- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിദ്ദുവിനടക്കം കസേര തെറിച്ചു; അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ; പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനെന്ന് പ്രതികരണം
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ കർശന നടപടികളുമായി കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു.
പുറത്താക്കപ്പെട്ടവരിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും ഉൾപ്പെടും. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് ആം ആദ്മിയോട് പരാജയം സമ്മതിക്കേണ്ടി വന്നെങ്കിൽ തിരിച്ചുവരവു പ്രതീക്ഷിച്ച മറ്റു നാലു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരു വെല്ലുവിളിയുമുയർത്താൻ കോൺഗ്രസിനായില്ല.
കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുമെന്നും സംഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് അധികാരമുണ്ടെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വാക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണംനിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷൻ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരൺജിത് സിങ് ചന്നി അടക്കമുള്ളവർ തോൽക്കുകയുണ്ടായിരുന്നു.
സാഹചര്യങ്ങൾ അനുകൂലമായിട്ടും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടതും പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. യുപിയിൽ മത്സരിച്ച 399 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 387 പേർക്കും കെട്ടിവെച്ച പണം നഷ്ടമായി. സീറ്റുകളുടെ എണ്ണത്തിൽ മാത്രമല്ല വോട്ടു വിഹിതത്തിലും ദയനീയമാണ് കോൺഗ്രസ് പ്രകടനം.
പഞ്ചാബ് അടക്കം നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് നേതൃത്വം കടക്കുന്നത്. തോൽവിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികൾക്ക് കൃത്യമായ മറുപടി നൽകുകയാണ് പാർട്ടിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.
അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരാനാണ് കഴിഞ്ഞ ദിവസം തീരുമാനമായത്. കോൺഗ്രസിന്റെ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങൾ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിയുടെ നിലവിലെ പോക്കിനെ വിമർശിക്കുന്ന ജി23 സംഘം നേതൃത്വമാറ്റം ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇന്ത്യയുടെ ജനവിധി നിർണയിക്കുന്നതിൽ ഹിന്ദി ഹൃദയഭൂമിക്കുള്ള പങ്ക് നിർണായകമാണ്. ഹിന്ദി ഹൃദയഭൂമിയിൽ വിജയിക്കുന്നവർ അധികാരത്തിലേറും എന്നാണ് വിശ്വാസം. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമായില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് രണ്ടാം നരേന്ദ്ര മോദി തരംഗത്തിന് മുന്നിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ഏക ആശ്വാസം പഞ്ചാബ് ആയിരുന്നു. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിൽ എട്ടെണ്ണം കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കി.
എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ, കോൺഗ്രസിന് പഞ്ചാബ് നഷ്ടപ്പെട്ടു. മുൻനിര നേതാക്കൾ പോലും പരാജയം ഏറ്റുവാങ്ങി. അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കപ്പെട്ട ക്യാപ്റ്റൻ തന്റെ പുതിയ പാർട്ടിയിൽ നിന്ന് മത്സരിച്ചപ്പോൾ പട്യാലയിൽ അദ്ദേഹവും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ദളിത് തുറുപ്പുചീട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത് സിങ് ചന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും പരാജയം ഏറ്റുവാങ്ങിയിരുന്നു.




