- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ; സോണിയ ഗാന്ധിയുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതു കൊറോണാനന്തര ബുദ്ധിമുട്ടുകൾ ഉണ്ടെന്ന സോണിയാഗാന്ധിയുടെ അഭ്യർത്ഥന പരിഗണിച്ച്; ആവശ്യമെങ്കിൽ ഇനിയും നോട്ടിസ് നൽകി വിളിപ്പിക്കുമെന്ന് ഇഡി
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു.മൂന്ന് മണിക്കൂറാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. കൊറോണ പിടിപെട്ടിരുന്നതിനാൽ നിലവിലെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് സോണിയയുടെ അഭ്യർത്ഥന പ്രകാരം ചോദ്യം ചെയ്യൽ അവസാനിപ്പിച്ചുവെന്നാണ് വിവരം.ആവശ്യമെങ്കിൽ ഇനിയും നോട്ടിസ് നൽകി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.
സെൻട്രൽ ഡൽഹിയിലെ എപിജെ അബ്ദുൾ കലാം റോഡിലുള്ള ഇഡിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയ്ക്ക് ശേഷം ഇസഡ് (z) കാറ്റഗറി സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ അവർ ചോദ്യം ചെയ്യലിനെത്തി. ഏകദേശം 12.30ഓടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.മകൾ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് സോണിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിയത്. കോൺഗ്രസ് എംപിമാർ കാൽനടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാർ മാത്രമാണ് പൊലീസ് കടത്തിവിട്ടത്.
ആദ്യമായിട്ടായിരുന്നു സോണിയ ഗാന്ധി ഒരു അന്വേഷണ സംഘത്തിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായത്.നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടന്നത്.
അതേസമയം ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞു. ഡൽഹി ശിവാജി ബ്രിജ് സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിലും ട്രെയിൻ തടഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
ഡൽഹി ഇഡി ഓഫിസിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ആസ്ഥാനത്തു പ്രതിഷേധിച്ച എംപിമാരെയും അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് ബാരിക്കേഡ് നിരത്തി അടച്ചിരുന്നു.സോണിയ ഗാന്ധിക്കു പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫിസിൽ മുദ്രാവാക്യം മുഴക്കി. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയിൽ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കാൻ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.
അതിനിടെ, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ നിർത്തിവച്ചു. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ്. ഇഡി ആസ്ഥാനത്തിനു മുന്നിൽ വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.
കോവിഡിനെ തുടർന്നുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസിൽ ഹാജരാകാമെന്നു സോണിയ ഗാന്ധി മറുപടി നൽകുകയായിരുന്നു.അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ക്രയവിക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തു എന്നാണ് ഇഡി കേസ്. കേസിൽ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ