ന്യൂഡൽഹി: ദിവസങ്ങളായി രാജ്യം കാത്തിരുന്ന പ്രസംഗമായിരുന്നു സോണിയാ ഗാന്ധിയുടേത്. 19 വർഷത്തെ കോൺഗ്രസ് അദ്ധ്യക്ഷ പദവി മകന് കൈമാറുമ്പോൾ സോണിയയ്ക്ക് പറയാനുള്ള വാക്കുകൾ കേൾക്കാൻ രാജ്യം ചെവിയോർത്തു. എന്നാൽ വർഷങ്ങളോളം തങ്ങളെ മുന്നിൽ നിന്നും നയിച്ച സോണിയാജി മൈക്കിനടുത്തെത്തിയപ്പോൾ വെടിയൊച്ചകൾ പൊട്ടി. കരിമരുന്ന് കലാപ്രകടനക്കാർ അന്തരീക്ഷം ശബ്ദമുഖരിതമാക്കിയപ്പോൾ സോണിയയ്ക്ക് പലവട്ടം പ്രസംഗം നിർത്തേണ്ടി വന്നു.

തനിക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞപ്പോൾ പാർട്ടി നേതാക്കളും മൈക്കിനടുത്തെത്തി അണികളോട് നിശബ്ദമാകാൻ അഭ്യർത്ഥിച്ചു. എന്നിട്ടും വാദ്യഘോഷങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദം ഉയർന്നതോടെ പ്രസംഗിക്കാൻ വയ്യെന്ന് പറഞ്ഞ് സോണിയ അൽപ്പ നേരം നിശബ്ദയായി. പിന്നീട് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും മകന്റെ സ്ഥാനാ രോഹണത്തെ കുറിച്ചും സോണിയ സംസാരിച്ചു തുടങ്ങി.

മകനെ രാഹുൽ ജി എന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗത്തിൽ കോൺഗ്രസിനെ മുന്നിൽ നിന്നും നയിക്കാൻ രാഹുലിന് കഴിയുമെന്ന് സോണിയ അഭിമാനത്തോടെ പറഞ്ഞു. ഇനി പുതിയ കാലത്തിന്റെ തുടക്കമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് പല നിയമ നിർമ്മാണത്തിന്റെയും ഭാഗമായതിൽ സന്തോഷം.

ഇന്ത്യയിൽ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസിൽ പുതിയ മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയുമെന്ന് പറഞ്ഞ സോണിയ ബിജെപിയേയും തന്റെ പ്രസംഗത്തിൽ വിമർശിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭീഷണി നേരിടുന്നു. ഇത് തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും സോണിയ പറഞ്ഞു. പ്രസംഗത്തിൽ അധികാരമേൽക്കുന്ന രാഹുലിനെ സോണിയ അഭിനന്ദിച്ചു. രാഹുലിന്റെ കുട്ടിക്കാലവും രാഷ്ട്രീയ ജീവിതവും രാഹുലിനെ ഒരു കരുത്തുറ്റ വ്യക്തിയാക്കി മാറ്റിയതായും സോണിയ പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷയായുള്ള അവസാന പ്രസംഗത്തിൽ പഴയകാലത്തെ ഓർത്തെടുക്കാനും സോണിയ മറന്നില്ല. സോണിയ തന്റെ അമ്മായിഅമ്മയായ ഇന്ദിരാ ഗാന്ധിയേയും ഭർത്താവും മുൻ പ്രധാന മന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയേയും ഓർമ്മിച്ചു. ഇന്ദിരാ ഗാന്ധി തന്നെ സ്വന്തം മകളെ പോലെയാണ് കണ്ടതെന്നും ഇന്ത്യയെ കുറിച്ച് കൂടുതൽ പഠിക്കാൻ അവർ സഹായിച്ചെന്നും സോണിയ പ്രസംഗത്തിൽ പറഞ്ഞു. പാർട്ടിയുടെ ശക്തികുറയുന്നതായി തനിക്ക് തോന്നി തുടങ്ങിയപ്പോൾ തന്നെ രാജ്യം ജാതിരാഷ്ട്രീയക്കാരുടെ കൈകളിലായി.