മുംബൈ: 2004 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം എന്തുകൊണ്ട് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി ആ സ്ഥാനം ഏറ്റെടുത്തില്ല? ഇന്ത്യയുടെ മരുമകളായെത്തിയ സോണിയ തനിക്കെതിരെ ഉയരാമായിരുന്ന വിമർശനങ്ങളെ ഭയന്നാണോ പിന്മാറിയത്? ചോദ്യങ്ങൽ പലതാണെങ്കിലും കൃത്യമായ ഒരുഉത്തരം സോണിയയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് അതുനൽകിയിരുക്കുകയാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷ.

മന്മോഹൻ സിങ്ങാണ് തന്നെക്കാൾ മികച്ച പ്രധാനമന്ത്രിയാവുകയെന്നു തനിക്ക് അറിയാമായിരുന്നുവെന്നു സോണിയ പറഞ്ഞു. 'എന്റെ പരിമിതികൾ എനിക്കറിയാമായിരുന്നു; അദ്ദേഹത്തിന്റെ മികവും, മുംബൈയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ അവർ വ്യക്തമാക്കി.

പാർട്ടി തീരുമാനിക്കുകയാണെങ്കിൽ 2019ൽ റായ്ബറേലിയിൽനിന്നു തന്നെ ലോക്‌സഭയിലേക്കു മൽസരിക്കുമെന്നും അവർ പറഞ്ഞുഎല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്തുകൊണ്ടുള്ള അടിച്ചമർത്തൽ ഭരണമാണു രാജ്യത്തു നിലവിലുള്ളതെന്നു സോണിയ ആരോപിച്ചു.ചരിത്രം മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഘടനതന്നെ മാറ്റിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പിന്നോട്ടാണു രാജ്യം സഞ്ചരിക്കുന്നത്. മുൻപ് ഇന്ത്യ വലിയൊരു തമോഗർത്തമായിരുന്നുവെന്നും 2014നു ശേഷമാണു പുരോഗതിയിലേക്കു കുതിക്കാൻ തുടങ്ങിയതെന്നുമാണു പ്രചരിപ്പിക്കുന്നത്. ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നതല്ലേ ഇത്തരം അസംബന്ധവാദങ്ങൾ സോണിയ ചോദിച്ചു. രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ഒട്ടേറെ കാര്യങ്ങൾ പ്രസംഗത്തിലും ചോദ്യോത്തര പരിപാടിയിലുമായി സോണിയ പങ്കുവച്ചു.

രാഹുൽ ഗാന്ധിക്ക് ഉപദേശങ്ങൾ നൽകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി: 'രാഹുലിന് ഉത്തരവാദിത്തങ്ങൾ അറിയാം. എന്റെ സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ ഇവിടെയുണ്ട്. അങ്ങോട്ട് ഉപദേശം നൽകേണ്ടതില്ല. മുതിർന്നവരോടൊപ്പം പുതുമുഖങ്ങളെയും കൊണ്ടുവന്നു പാർട്ടിയെ വളർത്തുകയാണു രാഹുലിന്റെ ലക്ഷ്യം.'വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടക്കുമ്പോൾ രാഹുൽ വിദേശത്തു പോയതിനെക്കുറിച്ച്: 'തിരഞ്ഞെടുപ്പു പ്രചാരണമെല്ലാം കഴിഞ്ഞു രാഹുൽ മുത്തശ്ശിയെ കാണാനാണു മൂന്നു ദിവസത്തേക്കു പോയത്.'

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച്: 'പ്രിയങ്ക ഇപ്പോൾ മക്കളുടെ കാര്യത്തിൽ വ്യാപൃതയാണ്. തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്. അല്ലെങ്കിലും ഭാവിയെക്കുറിച്ച് ആർക്കെന്തു പറയാനാകും.'കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്: 'എനിക്ക് ഇഷ്ടംപോലെ സമയം കിട്ടുന്നു; വായിക്കാനും സിനിമ കാണാനും ഒക്കെ. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധിക്ക് അയച്ച കത്തുകളും കുറിപ്പുകളുമൊക്കെ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണു ഞാൻ. എനിക്ക് ഏറെ വിലപ്പെട്ടതാണ് അവ.'

2014 ലെ പരാജയത്തെക്കുറിച്ച്: 'പല കാരണങ്ങളുണ്ട്. രണ്ടു തവണ തുടർച്ചയായി ഭരണത്തിലിരുന്നതിന്റെ വിരുദ്ധവികാരമുണ്ടായിരുന്നു. നരേന്ദ്ര മോദി നടത്തിയ പ്രചാരണ ബഹളത്തിനൊപ്പം പിടിച്ചുനിൽക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഞങ്ങളെ അവർ പിന്തള്ളി.'പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്: 'വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അടുത്തറിയില്ല. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാര്യങ്ങൾ നന്നായി പോയിരുന്നു, രാഷ്ട്രീയമായി ഞങ്ങൾ ബദ്ധവൈരികളായിരുന്നുവെങ്കിലും.'

മോദിക്ക് എന്ത് ഉപദേശം നൽകും എന്ന ചോദ്യത്തിന് മറുപടി: 'അദ്ദേഹത്തെ ഉപദേശിക്കാൻ ഞാൻ തുനിയുന്നില്ല, അതിന് അദ്ദേഹത്തിന് ഒരുപാട് ആളുകളുണ്ടല്ലോ.'2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച്: 'ജനങ്ങളോടു നുണ പറഞ്ഞും അസാധ്യമായ വാഗ്ദാനങ്ങൾ നൽകിയും മുന്നോട്ടുപോകാൻ കോൺഗ്രസിനു താൽപര്യമില്ല; വർഗീയാടിസ്ഥാനത്തിലുള്ള പ്രചാരണത്തിലും.'ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനങ്ങളെക്കുറിച്ച്: 'ഞങ്ങൾ മുൻപും ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. പക്ഷേ, അതു കൊട്ടിഘോഷിക്കാറുണ്ടായിരുന്നില്ലെന്നു മാത്രം.'

നെഹ്‌റു ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാൾ കോൺഗ്രസ് നേതൃത്വത്തിലെത്തുമോ എന്ന ചോദ്യത്തിനു മറുപടിയായി: 'എന്തുകൊണ്ടു പാടില്ല? ഭാവിയിൽ സംഭവിക്കാവുന്നതേയുള്ളൂ... ഇവിടെ എത്രയോ കോൺഗ്രസുകാർ ഇരിക്കുന്നുണ്ട്. അവരോടു ചോദിക്കൂ...'
രാഷ്ട്രീയസഖ്യ സാധ്യതയെക്കുറിച്ച്: 'സമാനമനസ്‌കരായ പാർട്ടികൾ പ്രാദേശികമായ താൽപര്യസംഘർഷങ്ങൾ മാറ്റിവച്ച് ഒരുമിച്ചു നിൽക്കണം. അതിനു പല തടസ്സങ്ങളുമുണ്ട്. പക്ഷേ, സാഹചര്യമാണു മനസ്സിലാക്കേണ്ടത്.'

യുപിഎയ്ക്ക് എതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച്: '2014 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വല്ലാതെ ഊതിപ്പെരുപ്പിച്ച അഴിമതിയാരോപണങ്ങളാണുണ്ടായത്. 2ജി സ്‌പെക്ട്രം ലേലം സംബന്ധിച്ച സിഎജിയുടെ റിപ്പോർട്ട് ഉൾപ്പെടെ. അയഥാർഥമായ അത്തരം കണക്കുകൾ ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആ റിപ്പോർട്ട് തയാറാക്കിയ ആൾക്ക് ഈ സർക്കാർ വലിയ പദവിയും നൽകി.'

അതേസമയം, സോണിയയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സോണിയ തന്നേക്കാൾ പ്രതിഭയുള്ള മന്മോഹന് വേണ്ടി ഒഴിഞ്ഞുമാറിയത് പോലെ രാഹുൽ ഗാന്ധിയും പദവി ഒഴിയുമോയെന്നാണ് ചോദ്യം ഉയരുന്നത്.