ന്യൂഡൽഹി: ആരാണ് സോണിയ ഗാന്ധി? എന്താണ് സോണിയ ഗാന്ധി? പതിനെട്ട് വർഷം മുമ്പ് ഇന്ത്യ ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയുടെ പേര് ഉയർന്നുവന്നപ്പോഴാണ് ഈ ചോദ്യം വന്നത്. ഇറ്റലിക്കാരിയായ മദാമ്മ ഇന്ത്യയെ ഭരിക്കേണ്ടെന്ന് പറഞ്ഞ് എതിർപ്പുയർത്തിയത് ബിജെപിയിലെ മുതിർന്ന നേതാക്കളായിരുന്നു. സോണിയ പാർട്ടി അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരത്പവാറിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടിവിട്ട് പുറത്തുപോകുന്ന അവസ്ഥയുമുണ്ടായി. അന്ന് കോൺഗ്രസ് ഭരിക്കുന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു. ഇപ്പോൾ മകനെ ബാറ്റൺ ഏൽപ്പിച്ച് സോണിയ പടിയിറങ്ങുമ്പോഴും കോൺഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്.

ഇറ്റലിക്കാരിയായ അന്റോണിയ ആൽബിന മെയ്‌നോ ഇന്ത്യയുടെ മരുമകളായതും ഒരു സിൻട്രല്ലാ കഥപോലെയാണ്. ശക്തയായ ഇന്ദിരയുടെ മരുമകളായി എത്തിയ അവർ കോൺഗ്രസുകാരുടെ പ്രിയപ്പെട്ട സോണിയ ഗാന്ധിയായി. രാജ്യത്ത് ഏറ്റവും വലിയ ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്ന നേതാവായി. അതിവേഗം ഇന്ത്യയെ ലോകത്തിന് മുന്നിൽ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ സാധാരണക്കാരുടെ നേതാവായി സോണിയ വളർന്ന കഥ ഇങ്ങനയാണ്:

ഇറ്റലിക്കാരി ഇന്ത്യയുടെ മരുമകളായി

ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. സോണിയയുടെ സഹോദരിമാർ അടക്കമുള്ളവർ ഇപ്പോഴും ഒർബസ്സാനോയിൽ ജീവിക്കുന്നു.

1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തിയത്. കേംബ്രിഡ്ജിലെ ഈ പഠനമാണ് സോണിയ ഗാന്ധിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. കാമ്പസിൽ സർട്ടിഫികേറ്റ് കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. ഈ പ്രണയം അതിവേഗം വളർന്നു. അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങാത്ത യുവാവ് മാത്രമായിരുന്നു രാജീവ്. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ത്യയുടെ മരുമകളായി.

രാജീവിന്റെ മരണത്തോടെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക്

1991 മെയ് 21 അം തിയതി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാൽ, അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1998-ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999-ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു, എന്നാൽ സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിക്കുകയും ചെയ്തു.

സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വർഷത്തേയ്ക്കു സോണിയ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്, തുടങ്ങിയവ സോണിയയുടെ എതിർകക്ഷികൾ, പ്രത്യേകിച്ചും ബിജെപി, ശക്തമായ പ്രചാരണായുധമാക്കിയപ്പോൾ, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താൻ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നൽകി.

മന്മോഹൻ സിങ്ങനെ പ്രധാനമന്ത്രിയാക്കി ഭരണം നിയന്ത്രിച്ചു

പ്രധാനമന്ത്രിയാകുന്നതിനോ പാർലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന് എൻ.ഡി.എ യിലെ പ്രമുഖ നേതാക്കൾ പലരും, പ്രത്യേകിച്ചും സുബ്രഹ്മണ്യം സ്വാമിയും, സുഷമാ സ്വരാജും ആരോപിച്ചു. 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ അഞ്ചാം ഖണ്ഡം ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. എന്നാൽ സുപ്രീം കോടതിയിൽ ഈ കേസ് തള്ളിപ്പോവുകയാണുണ്ടായത്. കൂടാതെ , താൻ കേംബ്രിഡ്ജ് സർവകലാശാല ബിരുദധാരി ആണെന്നു സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചു ഫയൽ ചെയ്ത കേസും സുപ്രീം കോടതി തള്ളികളഞ്ഞു.

മെയ് 18-ആം തീയതി, സാമ്പത്തിക വിദഗ്ദ്ധനായ മന്മോഹൻ സിംഗിനെ സോണിയാ പ്രധാനമന്ത്രി സ്ഥാനത്തെയ്ക്കു നാമനിർദ്ദേശം ചെയ്തു. നരസിംഹറാവു ഗവണ്മെന്റിൽ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിങ്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അമരക്കാരനായി കരുതപ്പെടുന്നു. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതും, സോണിയയുമായി കാത്തു സൂക്ഷിച്ചു പോന്നിരുന്ന നല്ല ബന്ധവും, സിംഗിന് അനുകൂല ഘടകങ്ങളായി. ഇതോടെ തുടർച്ചയായി രണ്ട് തവണ യുപിഎ അധികാരത്തിൽ എത്തി.

പത്തുവർഷത്തെ യുപിഎ ഭരണത്തിൽ സോണിയാ ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനകൾ, നെഹ്റുവിയൻ സെക്കുലറിസത്തെ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ടയിലേക്ക് തിരികെ കൊണ്ടു വന്നു എന്നതും നിയോ-ലിബറൽ സാമ്പത്തിക നയങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിനെ മിതപ്പെടുത്തി എന്നതുമാണ്. യുപിഎ സർക്കാർ കൊണ്ടുവന്ന നിർണായക നിയമങ്ങളായ വിവരാവകാശ നിയമ (RTI) ത്തിനും ദേശീയ തൊഴിലുറപ്പു പദ്ധതി (MNREG) ക്കും പിന്നിലുണ്ടായിരുന്ന പ്രധാന ശക്തികേന്ദ്രവും അവർ അധ്യക്ഷയായ NAC തന്നെയായിരുന്നു.

രണ്ടാം യുപിഎ സർക്കാരിനെ അടിമുടി വിഴുങ്ങിയ അഴിമതിയിൽ അവർ കാഴ്ചക്കാരിയായി നിന്നതാണ് സോണിയ ഗാന്ധിയിലെ നേതാവിന്റെ പ്രധാന പരാജയം. സോണിയാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുമ്പോൾ ആരും തന്നെ അവർ കോൺഗ്രസിനെ ഏറ്റവും അധികം കാലം നയിക്കുന്ന നേതാവാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ, ആ റെക്കോർഡ് തന്റെ പേരിൽ കുറിച്ചാണ് സോണിയ മകൻ രാഹുലിന് ബാറ്റൺ കൈമറായതി.