ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെങ്കിലും കോൺഗ്രസിനെ ചലിപ്പിക്കാൻ തക്കവണ്ണമുള്ള നീക്കം നടത്താൻ കെൽപ്പുള്ള നേതാവ് താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ ചടുല നീക്കങ്ങളാണ് കോൺഗ്രസിന് പ്രതീക്ഷ പോയ കർണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിത്. ഗോവയിൽ ബിജെപി കളിച്ച അതേകളി തന്നെ കോൺഗ്രസ് കർണാടകത്തിൽ പയറ്റുന്നു. ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോൺഗ്രസായിരുന്നു. എന്നാൽ, അവിടെ കേന്ദ്രത്തിന്റെ ഇടപെടലോടെ സർക്കാറുണ്ടാക്കാൻ ബിജെപിയെ ക്ഷണിക്കുകയാണ് ഗവർണർ ചെയ്തത്. കർണാടകത്തിൽ സമാന തന്ത്രങ്ങൾ കോൺഗ്രസ് മെനഞ്ഞെങ്കിലും ഗവർണറുടെ തീരുമാനം നിർണായകമാകും.

ഇന്ന് ഉച്ചക്ക് ശേഷമാണ് ബിജെപി ചടുല നീക്കങ്ങളുമായി രംഗത്തെതത്തിയത്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ജെഡിഎസ് കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക് നീങ്ങുമെന്ന പ്രതീതി നിലവിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ നീക്കങ്ങൾ സോണിയ ഇടപെട്ടതോടെയാണ്. സോണിയ തന്നെ നേരിട്ട് ദേവഗൗഡയെ ഫോണിൽ വിളിച്ച് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനം നൽകുകയായിരുന്നു.

അതേസമയം കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന് ഒപ്പം കോൺഗ്രസും മന്ത്രിസഭയിൽ പങ്കാളിയാകാൻ തയ്യാറാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിലെ ഫോർമുല പ്രകാരം മുഖ്യമന്ത്രിസ്ഥാനം ജനതാദൾ സംസ്ഥാനാധ്യക്ഷൻ കുമാരസ്വാമിക്ക് കോൺഗ്രസ് വിട്ടു നൽകും. പകരം ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന ലഭിചച്ചും. കൂടാതെ 20 മന്ത്രിമാരെയും നൽകും. കൂടാതെ ദളിന് 14 മന്ത്രിമാരെയും നൽകുമെന്നാണ് പ്രഖ്യാപനം. ആദ്യം പുറത്തുനിന്നുള്ള പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് അറിയിച്ചത്. എന്നാൽ, അതുപോരാ, സർക്കാരിൽ കോൺഗ്രസ് വേണമെന്നു ദേവെഗൗഡ വാദിക്കുകയായിരുന്നു. ഈ നീക്കം കോൺഗ്രസും അംഗീകരിക്കുകയായിരുന്നു.

അന്തിമ ഫലം വരുമ്പോൾ കോൺഗ്രസ് എംഎൽഎമാരുടെയും ജെഡിഎസ് എംഎൽഎമാരുടെയും പിന്തുണ അറിയിച്ചുള്ള കത്ത് ഗവർണർക്ക് കൈമാറും. അന്തിമ ഫലപ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ആരെയും കാണുകയുള്ളൂവെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ മുൻ സ്പീക്കർ കൂടിയായ വാജുഭായി വാലയുടെ തീരുമാനം അതുകൊണ്ട് നിർണായകമാകും. ഏറ്റവും വലിയെ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, ദളിനെ വലയിലാക്കാൻ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. ദളും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനം നൽകുമെന്ന സൂചനയുണ്ട്.

ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കർണാടകയിലേക്ക് എത്തിയിട്ടുണ്ട്. കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ സജീവം. ജനതാദൾ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റി അടർത്താൻ ബിജെപി ശ്രമിച്ചേക്കും. ജെഡിയു എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്തായാലും കേന്ദ്രത്തിൽ അധികാരമുണ്ട് എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മുൻതൂക്കം നൽകുന്നുണ്ട്. ഗവർണറെ മുൻനിർത്തി ബിജെപി നീക്കം നടത്തുമ്പോൾ തങ്ങളുടെ പക്ഷത്തു നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകാതെ സൂക്ഷിക്കുക എന്നതാണ് കോൺഗ്രസിനെയും ജെഡിഎസിനെയും സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യം.

നിലവിലെ കണക്കുകൾ പ്രകാരം 78 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 104 സീറ്റിലാണ് മുന്നിലുള്ളത്. 38 സീറ്റുകളിൽ ജെ ഡി എസും രണ്ട് സീറ്റിൽ സ്വതന്ത്രരുമാണ് മുന്നേറുന്നത്.