല്ലാതാക്കി വിജയം ആവർത്തിക്കാൻ സോണിക്ക് സാധിച്ചില്ലെന്നത് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സാധിച്ചില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബ ിജെപിയുടെ തരംഗത്തിൽ പിടിച്ച് നിൽക്കാനാവാതെ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റ് വാങ്ങുകയും ചെയ്തു.
എന്നിട്ടും സോണിയയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നത് അവരുടെ വ്യക്തിപ്രഭാവത്തിന് മാറ്റ് കൂട്ടുന്നു. ഇപ്പോഴുള്ള അധികാരകൈമാറ്റവും ആരും അവരുടെ മേൽ ചെലുത്തിയ സമ്മർദത്തിൽ നിന്നുണ്ടായതല്ല. അധികാരം രാഹുലിന് കൈമാറുകയെന്നത് അവർ സ്വയം എടുത്ത തീരുമാനമായിരുന്നു. രാഹുൽ കഴിവ് കുറഞ്ഞയാളാണെന്നും രാഷ്ട്രീയത്തിൽ തിളങ്ങാനാവില്ലെന്നും സമീപകാലം വരെ ആരോപണങ്ങൾ ശക്തമായിരുന്നു. എന്നാൽ സമീപകാലത്ത് അദ്ദേഹം ബിജെപിക്കെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ വിജയകരമായി നടത്തി ജനകീയനായത് കോൺഗ്രസിന്റെ ചുക്കാൻ അദ്ദേഹത്തിലേക്കെത്തുന്നത് സുഗമമാക്കി.
പുതിയ ചില ആശയങ്ങളിലൂടെ പാർട്ടിയെ പുതകാലത്തിന് യോജിച്ച വണ്ണം മാറ്റിയെടുക്കാൻ അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾ പരക്കെ സ്വീകരിക്കപ്പെടുകയായിരുന്നു. ഇന്നലെ പ്രൗഢഗംഭീരമായ ചടങ്ങളിൽ വച്ച് തികച്ചും വികാരനിർഭരയായി പ്രസംഗിച്ചാണ് സോണിയ കോൺഗ്രസിന്റെ കിരീടവും തലപ്പാവും മകന് കൈമാറിയിരിക്കുന്നത്. ഇതോടെ മതേതര ഇന്ത്യയുടെ പ്രതീക്ഷകൾ രാഹുലെന്ന ഭാവി പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റി വാനോളമുയർന്നിരിക്കുകയുമാണ്. തന്റെ പുതിയ സ്ഥാനം രാഹുലിൽ കടുത്ത ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന മഹാദൗത്യമാണ് രാഹുലിൽ കാലം കെട്ടിയേൽപ്പിച്ചിരിക്കുന്നത്. അതിനായി മതേതര ഇന്ത്യ കാത്ത് കാത്തിരിക്കുന്നുമുണ്ട്. എല്ലാ വിധ പിന്തുണയുമായി അമ്മയുടെ ഉപദേശം മകനൊപ്പമുണ്ട്.