- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യത
ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ തോൽവികൾ ശീലമാക്കിയ കോൺഗ്രസിലെ സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കാൻ വേണ്ടി ചേർന്ന ഉന്നതതല യോഗം കാര്യമായ നിർദ്ദേശങ്ങളില്ലാതെ പിരിഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം നേതാക്കൾ പതിവുപോലെ ഉയർത്തിയെങ്കിലും അദ്ദേഹം അതു നിരസിച്ചു. ഇതോടെ എന്നാൽ സോണിയാ ഗാന്ധി തന്നെ തുടരട്ടെ എന്ന നിലപാടുമായി പതിവൂപോലെ തന്നെയായി കാര്യങ്ങൾ. വിമതശബ്ദമുയർത്തിയ നേതാക്കളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനും തയ്യാറായില്ല.
സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് രാഹുൽ വീണ്ടും അധ്യക്ഷണനാകണമെന്ന ആവശ്യം ഉയർന്നത്. ഇത് അദ്ദേഹം തള്ളി. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. അഞ്ച് മണിക്കൂറാണ് പാർട്ടി ഉന്നതല യോഗം നടന്നത്. യോഗത്തിൽ ഹൈക്കമാൻഡ് നേതാക്കളും തിരുത്തൽവാദി നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടനാ പ്രശ്നങ്ങൾ തന്നെയാണ് യോഗത്തിൽ ചർച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോൽവി യോഗത്തിൽ ചർച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവെച്ചു.
ശക്തമായ നേതൃത്വമില്ലെങ്കിൽ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട് വെച്ചു. ഈ ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വീണ്ടും എത്തണം എന്ന ആവശ്യം നേതാക്കൾ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താൻ തൽക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. എന്നാൽ സോണിയ ഗാന്ധി തൽക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി. ചില അഴിച്ചു പണികൾ പാർട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാധ്യക്ഷന്മാരെ നിയമിച്ചേക്കാൻ സാധ്യതയുണ്ട്. എന്നാൽ തിരുത്തൽവാദി നേതാക്കൽ ഉന്നയിച്ച 11 നിർദ്ദേശത്തിൽ ചർച്ചയുണ്ടായില്ല.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കലാപക്കൊടി ഉയർത്തിയിരുന്നു. ഇവരെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ ഉടലെടുത്തത്. പാർട്ടിക്ക് ആത്മപരിശോധന നടത്താനുള്ള സമയമായെന്ന് മുതിർന്ന നേതാക്കളായ കപിൽ സിബൽ, പി. ചിദംബരം, ശശി തരൂർ തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ക്ക് ബദലാവാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കപിൽ സിബൽ വിമർശിച്ചിരുന്നു.
നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ദേശീയ അധ്യക്ഷൻ വേണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. രാഹുൽ ഗാന്ധി വീണ്ടുമെത്തുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം സന്നദ്ധനല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. എന്നാൽ, നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ വേണമെന്ന അഭിപ്രായമാണ് രാഹുലിനുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. പലമുതിർന്ന നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനം രാഹുൽ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ